•  20 ശതമാനം ജനങ്ങൾക്ക് വർഷം 72,000 രൂപ അക്കൗണ്ടിൽ
  •  2020-നുള്ളിൽ നാലുലക്ഷം കേന്ദ്രസർക്കാർ ഒഴിവുകൾ നികത്തും
  •  തദ്ദേശസ്ഥാപനങ്ങളിൽ 30 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും
  •  ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് വിഹിതം ഇരട്ടിയാക്കും
  •  സ്ത്രീകൾക്ക് നിയമനങ്ങളിലും തിരഞ്ഞെടുപ്പിലും 33 ശതമാനം സംവരണം
  •  കാർഷികകടം എഴുതിത്തള്ളും. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ക്രിമിനൽ കുറ്റമില്ല
  •  ഗ്രാമപ്പഞ്ചായത്തുകൾക്ക് നേരിട്ട് ഫണ്ട്
  •   ജി.എസ്.ടി. ഒറ്റനിരക്കിലേക്ക് മാറ്റും
  •  വൺറാങ്ക് വൺ പെൻഷനിലെ ന്യൂനതകൾ പരിഹരിക്കും 
  •  വിവരാവകാശപ്രകാരം നൽകാവുന്ന വിവരങ്ങളെല്ലാം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും  

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവർഷത്തിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ ഗാന്ധിജിയുടെ ഏറ്റവും വലിയ സാമൂഹികചിന്താപദ്ധതിയായ സർവോദയയ്ക്ക് ബദൽ കടന്നുവന്നത് യാദൃച്ഛികതയാവില്ല. ഇംഗ്ലീഷ് ചിന്തകനായ ജോൺ റസ്കിന്റെ അൺടു ദിസ് ലാസ്റ്റ് (ഈ അവസാനത്തെയാൾക്ക്) എന്ന ഗ്രന്ഥത്തിൽനിന്ന് ആശയമുൾക്കൊണ്ടാണ്  ഗാന്ധിജി സ്വാശ്രയത്വത്തിലധിഷ്ഠിതമായ സർവോദയം രൂപപ്പെടുത്തിയത്. ഇതിനനുസൃതമായി ‘ഒരു ഇന്ത്യൻ കുടുംബവും ഒഴിവാക്കപ്പെടാൻ പാടില്ല’ എന്ന നയത്തിന്റെ ഭാഗമായുള്ള ‘ന്യായ്- ന്യൂനതം ആയ് യോജന (മിനിമം വരുമാനപദ്ധതി)’ പദ്ധതിയുൾപ്പെട്ടതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക.  

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ശബ്ദം തിരഞ്ഞെടുപ്പുപത്രികയിൽ വരണമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നിർബന്ധം. ആറുമാസംമുമ്പ് ഒക്ടോബറിൽ പ്രകടനപത്രികയ്ക്കായി ഒരുക്കം തുടങ്ങുമ്പോൾ സമിതിചെയർമാനും  മുൻധനമന്ത്രിയുമായ പി. ചിദംബരത്തിനും സമിതി കൺവീനറും സാമ്പത്തിക വിദഗ്ധനുമായ രാജീവ് ഗൗബയ്ക്കും രാഹുൽ ഒരു നിർദേശം നൽകി: ‘‘ഒട്ടേറെ വിദഗ്ധർ പാർട്ടിയിലുണ്ട്. പക്ഷേ, ഇവരെല്ലാം ഏതെങ്കിലും മുറിയിൽ കൂടിയിരുന്ന് ചർച്ചകൾക്കൊടുവിൽ പ്രകടനപത്രിക തയ്യാറാക്കുന്ന രീതി ഇത്തവണ വേണ്ട. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന് അവരുടെ ശബ്ദംകേട്ട് എഴുതിയാൽമതി. അത്‌ നടപ്പാക്കാനാവുന്നതുമാത്രമാവണം. വ്യാജവാഗ്ദാനങ്ങൾ ഉണ്ടാവരുത്’’. 

ചിദംബരവും ഗൗബയും പ്രകടനപത്രികാസമിതിയിലെ ഇരുപതംഗങ്ങളും ആറുമാസത്തോളമെടുത്ത് 24 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലും 12 വിദേശ രാജ്യങ്ങളിലുമുള്ള പൗരന്മാരുമായി വിവിധ ചർച്ചകൾ നടത്തി. 121 പൊതുജനസമ്പർക്കപരിപാടികൾ, കർഷകരും അധ്യാപകരും സംരംഭകരും ഡോക്ടർമാരും സാമ്പത്തികവിദഗ്‌ധരുമായി 53 കൂടിയാലോചനകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി.  ഒടുവിൽ  ഫെബ്രുവരിയിൽ പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകി, ‘നമ്മൾ നടപ്പാക്കും’ എന്ന ശീർഷകത്തോടെ.    

