2014-ലെ തിരഞ്ഞെടുപ്പിൽനിന്ന് പാഠം ഉൾക്കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാൻ പ്രതിപക്ഷപാർട്ടികൾ ഇക്കുറി തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. കൊൽക്കത്തയിലും ഡൽഹിയിലും ചേർന്ന  പ്രതിപക്ഷനേതാക്കളുടെ വിശാല യോഗങ്ങൾക്കപ്പുറം പാർലമെന്റിനകത്തും പുറത്തും പലഘട്ടങ്ങളിൽ ഒന്നിച്ചിരുന്ന് അവർ തന്ത്രങ്ങൾ മെനയുകയും ചെയ്തു. 2014-ലെ പോലെ ചിതറിയ പ്രതിപക്ഷമല്ല, ഇക്കുറി മോദിയെ നേരിടുകയെന്ന് നേതാക്കൾ അവകാശവാദങ്ങൾ ഉയർത്തി. തിരഞ്ഞെടുപ്പിനുമുമ്പ് ധാരണ, തിരഞ്ഞെടുപ്പിനുശേഷം സഖ്യം എന്ന മുദ്രാവാക്യവും ഉയർന്നു. എന്നാൽ, ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, മിക്ക സംസ്ഥാനങ്ങളിലും സഖ്യമോ ധാരണയോ രൂപവത്‌കരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

പ്രതിപക്ഷസഖ്യശ്രമങ്ങൾക്ക് ചുക്കാൻപിടിച്ച പ്രധാനനേതാക്കളുടെ സംസ്ഥാനങ്ങളിൽപ്പോലും പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന നിലയാണ്. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന്റെ ഒറ്റ സ്ഥാനാർഥിയേ മത്സരിക്കൂ എന്ന് ഉറപ്പുവരുത്തണമെന്നാണ് ഫെബ്രുവരിയിൽ ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനുമുമ്പ് ഇതിനായി പൊതുതന്ത്രങ്ങൾ രൂപവത്‌കരിക്കണമെന്നും തിരഞ്ഞെടുപ്പിനുശേഷം യു.പി.എ. ഭരണകാലത്തിന് സമാനമായി പൊതുമിനിമം പരിപാടി ആവിഷ്കരിക്കണമെന്നും ധാരണയുണ്ടാക്കി. എന്നാൽ, പുരോഗതിയുണ്ടായില്ല. പുൽവാമ, ബാലാകോട്ട് സംഭവങ്ങൾക്കുശേഷമുണ്ടായ പ്രത്യേക സാഹചര്യത്തിൽ പൊതുരാഷ്ട്രീയഅജൻഡ മുന്നിൽ െവച്ച് ഒരുമിച്ചിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്ക് കഴിഞ്ഞതുമില്ല. ഫലത്തിൽ, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുശേഷംപോലും പ്രതിപക്ഷകൂട്ടായ്മ രൂപപ്പെടുത്താൻ കാര്യമായ നീക്കങ്ങൾ ദേശീയരാഷ്ട്രീയത്തിൽ ഉണ്ടായില്ല.

 നേതാക്കളുടെ നാട്ടിലും പരസ്പരം പോര്

ഒന്നാം യു.പി.എ. രൂപവത്‌കരണകാലത്ത് സി.പി.എം. നേതാവായിരുന്ന ഹർകിഷൻസിങ് സുർജിത് മുൻകൈയെടുത്ത് രൂപവത്‌കരിച്ച വിശാലമായ പ്രതിപക്ഷ ഐക്യത്തിന് സമാനമായ ഐക്യനിരയാണ് ഇക്കുറി ദേശീയരാഷ്ട്രീയം പ്രതീക്ഷിച്ചത്. സുർജിതിന്റെ റോളിൽ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു സ്വയം രംഗപ്രവേശം നടത്തി. പ്രതിപക്ഷപാർട്ടികളെ ഒരു കുടക്കീഴിലാക്കാൻ പ്രയത്നം ആരംഭിച്ചു. സോണിയാഗാന്ധി മുതൽ ചെറുകിട പാർട്ടികളുടെ നേതാക്കളെവരെ നായിഡു നേരിൽ കണ്ട്‌ ചർച്ചകൾ നടത്തി. ടി.എം.സി. നേതാവ് മമതാ ബാനർജിയും നായിഡുവിന്റെ നീക്കങ്ങളെ പിന്തുണച്ച് മുൻനിര നീക്കങ്ങളിൽ സജീവമായി. ഇതോടെ, പ്രതിപക്ഷപാർട്ടികളിൽ ഐക്യത്തിന്റെ സൂചനകൾ ഉയരുകയും തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക ഈ സഖ്യമായിരിക്കും എന്ന തോന്നൽ ഉളവാകുകയും ചെയ്തു.

