കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട് ലോക്‌സഭാമണ്ഡലത്തിൽനിന്ന് മത്സരിക്കാനെത്തിയതോടെ രാഷ്ട്രീയ എതിരാളികൾ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽഗാന്ധി അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് ഒളിച്ചോടുകയാണെന്നും അതല്ല, കേരളത്തിൽ ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിലൂടെ കോൺഗ്രസുതന്നെ ഉയർത്തിക്കൊണ്ടുവന്ന പ്രതിപക്ഷ ഐക്യത്തിന്‌ തുരങ്കംവെക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങൾ. എന്നാൽ, ദേശീയ നേതൃത്വമേറ്റെടുക്കാനുറപ്പിച്ച പ്രധാനമന്ത്രിസ്ഥാനാർഥി എന്നനിലയിൽ തന്റെ വിശ്വാസ്യത ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനുള്ള ഒരു ലളിതമായ നടപടിമാത്രമാണ് അദ്ദേഹമിവിടെ കൈക്കൊണ്ടതെന്നതാണ് ശരി.

ദക്ഷിണേന്ത്യയും കേന്ദ്രസർക്കാരിന്റെ അവഗണനയും

1947-ൽ സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യ ഉയർത്തിപ്പിടിച്ചുപോന്ന സഹകരണ ഫെഡറലിസം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാഹുൽഗാന്ധിയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിനുകീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരുമായുള്ള ബന്ധം നാൾക്കുനാൾ വഷളാവുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും രാജ്യത്തിന്റെ തെക്കുഭാഗങ്ങളിൽ ഏറെ പ്രിയമുള്ള മാംസത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്യുന്ന മോദി സർക്കാരിന്റെ ശ്രമങ്ങളാണ് ഭാഗികമായി ഇതിന് കാരണം. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തികസുരക്ഷയ്ക്കും മേഖലയെ പ്രതിനിധീകരിച്ചുള്ള കേന്ദ്രത്തിലെ രാഷ്ട്രീയസാന്നിധ്യത്തിന്റെ ഭാവിക്കും ഭീഷണിയാകുന്ന ഒട്ടേറെ പ്രശ്നങ്ങൾ അടുത്തകാലത്തുണ്ടായി.
15-ാം ധനകാര്യകമ്മിഷന്റെ ചട്ടങ്ങളിൽ മാറ്റംവരുത്താനും സംസ്ഥാനങ്ങൾക്ക് വരുമാനവിഹിതം നൽകാൻ 2011-ലെ സെൻസസ് ആധാരമാക്കാനും 2018 മേയിൽ ബി.ജെ.പി. സർക്കാരെടുത്ത തീരുമാനം (മുൻ ധനകാര്യകമ്മിഷനുകൾ ആധാരമാക്കിയിരുന്നത് 1971-ലെ സെൻസസായിരുന്നു) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുന്നതാണ്. 

2011-ലെ ജനസംഖ്യയനുസരിച്ച് വിഹിതം നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുണ്ടാക്കുകയും ജനസംഖ്യയിൽ വലിയ വളർച്ചയുണ്ടായിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ വൻ വർധനയുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 91-ാം ഭരണഘടനാഭേദഗതിയെയും ഈ തീരുമാനം ബാധിക്കും. ജനസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 25 വർഷത്തേക്ക് ലോക്‌സഭാസീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് മരവിപ്പിക്കാനുള്ള 2001-ലെ ഭേദഗതിയാണിത്. ജനസംഖ്യയിലുണ്ടാകുന്ന കുറവ് അതത് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ലോക്‌സഭാസീറ്റുകളുടെ എണ്ണത്തെ ബാധിക്കില്ലെന്നായിരുന്നു ഈ ഭേദഗതി ഉറപ്പുനൽകിയത്. ഇത്തരത്തിൽ ശ്രദ്ധാപൂർവം മറ്റ് സർക്കാരുകൾ സന്തുലനംപാലിച്ചുവന്ന ഈ സംവിധാനത്തെയാണ് മോദിസർക്കാർ അശ്രദ്ധയോടെ കൈകാര്യംചെയ്യുകയും 1971-ലെ സെൻസസിനുപകരം 2011 സെൻസസ് ആധാരമാക്കി വരുമാനവിഹിതം നൽകാനും തീരുമാനിച്ചത്. ഇതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