 ചെലവുകൂട്ടുന്ന പദ്ധതികൾ 
സർക്കാരിന്റെ ചെലവ് ഗണ്യമായി വർധിപ്പിക്കുന്നതാണ് പ്രകടനപത്രികയിലെ മിക്ക പദ്ധതിയും. ന്യായ്, കാർഷികകടം എഴുതിത്തള്ളൽ, ആരോഗ്യ-വിദ്യാഭ്യാസ വിഹിതം ഇരട്ടിയാക്കൽ, പ്രതിരോധത്തുക കൂട്ടൽ തുടങ്ങിയവ ഉദാഹരണം.  ഇവയ്ക്കെങ്ങനെ പണം കണ്ടെത്തും ഏതുരീതിയിൽ നടപ്പാക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.   

 കുറഞ്ഞവരുമാന പദ്ധതി 
രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അഞ്ചുകോടി ദരിദ്രകുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്കുള്ള  ന്യായ് പദ്ധതിയാണ് പ്രകടനപത്രികയിലെ മുഖ്യആകർഷണം. ഇത്രയും കുടുംബങ്ങളിലെ വീട്ടമ്മമാരുടെ അക്കൗണ്ടിൽ വർഷം 72,000 രൂപ നേരിട്ട് നൽകും. കൂടാതെ വർഷം മറ്റൊരു 72,000 രൂപയുടെ വരുമാനം ഉറപ്പാക്കുകയും ചെയ്യും. ഇതുവഴി ഈ കുടുംബങ്ങളുടെയെല്ലാം മാസവരുമാനം 12,000 രൂപയിലെത്തിക്കും. ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയാണിതെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. 
   2011-ലെ സെൻട്രൽ സ്റ്റാറ്റിറ്റിക്സ് ഓഫീസിന്റെ (സി.എസ്.ഒ.) കണക്കുപ്രകാരം രാജ്യത്ത് 24.95 കോടി  ദരിദ്ര കുടുംബങ്ങളാണുള്ളത്. ഇതിൽ മാസം 12,000 രൂപയിൽത്താഴെ വരുമാനമുള്ളത് അഞ്ചുകോടി കുടുംബങ്ങൾക്കാണ്. ഇവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി 3.6 ലക്ഷം കോടി രൂപ വേണ്ടിവരും. ഇത് ആഭ്യന്തരവരുമാനത്തിന്റെ 1.8 ശതമാനം വരും.  ഘട്ടംഘട്ടമായാവും പദ്ധതി നടപ്പാക്കുകയെന്നാണ് കോൺഗ്രസ് വാഗ്ദാനം. ആദ്യവർഷം ചെലവ് ജി.ഡി.പി.യുടെ ഒരു ശതമാനമാവും രണ്ടാംവർഷംമുതൽ രണ്ടും പദ്ധതിനിർണയഘട്ടം (മൂന്നുമാസം), പരീക്ഷണഘട്ടം (ആറ്-ഒമ്പത്  മാസം) എന്നിങ്ങനെ നടപ്പാക്കിവരുമ്പോൾത്തന്നെ ഒരു വർഷമെടുക്കും. ഇതിനായി പ്രമുഖ സാമ്പത്തികവിദഗ്ധരുടെ സ്വതന്ത്രപാനലിന് രൂപംനൽകിയിട്ടുണ്ട്‌.  ഇവരിൽനിന്ന് അനുമതി കിട്ടിയാലേ പദ്ധതി തുടങ്ങൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാവും നടപ്പാക്കുക. 