എന്നാൽ, അതിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. മമതയുടെയും നായിഡുവിന്റെയും സംസ്ഥാനങ്ങളിൽപ്പോലും പ്രതിപക്ഷപാർട്ടികളുടെ യോജിപ്പ് ഉണ്ടായില്ല എന്നതാണ് വൈരുധ്യം. ബംഗാളിൽ കോൺഗ്രസ്-ടി.എം.സി. സഖ്യം രൂപവത്‌കരിക്കാൻ ചർച്ചപോലും കാര്യമായി നടന്നില്ല. ടി.എം.സി.-കോൺഗ്രസ് വൈരത്തിന്റെ പഴയ കണക്കുകൾ പുറത്തെടുക്കാനായിരുന്നു സംസ്ഥാനനേതാക്കളുടെ നീക്കം. മുഴുവൻ സീറ്റിലും ടി.എം.സി.ക്ക് വിജയിക്കാമെന്നിരിക്കേ സഖ്യമെന്തിനാണെന്നാണ് സംസ്ഥാനനേതാക്കൾ ചോദിച്ചത്‌. മാത്രമല്ല, കോൺഗ്രസിനോടുള്ള കടുത്ത വിരോധം നിലനിൽക്കുന്ന ബംഗാളിലെ മേഖലകളിൽ സഖ്യം തിരിച്ചടിക്കുമെന്ന തിരിച്ചറിവും ടി.എം.സി.ക്കുണ്ടായിരുന്നു. അതുപോലെ, ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ നടന്നെങ്കിലും മുന്നോട്ടുപോയില്ല. ചില സീറ്റുകളിൽ പരസ്പര ധാരണ എന്നതിനപ്പുറം ഉറപ്പുകൾ കൈമാറാനായില്ല. കോൺഗ്രസുമായി കൈകോർക്കുന്നതിനെച്ചൊല്ലി തുടക്കം മുതൽ സി.പി.എമ്മിൽ ആശയക്കുഴപ്പം രൂക്ഷമായിരുന്നു. ബംഗാളിലെ കൈകോർക്കൽ കേരളത്തിൽ ക്ഷീണമാകുമെന്നായിരുന്നു പ്രധാനവിമർശനം. രാഹുൽഗാന്ധി ഇടത് സ്ഥാനാർഥിക്കെതിരേ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ വിഷയം രാഷ്ട്രീയസമസ്യയായി വളർന്നു. തിരഞ്ഞെടുപ്പിനുശേഷം കാര്യങ്ങൾ അനുകൂലമെങ്കിൽ ദേശീയതലത്തിൽ കോൺഗ്രസ് രൂപവത്‌കരിക്കാൻ ആലോചിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ ഇടതുപാർട്ടികളുടെ പങ്ക് എന്തായിരിക്കുമെന്ന ചർച്ചയിലേക്ക് വിഷയം നീണ്ടുകഴിഞ്ഞു.

ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയിലാകട്ടെ, കോൺഗ്രസുമായി സഖ്യം അചിന്ത്യമാണ്. കോൺഗ്രസ്‌വിരുദ്ധവികാരത്തിൽ നിന്ന് രൂപപ്പെട്ട പാർട്ടിയാണ് ടി.ഡി.പി. അതിനാൽ ടി.ഡി.പി. പ്രവർത്തകർക്ക് കോൺഗ്രസുമായി കൈകോർക്കാൻ തെല്ലും താത്‌പര്യമില്ല. മാത്രമല്ല, ആ കൂട്ടുകെട്ട് വിപരീതഫലമാണുണ്ടാക്കുകയെന്ന് ടി.ഡി.പി. സംസ്ഥാന ഘടകം കണക്കുകൂട്ടുന്നു. കോൺഗ്രസ്-ബി.ജെ.പി. വിരുദ്ധ വോട്ടുകളിലാണ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ എല്ലാ പ്രാദേശികപാർട്ടികളും നിലയുറപ്പിച്ചിരിക്കുന്നത്. ടി.ഡി.പി.ക്കും കോൺഗ്രസിനും ശക്തിയില്ലാത്ത തെലങ്കാനയിൽ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ടി.ഡി.പി.യും തമ്മിൽ സഖ്യമുണ്ടാക്കിയെങ്കിലും ആന്ധ്രയിലെത്തിയപ്പോൾ സ്ഥിതി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി.യും കോൺഗ്രസും എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്ക്കാണ് മത്സരം. അതോടെ, ആന്ധ്രയിലും തെലങ്കാനയിലും പ്രതിപക്ഷസഖ്യമെന്ന സങ്കല്പം കടലാസിലായി.

