ഇന്ത്യൻജനതയുടെ ഹൃദയത്തുടിപ്പുകൾ മോദിയെപ്പോലെ മറ്റാരും ശ്രവിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഇന്ത്യൻ രാഷ്ട്രീയവും ഭരണതന്ത്രവും പുനർവ്യാഖ്യാനിക്കുകയാണ്‌ മോദി ചെയ്തത്. ഇന്നുവരെ രാഷ്ട്രീയപണ്ഡിതർ പറഞ്ഞുകൂട്ടിയ കണക്കുകളാകെ തെറ്റി. യു.പി.യിലെ മഹാസഖ്യപരാജയം, ബിഹാറിലെ സഖ്യപരാജയം, കുടുംബവാഴ്ചയുടെ തിരസ്കരണം, കർണാടകത്തിലെയും പശ്ചിമബംഗാളിലെയും ബി.ജെ.പി.യുടെ വൻമുന്നേറ്റം ഇതെല്ലാം പുതിയ ചൂണ്ടുപലകകളാണ്‌.

നോട്ടുനിരോധനവും ജി.എസ്‌.ടി.യും കാരണം രാഷ്ട്രീയസന്ന്യാസം ഉറപ്പ്‌, ഇനി ബി.ജെ.പി. തിരികെവരില്ല, വന്നാലും മോദി വരില്ല എന്നൊക്കെ പ്രചരിപ്പിച്ചവരുണ്ട്‌. വലിയ സാഹസികതയായിരുന്നു രണ്ടും. തികച്ചും ജനപ്രീതികിട്ടാത്ത പരിഷ്കാരങ്ങൾ... ഇങ്ങനെ എത്രയെത്ര. കർഷകന്റെ കടബാധ്യത എഴുതിത്തള്ളണമെന്ന മുറവിളികളും ഉയർന്നു. സുപ്രീംകോടതി എസ്‌.സി., എസ്‌.ടി. നിയമത്തിൽ ഭേദഗതിവരുത്തി നിയമനങ്ങൾക്കുശേഷം കയറ്റത്തിന്‌ റിസർവേഷൻ ആവശ്യമില്ല എന്ന്‌ ചൂണ്ടിക്കാണിച്ചപ്പോൾ, മോദിസർക്കാർ പുതിയ നിയമനിർമാണം നടത്തി, പഴയതുപോലെത്തന്നെ കമ്മിഷന്റെ അധികാരങ്ങൾ ഉറപ്പാക്കി. ഒ.ബി.സി. കമ്മിഷന്‌ ഭരണഘടനാപരമായ സാധുത നൽകി. പട്ടികജാതി-വർഗ നിയമഭേദഗതി, മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും സവർണവിഭാഗങ്ങളെ ചൊടിപ്പിച്ചു. 2018-ൽ വോട്ടുകുത്തി, ഡിസംബറിൽ ബി.ജെ.പി.യെ ഇവിടെ അധികാരത്തിൽനിന്നിറക്കി. പ്രാദേശികസർക്കാരുകളോടുള്ള നൈരാശ്യത്തിനൊപ്പം കോൺഗ്രസ്‌ വിജയത്തിന്‌ ഇതും കാരണമായി.

ഉറച്ച തീരുമാനങ്ങൾ

കുറെനാൾമുമ്പ്‌ കുറെ എം.പി.മാർ മോദിയെക്കണ്ട്‌, ഇങ്ങനെ പോയാൽ പാർട്ടിക്ക്‌ തിരിച്ചടിയാകുമെന്ന്‌ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞു, ‘‘ഞാൻ എന്നും പ്രധാനമന്ത്രിയായിരിക്കുമെന്ന ധാരണയിലല്ല ഡൽഹിക്കുവന്നത്‌. കിണ്ടിയും വടിയുമെടുത്ത്‌ വന്നപോലെ തിരിച്ചുപോയേക്കാം.’’ ഈ കൂസലില്ലായ്മയാണ്‌ മോദിയെ മോദിയാക്കുന്നത്‌. എത്ര പ്രകോപിപ്പിച്ചാലും ഉത്തരം പറയില്ലെന്ന്‌ തീരുമാനിച്ചാൽ പറയില്ല. ഇതാണ്‌ രാഹുൽഗാന്ധി ‘ചൗക്കിദാർ ചോർ ഹൈ’ എന്ന്‌ പറഞ്ഞുനടന്ന്‌ തനിക്ക്‌ മറുപടി കിട്ടിയില്ലെന്ന്‌ പരാതിപ്പെട്ടതിന്‌ കാരണം.