 തൊഴിലുറപ്പുവന്നപ്പോൾ 
 വർഷങ്ങളായി സബ്‌സിഡികൾ കിട്ടുന്നവരായിരുന്നു ഇന്ത്യയിലെ ദരിദ്രർ. എങ്കിലും ഇതുകൊണ്ടൊന്നും ജീവിതസാഹചര്യം വലിയ തോതിൽ മെച്ചപ്പെട്ടില്ല. ഇതിൽ അല്പം മാറ്റംവന്നത് യു.പി.എ. സർക്കാർ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി കൊണ്ടുവന്നതോടെയാണ്. മറ്റൊരു തൊഴിൽസാധ്യത ഉടലെടുത്തപ്പോൾ, നിലവിലുള്ള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളും വേതനവും വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യവും ശക്തിയും  തൊഴിലാളികൾക്ക് ലഭിച്ചു.  തൊഴിലാളികൾ മടിയരായി എന്നതടക്കം തൊഴിലുറപ്പുപദ്ധതിയെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളുയരുന്നുണ്ടെങ്കിലും  ഇത് ഗ്രാമീണമേഖലയിലെ വേതനവർധനയ്ക്കുൾപ്പെടെ കാരണമായിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ടാൽ മറ്റൊരു തൊഴിലുണ്ടെന്ന തൊഴിലാളികളുടെ ധൈര്യംതന്നെ വടക്കേയിന്ത്യയിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 2005 മുതൽ 2012 വരെയുള്ള കാലത്ത് 1.37 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് മോചനം നേടിയതായാണ്  വേൾഡ് ബാങ്കിന്റെ കണക്ക്. ദാരിദ്ര്യം 35 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വളർച്ച 9-10 ശതമാനത്തിൽ തുടരുകയാണെങ്കിൽ ദാരിദ്ര്യം പതുക്കെ ഇല്ലാതാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. എങ്കിലും  നിലവിൽ നോട്ടസാധുവാക്കലും ജി.എസ്.ടി.യും ഗ്രാമീണമേഖലയിൽ ഉണ്ടാക്കിയിട്ടുള്ള തളർച്ചയെ മറികടക്കാൻ ന്യായ് പദ്ധതി ഉപകരിക്കുമെന്ന്  ഇവർ വ്യക്തമാക്കുന്നു.   

 കാർഷികകടം എഴുതിത്തള്ളും 
1971-ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന പോലുള്ള ദാരിദ്ര്യനിർമാർജനപദ്ധതികളല്ല ഇപ്പോഴത്തേതെന്ന് വിമർശനമുയർന്നിട്ടുണ്ട്. ദരിദ്രരെ സഹായിക്കുന്ന പദ്ധതി മാത്രമാണിതെന്നാണ് ആരോപണം. രാജ്യത്തിന്റെ നട്ടെല്ലായ,  ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുകയും അവർക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുന്നതോടെ ഗ്രാമീണവിപണി ഉണരുമെന്നാണ് പത്രികയെ അനുകൂലിക്കുന്ന സാമ്പത്തികവിദഗ്ധർ പറയുന്നത്. 20 ശതമാനത്തോളം ദരിദ്രരെയും വിപണിയുടെ ഭാഗമാക്കാൻ കഴിയുന്നതോടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാവുമെന്നിവർ ചൂണ്ടിക്കാട്ടുന്നു. വായ്പ സിവിൽബാധ്യതമാത്രമാക്കും. വായ്പ തിരിച്ചടയ്ക്കാത്തവരെ ക്രിമിനൽ കേസെടുത്ത് ജയിലിലയക്കുന്നതിന് വിരാമമിടും. ഒപ്പം കർഷകരുടെയും കാർഷികശാസ്ത്രജ്ഞരുടെയും സാമ്പത്തികവിദഗ്ധരുടെയും പങ്കാളിത്തമുള്ള ദേശീയ കൃഷിവികസന, ആസൂത്രണക്കമ്മിഷൻ സ്ഥാപിക്കും. കൃഷി ലാഭകരമാക്കുന്നതിനും ഉത്പന്നങ്ങൾ ലാഭകരമായി വിറ്റഴിക്കുന്നതിനുമുള്ള വിദഗ്ധ മാർഗനിർദേശങ്ങൾ നൽകുന്നതിനാണിത്. ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ഗുണകരമായിട്ടുള്ള നിലവിലെ കാർഷികവിള ഇൻഷുറൻസ് പദ്ധതി (ഫസൽ ബീമാ യോജന)യിൽ സമഗ്രമാറ്റം വരുത്തും. ലാഭവും നഷ്ടവുമില്ലാത്ത രീതിയിലാവും പ്രീമിയം നിശ്ചയിക്കുക.   