 തട്ടകത്തിൽത്തന്നെ ക്ഷീണം

തമിഴ്‌നാട്ടിലും ബിഹാറിലുമാണ് സഖ്യനീക്കങ്ങൾക്ക് അല്പമെങ്കിലും പുരോഗതിയുണ്ടായത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സാന്നിധ്യമാകട്ടെ, നാമമാത്രവുമാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യം നിലവിൽവന്നു. എന്നാൽ, ബിഹാറിൽ ആർ.ജെ.ഡി., കോൺഗ്രസ്, ആർ.എൽ.എസ്.പി., വികാസ് ശീൽ പാർട്ടി എന്നിവരടങ്ങിയ മഹാസഖ്യം യാഥാർഥ്യമായെങ്കിലും പൂർണമായില്ല. സീറ്റ് പങ്കു

െവപ്പിൽ  കോൺഗ്രസ് അതൃപ്തരാണ്. നാല്പതിൽ ഒമ്പത്‌ സീറ്റുമാത്രം ലഭിച്ച കോൺഗ്രസിന് തങ്ങളുടെ പ്രധാന നേതാക്കൾക്കായി മണ്ഡലം ഉറപ്പിക്കാനായില്ല.
മുൻക്രിക്കറ്റ് താരവും മുൻ ബി.ജെ.പി. നേതാവുമായ കീർത്തി ആസാദിനാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. സിറ്റിങ്‌ സീറ്റായ ദർബംഗ കീർത്തിക്ക് കൈമോശമായി. മുതിർന്ന കോൺഗ്രസ് നേതാവും കേരള മുൻ ഗവർണറുമായിരുന്ന നിഖിൽ കുമാർ 2009-ൽ ജയിച്ച ഔറംഗാബാദ് മണ്ഡലവും കോൺഗ്രസിന് ലഭിച്ചില്ല.

മഹാസഖ്യത്തിന്റെ ഭാഗമല്ലെങ്കിലും ഒരുമിച്ചുപോകേണ്ട ഇടത് പാർട്ടികളോട് സ്വീകരിച്ച നിലപാടാണ് ബിഹാറിലെ പ്രതിപക്ഷ കൂട്ടായ്മയുടെ തകർച്ച വ്യക്തമാക്കുന്നത്. ഇടതുപാർട്ടികൾ ബിഹാറിലോ ഉത്തർപ്രദേശിലോ ശക്തിയല്ല. എന്നാൽ, ചില മേഖലകളിൽ അവർക്കിപ്പോഴും സ്വാധീനമുണ്ട്. സി.പി.െഎ. ബഗുസരായ് സീറ്റും സി.പി.എം. ഉജിയാർപുർ സീറ്റും സി.പി.ഐ.എം.എൽ. ആര സീറ്റുമാണ് മഹാസഖ്യത്തോട് ആവശ്യപ്പെട്ടത്. ജെ.എൻ.യു. വിദ്യാർഥിനേതാവ് കനയ്യകുമാറിന് വേണ്ടിയാണ് ബഗുസരായ് സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം ചർച്ചചെയ്യാൻ പോലും തയ്യാറാകാതെ, ബഗുസരായ് ആർ.ജെ.ഡി. ഏറ്റെടുത്തു. ഇടതുപാർട്ടികൾ കനയ്യകുമാറിനെയും സ്ഥാനാർഥിയാക്കി. മണ്ഡലം മാറിയെത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ബി.ജെ.പി.സ്ഥാനാർഥി. ത്രികോണമത്സരത്തിൽ ആർക്കാവും നേട്ടം എന്നത് മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നിശ്ചയിക്കും. 