ഉത്തര-ദക്ഷിണ മേഖലകളുടെ മധ്യവർത്തി

രാജ്യത്തിനുള്ളിൽ ഉത്തര-ദക്ഷിണ മേഖലകൾ തമ്മിലുള്ള വിഭജനം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവർക്കിടയിൽ മധ്യവർത്തിയായിനിന്ന് പ്രശ്നം പരിഹരിക്കാമെന്ന രാഹുൽഗാന്ധിയുടെ ശക്തമായ സന്ദേശമെത്തുന്നത്. അതിനൊപ്പം തെക്കുനിന്നും വടക്കുനിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന സൂചനയുമാണ് അദ്ദേഹം നൽകുന്നത്. നരേന്ദ്രമോദിക്ക് ഇത്തരത്തിലൊന്ന് അവകാശപ്പെടാനാകുമോ? കേരളത്തിൽ ഒരു സീറ്റിൽ മത്സരിച്ച് ജയിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടോ? അമേഠിയിലും വയനാട്ടിലും രാഹുൽഗാന്ധി ജയിക്കുകയാണെങ്കിൽ (മറിച്ചാകാനുള്ള സാധ്യത വളരെ വിരളമാണ്) ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ജനപ്രീതിയുള്ള അപൂർവം നേതാക്കളിലൊരാളായി അദ്ദേഹം മാറും. ഏറ്റവും പ്രധാനമായി, തങ്ങളുടെ പിന്തുണയാൽ പാർലമെന്റിലേക്ക് ജയിച്ചുകയറിയ നേതാവ് തങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കില്ലെന്ന വിശ്വാസം ദക്ഷിണേന്ത്യക്കാരിലുണ്ടാകും. ‘ദക്ഷിണേന്ത്യ നരേന്ദ്രമോദിയുടെ ശത്രുതയാണ് അനുഭവിക്കുന്നതെങ്കിൽ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഞാനാഗ്രഹിക്കുന്നത്’ എന്നാണ് രാഹുൽഗാന്ധി പറഞ്ഞത്.

ഇരട്ടമണ്ഡലം ആദ്യമല്ല

വയനാട്ടിലെ സാഹചര്യം മുമ്പുമുണ്ടായതാണ്. 1980-ൽ റായ്ബറേലിക്കുപുറമേ ഇപ്പോൾ തെലങ്കാനയുടെ ഭാഗമായ മേദക്കിൽനിന്നും ഇന്ദിര മത്സരിച്ചു. 1999-ൽ സോണിയാഗാന്ധി അമേഠിയിലും കർണാടകയിലെ ബെല്ലാരിയിലും മത്സരിച്ചു. 

അമേഠിയിലെ ശക്തമായ മത്സരം ഭയന്ന് രാഹുൽ ഒളിച്ചോടിയെന്ന ബി.ജെ.പി. യുടെ ആരോപണം അല്പം കൂടുതലാണ്. അമേഠിയിൽ രാഹുലിന്റെ പ്രധാന എതിരാളിയായ സ്മൃതി ഇറാനിക്ക് തന്റെ 16 വർഷത്തെ രാഷ്ട്രീയജീവിതത്തിനുള്ളിൽ ഒരു തിരഞ്ഞെടുപ്പിൽപ്പോലും വിജയിക്കാനായിട്ടില്ല. തങ്ങളുടെതന്നെ പാർട്ടിയിൽനിന്നുള്ള നേതാക്കളും മുമ്പ്‌ ഒന്നിലധികം മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച്‌ വിജയിച്ചിട്ടുണ്ടെന്ന വസ്തുതയും അവർ സൗകര്യപൂർവം മറക്കുന്നു. 1957-ൽ വാജ്‌പേയി ഉത്തർപ്രദേശിലെ മൂന്ന് മണ്ഡലങ്ങളിൽനിന്നാണ് ജനവിധി തേടിയത്. ലഖ്‌നൗവിലും മഥുരയിലും ബൽറാംപുരിലും. ബൽറാംപുരിൽമാത്രമാണ് അദ്ദേഹത്തിന് വിജയിക്കാനായത്. 1991-ൽ എൽ.കെ. അദ്വാനി ന്യൂഡൽഹിയിൽനിന്നും ഗാന്ധിനഗറിൽനിന്നും മത്സരിച്ച് വിജയിച്ചു. എന്തിനേറെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും 2014-ലെ തിരഞ്ഞെടുപ്പിൽ വഡോദരയിൽനിന്നും വാരാണസിയിൽനിന്നും മത്സരിച്ചിരുന്നു. 