 പ്രതീക്ഷയായി കേന്ദ്ര തൊഴിലവസരം 
2019 ഏപ്രിൽ ഒന്നുവരെ കേന്ദ്രസർക്കാർ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ലോക്‌സഭയിലും ജുഡീഷ്യറിയിലുമുള്ള നാലുലക്ഷത്തോളം ഒഴിവുകൾ 2020-നുള്ളിൽ നികത്തുമെന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. നോട്ടസാധുവാക്കലിനുശേഷമുള്ള നാലുമാസംമാത്രം 15 ലക്ഷം  തൊഴിലുകൾ നഷ്ടപ്പെട്ടെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെ കണക്ക്. തൊഴിൽനഷ്ടം നികത്തുന്നതിനുള്ള പദ്ധതി യുവാക്കളെ ആകർഷിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗ്രാമപ്പഞ്ചായത്തുകൾക്ക്‌ നൽകുന്ന ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി 10 ലക്ഷം സേവാമിത്ര തസ്തികകളും സൃഷ്ടിക്കും. 
   ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ഊർജിതമാക്കാൻ സംസ്ഥാനസർക്കാരുകൾക്ക് ഫണ്ടു നൽകും. ഇതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 20 ലക്ഷം തസ്തികകൾ സൃഷ്ടിക്കാമെന്നും നിയമനത്തിന് സംസ്ഥാനങ്ങളോട് നിർദേശിക്കാമെന്നുമാണ് മറ്റൊരു കണക്കുകൂട്ടൽ. സർക്കാർ പരീക്ഷകൾക്കും തസ്തികകൾക്കും അപേക്ഷാഫീസ് ഒഴിവാക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ വികസനത്തിലൂടെ അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങിയവയാണ് മറ്റുപ്രധാന വാഗ്ദാനങ്ങൾ.  

 പെട്രോളിയം ജി.എസ്.ടി.യിൽ 
ജി.എസ്.ടി. മൂല്യവർധിതനികുതി സംവിധാനമാക്കുമെന്നതാണ് മറ്റൊരു സുപ്രധാനപ്രഖ്യാപനം. ഇപ്പോൾ നിലവിലുള്ള അഞ്ച്‌ നികുതിനിരക്കുകൾ ഏകീകരിച്ച് ഒറ്റനിരക്കാക്കും. നികുതിദായകർക്ക് എളുപ്പം മനസ്സിലാവുന്നതാവും പുതിയ ജി.എസ്.ടി. ഇപ്പോൾ ഉൾപ്പെടുത്താത്ത റിയൽ എസ്റ്റേറ്റ്, പെട്രോളിയം, പുകയില, മദ്യം എന്നിവയും ജി.എസ്.ടി. യുടെ ഭാഗമാക്കും. എല്ലാവർക്കും വേണ്ട അവശ്യസാധനങ്ങളിന്മേൽ (ധാന്യം, മരുന്ന്) നികുതി ഒഴിവാക്കും. കയറ്റുമതിക്കായുള്ള ഉത്പാദനവും ശൂന്യനികുതിയിൽപ്പെടുത്തും. ഇ-വേ ബിൽ നിർത്തലാക്കും. ജി.എസ്.ടി. വരുമാനത്തിന്റെ ഒരുവിഹിതം പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകും. പാദവാർഷികമായി ലളിതമായ റിട്ടേണുകളും ഒരു വാർഷികറിട്ടേണും സമർപ്പിച്ചാൽ മതി. സ്ഥിരസെക്രട്ടേറിയറ്റുള്ള നയരൂപവത്കരണ സംവിധാനമാക്കി ജി.എസ്.ടി. മാറ്റും. സിവിൽ നിയമങ്ങളായിരിക്കും ബാധകം.   

 പഞ്ചായത്തുകൾക്ക് പരിഗണന 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് കോൺഗ്രസ് പ്രകടന പത്രിക. വികസനം താഴെത്തട്ടിലെത്തിക്കാൻ പഞ്ചായത്തുകളെ ശാക്തീകരിക്കണം എന്ന രാജീവ് ഗാന്ധിയുടെ നയംതന്നെയാണിതിൽ രാഹുൽഗാന്ധിയും അവലംബിച്ചിട്ടുള്ളത്.  1988-‘89 കാലത്ത് രാജീവ് ഗാന്ധി നേരിട്ട് ഫണ്ട് കൈമാറിയതുപോലൊന്നാണ് ആലോചിക്കുന്നത്. ജി.എസ്.ടി. വരുമാനത്തിന്റെ വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്ന നിർദേശവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രം നൽകുന്ന പണം  പല സംസ്ഥാനസർക്കാരുകളും പൂർണമായി കൈമാറാത്ത സാഹചര്യത്തിൽ ഈ നിർദേശത്തിന് പ്രസക്തിയുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലൻ മാതൃഭൂമിയോട് പറഞ്ഞു. പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് പ്രാഥമിക വിദ്യാഭ്യാസയോഗ്യത വേണമെന്നത് ഒഴിവാക്കും. അതിന്‌ സാഹചര്യം കിട്ടാത്തവരെയും ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കി മുഖ്യധാരയിലെത്തിക്കലാണ് ലക്ഷ്യം. സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭയിലുമടക്കം മത്സരിക്കുന്നതിനും സർക്കാർ ജോലിയിലും 33 ശതമാനം സംവരണത്തിന് ഭരണഘടനാ ഭേദഗതിയെന്ന സുപ്രധാന പ്രഖ്യാപനം നടപ്പായാൽ അതും രാജ്യത്തിന് നാഴികക്കല്ലാവും.  