സി.പി.എം. ആവശ്യപ്പെട്ട ഉജിയാർപുർ മണ്ഡലം ഉപേന്ദ്ര കുശ്‌വാഹയുടെ പാർട്ടിയായ ആർ.എൽ.എസ്.പി.ക്കാണ് മഹാസഖ്യം നൽകിയിരിക്കുന്നത്. ഇടതുപാർട്ടികളിൽ സി.പി.ഐ.(എം.എൽ.)നോട് മാത്രമാണ് മഹാസഖ്യം അനുഭാവം കാട്ടിയത്. ആര മണ്ഡലത്തിൽ സി.പി.ഐ.(എം.എൽ.) സ്ഥാനാർഥിയെ സഖ്യം പിന്തുണയ്ക്കും.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കേണ്ട 80 സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. 2014-ൽ ബി.ജെ.പി.യെ അധികാരത്തിലേറാൻ ഏറ്റവും കൂടുതൽ സഹായിച്ച സംസ്ഥാനം. എസ്.പി.-ബി.എസ്.പി. പാർട്ടികൾ തമ്മിൽ ശക്തമായ സഖ്യം യു.പി.യിൽ നിലവിലുണ്ട്. അത് ഫലപ്രദവുമാണ്. എന്നാൽ, ആ സഖ്യത്തിനപ്പുറം ഒരു പാർട്ടിയെയും അടുപ്പിച്ചിട്ടില്ല. പുൽവാമ സംഭവത്തിനുശേഷം ഉത്തരേന്ത്യയിൽ ഉരുത്തിരിഞ്ഞ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ സഖ്യവിപുലീകരണം അനിവാര്യമാണെന്ന് രാഷ്ട്രീയചിന്തകർ മായാവതിയെയും അഖിലേഷിനെയും ഉപദേശിച്ചെങ്കിലും  6-7 ശതമാനം വോട്ടുകളുള്ള കോൺഗ്രസിനോടുപോലും മൃദുസമീപനമുണ്ടായില്ല. 

സോണിയയുടെ റായ്ബറേലി, രാഹുലിന്റെ അമേഠി എന്നീ രണ്ട് മണ്ഡലങ്ങൾക്കപ്പുറം സീറ്റുകൾ നൽകാനാവില്ലെന്ന കർശന ശാഠ്യത്തിലാണ് മായാവതിയും അഖിലേഷും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി.യോട് കോൺഗ്രസ് കാട്ടിയ അവഗണന അതേ നാണയത്തിൽ ആവർത്തിക്കുകയാണ് മായാവതി. മാത്രമല്ല, തിരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുന്ന ദേശീയരാഷ്ട്രീയത്തിൽ മായാവതിയുടെ പങ്ക് നിർണായകമായിരിക്കുമെന്നും ബി.എസ്.പി. കണക്കുകൂട്ടുന്നു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ല. എൺപത് സീറ്റുകളിലും മൂന്ന് പ്രതിപക്ഷപാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇടതുപാർട്ടികളുടെ സ്ഥാനാർഥികൾ വേറെ. 
എന്നാൽ, ചില സീറ്റുകളിൽ കോൺഗ്രസും എസ്.പി.-ബി.എസ്.പി.സഖ്യവും തമ്മിൽ പരസ്പരധാരണ അവസാനനിമിഷം ഉണ്ടാക്കിയിട്ടുണ്ട്. അത് എങ്ങനെ വോട്ടായി മാറുമെന്ന് വ്യക്തമല്ല.

