എന്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. സുകുമാരന്‍ നായര്‍ രാഷ്ട്രീയക്കാരനുമല്ല. പക്ഷെ അദ്ദേഹം തുടങ്ങിവെച്ച നാമജപ ഘോഷയാത്ര വലിയ രാഷ്ട്രീയ വിവാദമായി. എങ്കിലും അതിന്റെ പ്രയോജനം കിട്ടിയത് കോണ്‍ഗ്രസിനും യുഡിഎഫിനും. വളരെ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയ ബിജെപിയെ എന്‍എസ്എസ് തുണച്ചതേയില്ല.

സുകുമാരന്‍ നായരുടെ അതിസൂക്ഷ്മമായ നീക്കം തന്നെയാണ് ശബരിമല വിഷയത്തെ വളര്‍ത്തിയതും ആളിക്കത്തിച്ച് ഒരു വലിയ വിവാദമാക്കിയതും 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സുപ്രധാന വിഷയമായി മാറ്റിയതും. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ആ വിധി പ്രസ്താവിച്ചത്. ശബരിമലയില്‍ ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കേണ്ടതാണെന്ന വിധി ആദ്യഘട്ടത്തില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബിജെപി നേതൃത്വം പൊതുവെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ആര്‍എസ്എസിലെ ഒരു പ്രമുഖനേതാവ് ഈ നിലയ്ക്ക് ലേഖനമെഴുതുകയും ചെയ്തു. 

ഈ ഘട്ടത്തിലാണ് സുകുമാരന്‍ നായര്‍ ഈ വിഷയത്തെക്കുറിച്ചു മറിച്ചു ചിന്തിച്ചത്. സ്ത്രീ പ്രവേശനത്തിനെതിരായ നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി തന്നെ വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പന്തളത്ത് അതി ഗംഭീരമായൊരു നാമജപ ഘോഷയാത്ര സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതില്‍ പങ്കെടുത്തത് ആയിരക്കണക്കിനു വനിതകള്‍. ഒരു രാഷ്ട്രീയ വിഷയവും പറയാതെ, ഒരു രാഷ്ട്രീയത്തിന്റെയും പിന്തുണയില്ലാതെ ഇത്രയേറെ സ്ത്രീകളെ തെരുവിലിറക്കാന്‍ കഴിഞ്ഞ ശബരിമല വിഷയം കണ്ട് ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ള അതിശയിച്ചു. 'ഇതൊരു സുവര്‍ണാവസരമാണ്. നമുക്കിതു മുതലാക്കണം'. ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ ആവേശത്തോടെ പറഞ്ഞു. 

വലിയ പ്രതീക്ഷയോടെയാണ് ബിജെപി ശബരിമലയുമായി രംഗത്തിറങ്ങിയത്. പിന്നെ സമരങ്ങളുടെ ദിനങ്ങളായിരുന്നു. എന്‍എസ്എസ് അനങ്ങിയില്ല. പന്തളം കൊട്ടാരപ്രതിനിധികള്‍ എന്‍എസ്എസുമായി ചേര്‍ന്ന് പലേടത്തും നാമജപഘോഷയാത്ര നടത്തി. ഇതൊക്കെ ബിജെപിയെ പിന്നെയും പിന്നെയും ആവേശം കൊള്ളിച്ചു. അവരുടെ സമരവും കടുത്തു. തിരഞ്ഞെടുപ്പു വന്നപ്പോള്‍ ബിജെപി ആവേശത്തോടെ മുന്നിട്ടിറങ്ങി. മിസോറാം ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തു പറന്നിറങ്ങി.

G Sukumaran nair

ശബരിമല സന്നിധാനത്തില്‍ മുന്നണിപ്പോരാളിയായിരുന്ന കെ സുരേന്ദ്രന്‍ ശബരിമലവ്രതം നോക്കുന്ന ഭക്തരെപ്പോലെ കറുത്ത വസ്ത്രങ്ങളും ധരിച്ച് പത്തനംതിട്ടയിലെത്തി. തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപി എന്റെ അയ്യന്‍ എന്ന് ഉറക്കെ വിളിച്ചു. പക്ഷെ എന്‍എസ്എസ്സോ സുകുമാരന്‍ നായരോ ബിജെപിയെ ഗൗനിച്ചതേയില്ല. 

ഒരു ഘട്ടത്തിലും ബിജെപിക്കു പിന്തുണ കൊടുക്കാന്‍ എന്‍എസ്എസ് തയ്യാറായില്ല. അതിന്റെ ചരിത്രവും അതുതന്നെയായിരുന്നു. 2000-ലാണ് ഡിസംബര്‍ അവസാനവാരമാണ് പ്രധാനമന്ത്രി എബി വാജ്പേയ് കോട്ടയത്തിനടുത്ത് കുമരകത്ത് വിശ്രമത്തിനെത്തിയത്. തൊട്ടടുത്താണ് എന്‍എസ്എസിന്റെ ആസ്ഥാനം. ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയില്‍. കുമരകത്തു വിശ്രമിക്കുന്ന പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പ്രമുഖ ബിജെപി നേതാക്കള്‍ തന്നെ അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെനാരായണപ്പണിക്കരെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചതാണ്. വാജ്പേയ് പത്തു ദിവസത്തോളം കുമരകത്തുണ്ടായിരുന്നു. അദ്ദേഹവുമായി രെു കൂടിക്കാഴ്ച നടത്താന്‍ നാരായണപ്പണിക്കര്‍ സമ്മതിച്ചതേയില്ല.