നടപ്പാക്കാൻ പറ്റാത്ത കാര്യമല്ല 
കോൺഗ്രസ് പ്രകടനപത്രികയിലെ പദ്ധതികൾ പരിശോധിച്ചാൽ ഖജനാവിന് അധികബാധ്യത വരുത്തുന്ന ഒട്ടേറെ പദ്ധതികളുണ്ടെന്ന്‌ കാണാം. ആഭ്യന്തരവരുമാനത്തിന്റെ 1.8 ശതമാനം ചെലവാകുന്ന കുറഞ്ഞവരുമാന പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിഹിതം യഥാക്രമം മൂന്നും ആറും ശതമാനമാക്കൽ, കാർഷികകടം എഴുതിത്തള്ളൽ എന്നിവ ഉദാഹരണം. ഇതിന് നിലവിലുള്ള സാഹചര്യത്തിൽ തുക സർക്കാരിന്‌ കണ്ടെത്തൽ പ്രയാസം തന്നെയാണ്. അതേസമയം നടപ്പാക്കാൻ പറ്റാത്തതാണ് എന്നും പറയാനാവില്ല. മിക്ക വികസിതരാജ്യങ്ങളിലും ഉയർന്ന നികുതി/ജി.ഡി.പി. അനുപാതമാണുള്ളത്. മികച്ച ജീവിതസാഹചര്യങ്ങളുള്ള ഒ.ഇ.സി.ഡി. രാജ്യങ്ങളിലിത് 34 ശതമാനമാണ്. ഇന്ത്യയൊഴികെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ 30 ശതമാനവും. ഇന്ത്യയിലിത് നാലുദശാബ്ദങ്ങളായി 15-17 ആയി തുടരുകയാണ്. ഉയർന്ന ആഭ്യന്തര വളർച്ചയുണ്ടാകുമ്പോൾ ഈ അനുപാതം കൂടേണ്ടതാണ്. കൂടുന്നില്ലെന്നതിനർഥം വരുമാനം കൂടിയവർ പലരും നികുതി ഇപ്പോഴും അടയ്ക്കുന്നില്ല എന്നാണ്. അവരുടെ വരുമാനം മറച്ചുവെക്കുന്നു എന്നാണ്. ഐ.എം.എഫിന്റെ 2018-ലെ പ്രവർത്തകറിപ്പോർട്ടിൽ നികുതി പരിഷ്കരണത്തിലൂടെയും നിർവഹണത്തിലൂടെയും നികുതി/ ജി.ഡി.പി. അനുപാതം വർധിപ്പിച്ച രാജ്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇവയിൽ കുറെയേറെ രാജ്യങ്ങൾ (ഉദാ: കംബോഡിയ, ജോർജിയ, യുക്രൈൻ, ലൈബീരിയ) നമുക്ക് തുല്യമായ പ്രതിശീർഷവരുമാനമുള്ളവയാണ്. ഇങ്ങനെ നികുതിവരുമാനം ആഭ്യന്തരവളർച്ചയ്ക്കനുസൃതമായി കൂട്ടിയാൽത്തന്നെ ഈ പദ്ധതികൾക്കെല്ലാം ഇടത്തരക്കാരെ ഉപദ്രവിക്കാതെ പണം കണ്ടെത്താവുന്നതേയുള്ളൂ.  

-ഇമ്മാനുവൽ തോമസ് (സാമ്പത്തികശാസ്ത്ര അധ്യാപകൻ, തൃശ്ശൂർ കേരളവർമ കോളേജ്, ഗവേഷകൻ, ജെ.എൻ.യു., ന്യൂഡൽഹി)