'' ന്യൂനപക്ഷങ്ങളുടെ വിശ്വാസം നമ്മള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.'' ശനിയാഴ്ച എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. വികസനത്തിനൊപ്പം വിശ്വാസത്തിനും ബിജെപിയും മോദിയും പ്രാധാന്യം നല്‍കുമ്പോള്‍ രാഷ്ട്രം തീര്‍ച്ചയായും കാതോര്‍ക്കേണ്ടതുണ്ട്. വോട്ട്ബാങ്കില്‍ ലക്ഷ്യമിട്ടവരാണ് ന്യൂനപക്ഷങ്ങളെ തങ്ങളില്‍ നിന്നകറ്റിയതെന്നാണ്  മോദി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ കൂടെയല്ലെന്ന തിരിച്ചറിവ് മോദിക്കും ബിജെപിക്കുമുണ്ടാവുന്നത് ശുഭ സൂചനയാണ്. വെറുപ്പും വിവേചനവും വര്‍ഗ്ഗീയതയും കലുഷിതമാക്കിയ ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനു ശേഷം വിജയ രഥത്തില്‍ നില്‍ക്കുമ്പോള്‍ സമസ്ത ജനതയേയും ഓര്‍ക്കാന്‍ കഴിയുന്നുവെന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ മുന്നോട്ടുള്ള സഞ്ചാരത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 

 പക്ഷേ, വാക്കുകള്‍ മാംസമാവുന്നത് പ്രവൃത്തിയിലൂടെയാണ്. ചെയ്തിയില്ലെങ്കില്‍ ചൊല്ല് അര്‍ത്ഥശൂന്യമാണ്. 303 എം പിമാരാണ് ബിജെപിക്ക് ഇപ്പോള്‍ ലോക്സഭയിലുള്ളത്. അതില്‍ ഒരാള്‍ പോലും മുസ്ലിം സമുദായത്തില്‍ നിന്നില്ല. ആറു പേരെയാണ് മുസ്ലിം സമുദായത്തില്‍ നിന്നും ബി ജെപി ഇക്കുറി ലോക്സഭയിലേക്കുള്ള പോരാട്ടത്തില്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. മൂന്നു പേര്‍ ജമ്മു കാശ്മീരിലും രണ്ടു പേര്‍ ബംഗാളിലും ഒരാള്‍ ലക്ഷദ്വീപിലും. ഇവരിലാര്‍ക്കും തന്നെ ജയിക്കാനായില്ല. ഇതിന് ബിജെപിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥവുമില്ല. ഇവരെ ജനം തിരഞ്ഞെടുക്കാത്തത് തങ്ങളുടെ കുറ്റമാണോ എന്ന് ബിജെപി നേതാക്കള്‍ ചോദിച്ചാല്‍  തിരിച്ചൊന്നും പറയാനുണ്ടായെന്നു വരില്ല. പക്ഷേ, ഈ കുറവ് ഇനിയും ബിജെപിക്ക് പരിഹരിക്കാവുന്നതേയുള്ളു. രാജ്യസഭയില്‍ മുസ്ലിങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കൊടുക്കാന്‍ ബിജെപിക്കാവണം. ഇനി നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ വെല്ലൂര്‍ ഉപതിരഞ്ഞെടുപ്പിലും ഒരു മുസ്ലിമിനെ കളത്തിലിറക്കാന്‍ ബിജെപി തയ്യാറാവണം.

modi

ന്യൂനപക്ഷങ്ങള്‍ പേടിച്ചിട്ടുണ്ടെന്ന് മോദി പറയുന്നത് അക്ഷരം പ്രതി ശരിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള കേരളത്തിലും തമിഴ്നാട്ടിലും ബിജെപി നിലം തൊടാതെ പോയതിനു പിന്നില്‍ ഈ പേടി നിര്‍ണ്ണായക ഘടകമായിരുന്നു. കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും കളിച്ച വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങളെ തങ്ങളില്‍ നിന്നകറ്റിയതെന്ന വിശകലനം ബിജെപിയെ ആത്യന്തികമായി യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കില്ല. 1947 ആഗസ്തില്‍  കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയില്‍ സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ ബംഗാളിലെ നവഖലിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷ മേഖലയിലായിരുന്നു ഗാന്ധിജി. ദൈവത്തെ നമുക്ക് ഈശ്വരനെന്നും അള്ളായെന്നും വിളിക്കാം എന്ന് ഗാന്ധിജി പറഞ്ഞത് ഉള്ളിന്റെയുള്ളില്‍ നിന്നായിരുന്നു. ഇന്ത്യയെ അറിഞ്ഞ യുഗപുരുഷന്റെ വാക്കുകളായിരുന്നു അത്. 