സുർജിത്തിന്റെ അഭാവം

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ തുടങ്ങിയ രാഷ്ട്രീയ തട്ടകങ്ങളിലും  പ്രതിപക്ഷപാർട്ടികൾക്ക്  കാര്യമായ യോജിപ്പ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്തിൽ എൻ.സി.പി.യുമായിട്ടായിരുന്നു കോൺഗ്രസ് സഖ്യ ചർച്ചകൾ ആരംഭിച്ചത്. ചർച്ച വിജയിക്കാത്ത സാഹചര്യത്തിൽ എൻ.സി.പി. 26 സീറ്റുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി ചർച്ച തുടരുകയാണ്. ആപ്പും കോൺഗ്രസും തമ്മിൽ കൈകോർത്താൽ ഏഴ് സീറ്റുകളിലും ജയിക്കാമെന്നാണ് പാർട്ടികൾ തന്നെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഷീലാ ദീക്ഷിത്-അരവിന്ദ് കെജ്‍രിവാൾ ദ്വന്ദ്വങ്ങൾ തമ്മിലുള്ള വ്യക്തിതർക്കമാണ് ഇതിൽ പ്രധാന തടസ്സം. ഷീലാ ദീക്ഷിതിന്റെ ഭരണപരാജയങ്ങൾ ഉയർത്തിക്കാട്ടി രൂപവത്‌കരിച്ച ആം ആദ്മി പാർട്ടി,  കോൺഗ്രസുമായി കൈകോർക്കുന്നത് എത്രമാത്രം പാർട്ടിക്ക് ഗുണംചെയ്യുമെന്ന ചർച്ചകളും സജീവമാണ്. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിലാണ് ആപ്പിന്റെ നോട്ടം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബാന്ധവം തിരിച്ചടിക്കുമെന്ന ഭയം അവർക്കുണ്ട്. എന്നിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സഹകരണത്തിന് മുൻകൈയെടുത്തത് ആപ്പായിരുന്നു എന്നത് ശ്രദ്ധേയം.

ഇതിനിടയിൽ, ജാർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആടിയുലഞ്ഞാണെങ്കിലും പ്രതിപക്ഷസഖ്യം നിലനിൽക്കുന്നുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും തമ്മിലാണ് ജാർഖണ്ഡിൽ ധാരണ. കർണാടകത്തിൽ കോൺഗ്രസ് -ജെ.ഡി.എസ്. ധാരണ ഇപ്പോഴും അടിയുറച്ചിട്ടില്ല. ജമ്മുകശ്മീരിലെ രണ്ട് സീറ്റുകളിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സൗഹൃദമത്സരമാണെന്നാണ് വ്യാഖ്യാനം. പഞ്ചാബിലും ഹരിയാണയിലും പ്രതിപക്ഷ സഖ്യമില്ല. പഞ്ചാബിൽ ആംആദ്മി പാർട്ടിയുമായും ഹരിയാണയിൽ ആം ആദ്മി, എൻ.എൻ.എൽ.ഡി. എന്നിവരുമായും സഖ്യമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ, പ്രതിപക്ഷം സഖ്യമുണ്ടാക്കുന്നതിൽ വഴി തടഞ്ഞുനിൽക്കുമ്പോൾ, എൻ.ഡി.എ. തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പേതന്നെ തങ്ങളുടെ സഖ്യം ഊട്ടിയുറപ്പിച്ചിരുന്നു. ഇടഞ്ഞു നിന്ന ശിവസേന, എ.ജി.പി. എന്നിവരുമായി തുടക്കത്തിൽത്തന്നെ സഖ്യമുറപ്പിച്ചു. അസം പൗരത്വബിൽ പ്രശ്നത്തിൽ ഇടഞ്ഞുനിന്ന എ.ജി.പി.യുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി.ക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുമായും സഖ്യത്തിലായി.

പ്രതിപക്ഷനിരയിലെ മുൻനിര നേതാക്കളുടെ മാനസികമായ അടുപ്പമില്ലായ്മ, പദവികൾക്കായുള്ള കിടമത്സരങ്ങൾ, വിട്ടുവീഴ്ചയില്ലായ്മ, പാർട്ടികളിലെ തലമുറമാറ്റം, എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഹർകിഷൻ സിങ് സുർജിത്തിനെപ്പോലെ ഒരു മുതിർന്ന നേതാവിന്റെ അഭാവം തുടങ്ങിയവയാണ് ദേശീയതലത്തിൽ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് സുഗമപാതയൊരുക്കുന്നതിൽ തടസ്സം നിൽക്കുന്നത്. രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വംപോലെ പൊടുന്നനെയുള്ള തീരുമാനങ്ങൾ പ്രതിപക്ഷ കൂട്ടായ്മയുടെ ഉള്ളടക്കത്തെ എങ്ങനെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം.

Content Highlights: Opposition bigwigs-loksabha alliance