അർഹിക്കാത്ത ചോദ്യങ്ങൾക്ക്‌ മറുപടി പറയില്ല മോദി. കരൺ ഥാപ്പറിന്റെ അഭിമുഖത്തിൽനിന്ന്‌ ഇറങ്ങിപ്പോരുമ്പോഴും വിക്രംചന്ദ്രയുടെ ചോദ്യങ്ങൾക്ക്‌ തുടർച്ചയായി മറുപടി പറയാതിരുന്നപ്പോഴുമെല്ലാം ഈ വ്യക്തിത്വം പ്രകടമായി. ബാലാകോട്ട്‌ വ്യോമാക്രമണത്തെക്കുറിച്ചും സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചും ബാലിശമായി ചോദ്യംചോദിച്ചവരോടും മോദിയുടെ ഭാഷ മൗനംതന്നെ. മോദി ജനങ്ങളുമായി ‘കണക്ട്‌’ ചെയ്യുന്നത്‌ മാധ്യമങ്ങളുടെ ഔദാര്യത്തിലൂടെയല്ല.  അവർക്കുവേണ്ടതും രാഷ്ട്രത്തിന്‌ ഗുണകരമായതും മോദിക്കറിയാം.

ജനഹൃദയങ്ങളിലേക്കുള്ള ‘കണക്‌ഷൻ’
ആരും പറഞ്ഞിട്ടല്ല പാവപ്പെട്ടവന്റെ പത്തുകോടി കുടുംബങ്ങളിലേക്ക്‌ പാചകവാതകമെത്തിച്ചത്‌. അവസാനത്തെ 22,000 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തിച്ചതും പുതുതായി അഞ്ചുകോടി കുടുംബങ്ങൾക്ക്‌ വൈദ്യുതി കണക്‌ഷൻ കൊടുത്തതും 29 കോടി ജനങ്ങളെ ജീവിതത്തിലാദ്യമായി ബാങ്ക്‌ അക്കൗണ്ട്‌ ഉള്ളവരാക്കിയതും ശുചിത്വത്തിന്റെ പേരിൽ 10 കോടിയിലധികം ടോയ്‌ലറ്റുകൾ നിർമിച്ചതും 2.5 കോടി പാവപ്പെട്ടവർക്കായി വീടുണ്ടാക്കിയതും 30 കോടി പേർക്ക്‌ പണയം വെക്കാതെ മുദ്രായോജനവഴി ബാങ്കുകളിൽനിന്ന്‌ ചെറിയ പലിശയ്ക്ക്‌ വായ്പകൾ നൽകിയതും ആയുഷ്‌മാൻ യോജനവഴി 30 കോടി ജനങ്ങളെ സ്ഥിരമായ ആരോഗ്യപദ്ധതിയുടെ ഭാഗമാക്കിയതുമെല്ലാം ആരെയും ബോധിപ്പിക്കാനായിരുന്നില്ല. സമത്വസുന്ദരമായ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നമായിരുന്നു മോദിയുടെ പ്രചാരണായുധം. പ്രതിപക്ഷം കടപുഴകിവീണതും ഇവിടെയാണ്‌.

അജൻഡ തീരുമാനിച്ച്‌ നടപ്പാക്കി
 തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സ്വന്തം പ്രതികരണങ്ങളിലൂടെ മോദി അജൻഡ തീരുമാനിച്ചു. കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം നിഷ്‌പ്രഭമാക്കി. കള്ളനെന്ന്‌ വിളിച്ചാൽ അത്‌ മോദിക്ക്‌ ഏശില്ല. പ്രത്യേകിച്ച്‌ രാഷ്ട്രീയത്തിലൂടെമാത്രം കോടികൾ സമ്പാദിച്ച കുടുംബവാഴ്ചക്കാരായ രാഷ്ട്രീയക്കാരാണ്‌ മോദിയെ കള്ളനെന്ന്‌ വിളിച്ചത്‌.  വികസനനേട്ടങ്ങൾക്കൊപ്പം ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടും പാകിസ്താനോടുള്ള കടുത്ത നിലപാടും രാപകൽ രാജ്യത്തിനുവേണ്ടിമാത്രം ജീവിക്കുന്ന നേതാവ്‌ എന്ന പദവി മോദിക്ക്‌ നൽകി. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ്‌ തീവ്രവാദിയെ യു.എന്നിൽ, ചൈനയുടെകൂടി സഹായത്തോടെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചതും പാകിസ്താൻ ലോകവേദിയിൽ ഒറ്റപ്പെട്ടതും മോദിയുടെ നയതന്ത്രവിജയമാണെന്ന്‌ രാഷ്ട്രം മനസ്സിലാക്കി. ഇന്ത്യ ആദ്യമായി ലോകവേദിയിൽ ‘ഇന്ത്യാ സെൻട്രിക്‌’ അജൻഡയുമായി നിവർന്നുനിന്നപ്പോൾ എല്ലാ രാജ്യങ്ങളും ആശയപരവും ആദർശപരവുമായ മതിലുകൾക്കപ്പുറം ഇന്ത്യ എന്ന ശക്തിയെ അംഗീകരിച്ചു. ഇതാണ്‌ മോദിയുടെ നേട്ടം. 
ലോകത്ത്‌ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ വ്യവസ്ഥയായി രാജ്യം മാറി.