 ഈ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെയാണ് ബിജെപിയുടെ പുതിയ എം പി പ്രജ്ഞ ഠാക്കൂര്‍ ദേശസ്നേഹിയെന്ന് വിളിച്ചത്. പ്രജ്ഞയോട് തനിക്ക് പൊറുക്കാനാവില്ലെന്ന് മോദി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തേടി ബിജെപി പുതിയ യാത്ര തുടങ്ങുമ്പോള്‍ പ്രജ്ഞയെപ്പോലുള്ളവരുടെ സ്ഥാനം അതില്‍ എവിടെയായിരിക്കുമെന്നത് സുപ്രധാനമാണ്. വോട്ട് ചെയ്തില്ലെങ്കില്‍ ജോലി ചോദിച്ച് വരരുതെന്ന് മുസ്ലങ്ങളോട് പറഞ്ഞ മനേക ഗാന്ധി വീണ്ടും മന്ത്രിസഭയിലുണ്ടാകുമോ എന്നും നമുക്ക് നോക്കേണ്ടതുണ്ട്‌.

ജീവിതം പോലെ തന്നെ രാഷ്ട്രീയവും കരുണാര്‍ദ്രവും സ്നേഹാര്‍ദ്രവുമായിരിക്കണം. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഗാന്ധിജി മുന്നോട്ടുവെച്ച ജീവിത വീക്ഷണം കൂടിയാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നകന്നത് അന്ന് നരസിംഹറാവു സര്‍ക്കാര്‍ പുലര്‍ത്തിയ  കുറ്റകരമായ നിശ്ശബ്ദതയും നിസ്സംഗതയും കാരണമാണ്. എസ്പിയേയും ആര്‍ജെഡിയേയുമൊക്കെ മുസ്ലീങ്ങള്‍ കൂടുതല്‍ വിശ്വസിച്ചു തുടങ്ങിയതും കോണ്‍ഗ്രസ്സിനോടുള്ള പ്രതിഷേധ സൂചകമായാണ്. 

MODI

2002 ലെ ഗുജറാത്ത് കലാപം ഇന്ത്യയിലെ മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചു കൊല്ലങ്ങളില്‍ ഈ മുറിവ് ഉണക്കാന്‍ കാര്യമായൊരു ശ്രമവും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങളെ ശരിക്കും പേടിപ്പിച്ചു. ഈ പേടി ഇല്ലാതാക്കണമെങ്കില്‍ ബിജെപി ഏറെ ദൂരം നടക്കേണ്ടതുണ്ട്. അതിനുള്ള ആത്മാര്‍ത്ഥമായ തുടക്കമാണ് ഞായറാഴ്ച മോദിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെങ്കില്‍ രാഷ്ട്രത്തിന് തീര്‍ച്ചയായും ആശ്വസിക്കാം. പക്ഷേ, ഹിന്ദുത്വയുടെ വലിയൊരു നിഴല്‍ ബിജെപിക്ക് മേലുണ്ട്. ഇക്കഴിഞ്ഞ ഒരു മാസം ഇന്ത്യ കണ്ട പ്രചാരണ പരിപാടികള്‍ ആ നിഴലിന്റെ വലുപ്പം കൂട്ടിയിട്ടേയുള്ളൂ.