അദ്ദേഹത്തിനു ശേഷം ജനറല്‍ സെക്രട്ടറിയായ സുകുമാരന്‍ നായരും ഇതേ പാത തുടര്‍ന്നു. ബിജെപിയുമായോ ആര്‍.എസ്.എസുമായോ എന്തെങ്കിലുമടുപ്പം പുലര്‍ത്താന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. എന്‍.എസ്.എസ് മന്ദിരത്തിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി എത്തിയപ്പോള്‍ വളരെ ക്രൂദ്ധനായാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. നേരത്തെ അറിയിക്കാതെ സുരേഷ്ഗോപി എത്തിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

എന്‍.എസ്.എസ് തുറന്ന ശബരിമല വഴിയിലൂടെ ബിജെപി ബഹുദൂരം പോയെങ്കിലും ഒരിക്കലും എന്‍.എസ്.എസ് കൂടെയുണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന് പൂര്‍ണമായ പിന്തുണ കൊടുക്കാനും എന്‍.എസ്.എസ്. തയ്യാറായി. താന്‍ മുന്നോട്ടു കൊണ്ടുവന്ന ശബരിമല വിഷയം രാഷ്ട്രീയ വിഷയമാക്കി വലിയ മുന്നേറ്റം നടത്തിയതു ബിജെപി ആണെങ്കില്‍ പോലും ബിജെപിയോടോ ആര്‍.എസ്.എസിനോടോ രഹസ്യമോ പരസ്യമോ ആയ എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ സുകുമാരന്‍ നായര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

എന്‍.എസ്.എസിനും ആര്‍.എസ്.എസിനും തമ്മില്‍ എന്ത് എന്ന ചോദ്യം ഇവിടെ ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മുഴുവന്‍ ആര്‍.എസ്.എസ് തന്നെ ഏറ്റെടുത്തു നടത്തുകയായിരുന്നു. ഇതിന്റെ പേരില്‍ ഇരു സംഘടനകളും തമ്മില്‍ അഭിപ്രായ വ്യത്യാസവും ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തിലും എന്‍.എസ്.എസും ആര്‍.എസ്.എസും തമ്മില്‍ ആശയ വിനിമയം നടന്നില്ല. അതേസമയം സംഘടനയുടെ പിന്തുണ കോണ്‍ഗ്രസിനും യു.ഡി.എഫിനുമാണെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കുകയും ചെയ്തു. 

ശബരിമല വിഷയം വലിയൊരു രാഷ്ട്രീയ വിഷയമാക്കിയ ബിജെപി നിലപാടിനോട് സുകുമാരന്‍ നായര്‍ യോജിച്ചില്ല. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി ബന്ധമുണ്ടാക്കിയതും തുഷാര്‍ വെള്ളാപ്പള്ളി നേതാവായി ബിഡിജെഎസ് രൂപീകരിച്ചതുമൊന്നും സുകുമാരന്‍ നായര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എസ്.എന്‍.ഡി.പി.യെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമെന്ന നിലയ്ക്കാണ് അദ്ദേഹം ഇതിനെ കണ്ടത്. ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും അണികളിലുള്ളവരില്‍ അധികവും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും ഈ രണ്ടു സംഘടനകളുമായും നേരിട്ടൊരു ബന്ധമുണ്ടാക്കാന്‍ എന്‍.എസ്.എസ്. ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. 

19 സീറ്റ് നേടിയ യുഡിഎഫ് വിജയത്തിനു പിന്നില്‍ അടിസ്ഥാന ഘടകമായി എന്‍.എസ്.എസ് നിലപാടുണ്ട്. നാരായണപണിക്കരുടെ കാലം മുതല്‍ എന്‍.എസ്.എസ്. പിന്തുടര്‍ന്നിരുന്ന സമദൂര സിദ്ധാന്തം തെല്ലു മാറ്റിവെച്ച് യു.ഡി.എഫ്. പിന്തുണ ഫലപ്രദമായി നടപ്പാക്കുകയായിരുന്നു എന്‍.എസ്.എസ് ഈ തിരഞ്ഞെടുപ്പില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ശബരിമല വിവാദം കനത്തപ്പോള്‍ ആ ബന്ധം അറ്റുപോവുകയും ചെയ്തു.

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ വിജയത്തിനു പിന്നിലും എന്‍.എസ്.എസിന്റെ കൈയുണ്ട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കാന്‍ ചില എന്‍.എസ്.എസ്. നേതാക്കാള്‍ പ്രചാരണത്തിനിറങ്ങിയപ്പോള്‍ ശശി തരൂരിനെ പിന്തുണയ്ക്കാനായിരുന്നു സംഘടനയുടെ ഔദ്യോഗിക തീരുമാനം. ചില പ്രമുഖ എന്‍.എസ്.എസ്. നേതാക്കള്‍ പരസ്യമായി തന്നെ തരൂരിനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

സമദൂര സിദ്ധാന്തത്തിനു പലവിധ വകഭേദങ്ങളുണ്ടാവുമെങ്കിലും അതൊരിക്കലും ബിജെപിയുമായോ ആര്‍.എസ്.എസുമായോ സൗഹൃദമുണ്ടാക്കുന്നതിനു വഴിവെയ്ക്കാറില്ല. രാഷ്ട്രീയക്കാരനല്ലാത്ത സുകുമാരന്‍ നായര്‍ എല്ലാം പഠിച്ച ഒരു രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കത്തോടൊയാണ് നിലകൊള്ളുന്നത്. നിലപാടുകളെടുക്കുന്നത്.

കോണ്‍ഗ്രസിനോടും സിപിഎമ്മിനോടുപോലുമില്ലാത്ത ഒരു പേടിയും അകല്‍ച്ചയും എന്‍.എസ്.എസിനു ബിജെപിയോടും ആര്‍.എസ്.എസിനോടുമുണ്ടോ?

Content Highlights: NSS, UDF Victory, Kerala