അഞ്ചുവർഷമായി നികുതി വർധിപ്പിക്കാതെ സേവനനികുതിനിരക്ക്‌ കാര്യമായി കുറച്ച്‌, നാണയപ്പെരുപ്പവും വിലക്കയറ്റ നിലവാരവും നാലുശതമാനത്തിനുതാഴെ നിർത്തിയ ചരിത്രം ഇന്ത്യയിൽ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല. മൻമോഹൻസിങ്ങിന്റെ കാലത്ത്‌ 14 ശതമാനം വരെയായി കുതിച്ചു കയറിയിരുന്നു വിലക്കയറ്റം എന്നോർക്കണം. തിരഞ്ഞെടുപ്പിന്റെ അവസാനദിവസം 
മോദി കേദാർനാഥിൽ പോയതും പ്രതിപക്ഷം ആയുധമാക്കി. മോദിക്ക്‌ ആഗ്രഹിച്ചതിലധികം പബ്ലിസിറ്റി ഇവിടെയും കിട്ടി. പറയാതെതന്നെ ഹിന്ദു ഐക്കണുമായി. ഇങ്ങനെയൊക്കെയാണ്‌ പ്രതിപക്ഷം നിലംപരിശായത്‌. മമതാ ബാനർജിയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന, ‘മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല’ എന്നുതുടങ്ങിയ ആശയങ്ങൾ, രാജ്യത്തെ തുണ്ടംതുണ്ടമാക്കുമെന്ന്‌ പറഞ്ഞവരോടുള്ള പ്രതിപക്ഷ  പ്രതിപത്തി എന്നിവയൊക്കെ മോദി ആയുധമാക്കിയെങ്കിൽ എന്തിന്‌ മോദിയെ കുറ്റംപറയണം.  

അവസരങ്ങൾ അനുകൂലമാക്കി
എല്ലാ അവസരങ്ങളും മോദി തനിക്കനുകൂലമാക്കി. ജനങ്ങളുമായി നേരിട്ട്‌ സംവാദമുണ്ടാക്കുന്ന ഒരു കർമപദ്ധതിയിലൂടെയാണ്‌ മോദി കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചത്‌. ഡിജിറ്റൽ ഇന്ത്യയുടെ വിജയവും ഇതിനുസഹായിച്ചു. കർഷകർക്ക്‌ കടം എഴുതിത്തള്ളുന്നതിന്‌ പകരം, നേരിട്ട്‌ 6000 രൂപ വർഷംതോറും എത്തിക്കുന്ന സംവിധാനം എല്ലാ കർഷകർക്കും വലിയ സഹായമായി. ഇതിന്‌ രാഹുലിന്റെ 71,000 ന്യായ്‌ പദ്ധതിയെക്കാൾ വിശ്വനീയത നേടാനായി. പോരാത്തതിന്‌ മോദി-അമിത്‌ ഷാ ശക്തമായ സംഘടനായന്ത്രവും മോദിവിജയത്തിനാധാരമായി. 

ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിലും പ്രതിപക്ഷപാർട്ടികളിലും വലിയ ഉരുൾപൊട്ടലുകളുണ്ടാവും. മധ്യപ്രദേശ്‌, കർണാടക സർക്കാരുകളുടെ ഭാവിയും അവതാളത്തിലാകും. രാഹുലിനും എതിർപ്പ്‌ വർധിക്കും. ബി.ജെ.പി. അറുപതുകളിലെ കോൺഗ്രസുപോലെ ഇന്ത്യയിലെ ഭരണകക്ഷിയായി എന്നുമാത്രമല്ല, ഇന്ത്യ മുഴുവനും പടർന്നുപന്തലിച്ച പ്രാതിനിധ്യ സ്വഭാവവും കൈവരിച്ചു. ഇത്‌ ന്യൂനപക്ഷങ്ങളെയും വലിയ തോതിൽ ബി.ജെ.പി.യിലേക്ക്‌ ആകൃഷ്ടരാക്കും. പ്രത്യേകിച്ച്‌ മോദിയുടെ ക്ഷേമപദ്ധതികളെല്ലാം മതേതര സ്വഭാവത്തിന്റെ മകുടോദാഹരണങ്ങളാണെന്ന്‌ തെളിയുമ്പോൾ. 

(മുതിർന്ന മാധ്യമ പ്രവർത്തകനായ ലേഖകൻ, ബി.ജെ.പി. ഇലക്ഷൻ ലിറ്ററേച്ചർ കമ്മിറ്റി അംഗവും നാഷണൽ ട്രെയിനിങ്‌, പബ്ളിക്കേഷൻസ്‌ കമ്മിറ്റി കോ-കൺവീനറുമാണ്‌)

Content Highlights:  2019 Loksabha Elections, Modi