സുശക്തവും സുദൃഢവുമായ ജനവിധിയാണ് ഇക്കുറി മോദിക്കും ബിജെപിക്കും കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരം തന്നെയാണിത്. പക്ഷേ, ആര്‍ എസ് എസ്സ് ഈ നീക്കം എങ്ങിനെയാണ് കാണുന്നതെന്നിടത്തായിരിക്കും മോദിയുടെ അജണ്ടയുടെ വിജയവും പരാജയവും. 2025 ല്‍  ആര്‍ എസ് എസ്സിന് 100 വയസ്സ് തികയും. ആ സുവര്‍ണ്ണ മൂഹൂര്‍ത്തത്തിലേക്കുള്ള ആറു വര്‍ഷക്കാലം ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിനും ന്യൂനപക്ഷ വിശ്വാസ വീണ്ടെടുപ്പിനുമിടയില്‍ നിര്‍ണ്ണായകമാവും.

1920ല്‍ മോസ്‌കോയില്‍ രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ നടക്കുമ്പോള്‍ ഇന്ത്യാക്കാരനായ എം എന്‍ റോയിയുടേത് സുപ്രധാനമായ ശബ്ദമായിരുന്നു. ഇന്ത്യയെയല്ല മെക്സിക്കോയെ പ്രതിനിധീകരിച്ചാണ് അന്ന് റോയ് മോസ്‌കോയിലെത്തിയത്. ഇന്ത്യയുള്‍പ്പെടെയുള്ള കോളനി രാഷ്ട്രങ്ങളെക്കുറിച്ച് ലെനിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചത് റോയ് ആണ്. 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ചെറുപ്പക്കാരന്റെ വാക്കുകള്‍ അന്ന് ലെനിന് തള്ളിക്കളയാമായിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തിന്റെ അത്യുന്നത പുരോഹിതന് അത് വളരെ എളുപ്പമായിരുന്നു. പക്ഷേ, റോയിയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്  ഈ തിരുത്തലുകള്‍ തന്റെ റിപ്പോര്‍ട്ടിനൊപ്പം തന്നെ അവതരിപ്പിക്കുന്നതിന് ലെനിന്‍ തയ്യാറായി.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രകാശഭരിതമാക്കുന്ന മറ്റൊന്നില്ല. സ്റ്റാലിനും മാവേയ്ക്കും മുന്നില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അപചയത്തിന് വിധേയമായതില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവത്തിന് സുപ്രധാന പങ്കുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ജനാധിപത്യം ബിജെപി അനുഭവിക്കേണ്ട കാലമാണിത്. തന്റെ സര്‍ക്കാരിന്റെ  കര്‍മ്മ പരിപാടികള്‍ നിഷ്‌കരുണം വിചാരണ ചെയ്യപ്പെടുന്നതിനുള്ള വേദിയായി ബിജെപിയെ മാറ്റിയെടുക്കാന്‍ മോദിക്കും ഷായ്ക്കും കഴിയണം. 

ഇന്ദ്രപ്രസ്ഥത്തില്‍ മോദി രണ്ടാം വട്ടത്തിന് തുടക്കമിടുമ്പോള്‍ പുതിയൊരു ഭാവവും പുതിയൊരു ശബ്ദവുമുണ്ടാവുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.  ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. ഗാന്ധിജിയും നെഹ്രുവും ജയപ്രകാശ്നാരായണുമൊക്കെ നിലകൊണ്ടത് ഈ ആത്മാവിന്റെ സംരക്ഷണത്തിനായാണ്. 1971 ല്‍ ഇന്ദിരാഗാന്ധി അധികാരം നിലനിര്‍ത്തിയത് ഇത്തവണ മോദിക്കും ബിജെപിക്കും കിട്ടിയ സീറ്റുകളേക്കാള്‍ കൂടുതല്‍ നേടിക്കൊണ്ടാണ്. 

പക്ഷേ, 77 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരയെയും കോണ്‍ഗ്രസ്സിനെയും ഇന്ത്യന്‍ ജനത കൈയ്യാഴിഞ്ഞു. വലിയ ഭൂരിപക്ഷങ്ങള്‍ താത്ക്കാലികമാണ്. ജനതയുടെ വിശ്വാസമാണ് പ്രധാനം. ആ വഴിയിലൂടെയുള്ള യാത്രയില്‍ മോദിക്ക് കാലിടറാതിരിക്കട്ടെ. കാരണം ഇന്ത്യയുടെ ആത്മാവിന് ഇനിയും അധികം പരീക്ഷണങ്ങള്‍ താങ്ങാനായെന്നു വരില്ല.

Content Highlights: Narendra Modi, BJP, Election Result2019