കോൺഗ്രസ് ആഗ്രഹിക്കുന്നത് ഒരൊറ്റ ഇന്ത്യ

കോൺഗ്രസ് അധ്യക്ഷനെന്നനിലയിൽ കോൺഗ്രസിന് ഒരൊറ്റ ഇന്ത്യയെന്ന ആശയത്തോടുള്ള ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കുകകൂടിയാണ് ദക്ഷിണേന്ത്യയിലെ സ്ഥാനാർഥിത്വത്തിലൂടെ രാഹുൽഗാന്ധി ചെയ്യുന്നത്. ഇന്ത്യയിലെ ചില വിഭാഗങ്ങൾക്ക് ആദ്യപരിഗണനയും മറ്റുള്ളവരെക്കുറിച്ച് തങ്ങൾക്ക് ആശങ്കയേയില്ലെന്നമട്ടിലുള്ള നിലവിലെ സർക്കാരിന്റെ നയങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്നതാണ് കോൺഗ്രസിന്റെ ആശയം. തമിഴ്‌നാടും കർണാടകയുമായി അതിർത്തിപങ്കിടുന്ന വയനാട് തിരഞ്ഞെടുത്തത് ദക്ഷിണേന്ത്യയിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേഖലയിൽ കൂടുതൽ ആവേശം കൈവരാനുമുള്ള തന്ത്രപരമായ തീരുമാനംകൂടിയാണ്.

ഇടതുപക്ഷം പിന്തുണയ്ക്കേണ്ടത് മതനിരപേക്ഷപാർട്ടിയെ

രാഹുൽ വെല്ലുവിളിക്കുന്നത് ഇടതുപക്ഷത്തെയാണെന്ന ആരോപണം കൗതുകകരമാണ്. പതിറ്റാണ്ടുകളായി കേരളത്തിൽ ഇടതും വലതും തിരഞ്ഞെടുപ്പിൽ നേർക്കുനേർ നിൽക്കുന്നവരാണ്. 2004-ൽ തിരഞ്ഞെടുപ്പിനുമുമ്പ്‌ യു.പി.എ.യ്ക്ക് പിന്തുണ നൽകുന്നതിന് ഇടതുപക്ഷത്തിന് ഇത് തടസ്സമായിരുന്നില്ല. പരസ്പരം മത്സരിക്കുന്നത് പ്രതിബന്ധം സൃഷ്ടിക്കുമെന്ന വാദം തെളിയിക്കാൻ ഒരു കാരണം പോലുമില്ല. എന്തൊക്കെയായാലും തിരഞ്ഞെടുപ്പിനുമുമ്പുള്ള കണക്കുകൂട്ടലുകളും തിരഞ്ഞെടുപ്പിന് ശേഷമുള്ളവയും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരിക്കും. ദേശീയതലത്തിൽ ഇടതുപക്ഷത്തിന് ബി.ജെ.പി.യോടുള്ളതിനെക്കാൾ വളരെക്കുറച്ച് ഭിന്നതകൾമാത്രമേ കോൺഗ്രസുമായുള്ളൂ. ബി.ജെ.പി. അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെങ്കിൽ സാമൂഹികനീതിയോട് പ്രതിബദ്ധതയുള്ള മതനിരപേക്ഷ പാർട്ടിയായ കോൺഗ്രസിന് പിന്തുണ നൽകുകയെന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടത്. 

Content Highligts: rahul gandhi-wayanad contest- shashi tharoor