തിരുവനന്തപുരം: പാലംവലി, പടലപ്പിണക്കം, വാക്‌ദോഷം, ഭാരമായ തുലാഭാരം... ‘എക്‌സാസ്‌പറേറ്റിങ് ഫറാഗോ’ എന്ന സ്വന്തം പ്രയോഗംപോലെയായിരുന്നു ഇത്തവണ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലം. കുഴഞ്ഞുമറിഞ്ഞ അസ്വസ്ഥതകളുടെ ഘോഷയാത്ര. നിറയെ കാർമേഘങ്ങൾ.

അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും തരൂരിനെ എഴുതിത്തള്ളി. മോദിയുടെ ഭരണത്തെ കളിയാക്കാൻ തരൂർ ഇറക്കിവിട്ട പാമ്പുപോലെ നീളമുള്ള ‘ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന വാക്കുണ്ടല്ലോ. തരൂരിന്റെ മൂന്നാം മത്സരത്തെക്കുറിച്ച് സർവേകളും അതുതന്നെ പറഞ്ഞു. കഴമ്പില്ലാത്ത കസർത്ത്. ജയിക്കാൻ പോകുന്നില്ല.

പിറന്നാൾദിനത്തിൽ അമ്പലത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയ്ക്കു പരിക്കേറ്റത് ദുശ്ശകുനമായി വിലയിരുത്തിയവരുണ്ട്. പരിക്കുകാരണം എതാനും ദിവസം പ്രചാരണത്തിനും ഇറങ്ങാനായില്ല. മുറിവിലെ വെച്ചുകെട്ട് മറയ്ക്കാൻ ഉത്തരേന്ത്യൻ ശൈലിയിൽ കിരീടത്തലപ്പാവുമായാണ് തരൂർ പിന്നീടിറങ്ങിയത്. അതിപ്പോൾ വിജയത്തിന്റെ തലപ്പാവാണ്. തുടർച്ചയായ മൂന്നാംവിജയം. ഫറാഗോയെ തോൽപ്പിച്ച ഹാട്രിക്. ഇതിനുമുമ്പ് എ. ചാൾസിനുമാത്രമേ മൂന്നുതവണ തുടർച്ചയായി തലസ്ഥാനത്തിന്റെ എം.പി.യാകാൻ കഴിഞ്ഞിട്ടുള്ളൂ.

തരൂരിന്റെ പ്രചാരണവും വിവാദങ്ങളും ഒരുമിച്ചാണ് തുടങ്ങിയത്. ‘വൈ അയാം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവർ പോസ്റ്ററിൽ അടിച്ചത് കേസായി. മുമ്പെഴുതിയ ഒരു നോവലിൽ ‘സംബന്ധ’ത്തിന്റെ പേരിൽ നായർസ്ത്രീകളെ അധിക്ഷേപിച്ച തരൂരിനെ കെട്ടുകെട്ടിക്കാനായി പിന്നത്തെ ആഹ്വാനം. അമ്മയെയും സഹോദരിമാരെയും ഒപ്പംനിർത്തി കുലസ്ത്രീകൾക്കൊപ്പം എന്ന പടം പോസ്റ്റ് ചെയ്താണ് തരൂർ അതിന് മറുപടി നൽകിയത്.

മനുഷ്യരെമാത്രം പിടിച്ചിരുന്ന തലസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളെ മീൻപിടിക്കുന്നവരാക്കാനും ഇതിനിടെ തരൂരിന് കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വോട്ടുതേടാൻ ചന്തയിൽപ്പോയതിന്റെ അനുഭൂതി വിവരിച്ചപ്പോൾ ‘സ്‌ക്വീമിഷ്‌ലി’ എന്ന ഇംഗ്ലീഷ് വാക്ക് അദ്ദേഹം പ്രയോഗിച്ചത് പുകിലായി. ചന്തയിൽപ്പോയപ്പോൾ ഓക്കാനം വന്നെങ്കിൽ അത് മത്സ്യത്തൊഴിലാളികളെ അപമാനിക്കലല്ലേയെന്നായി ചോദ്യം. കോട്ടംതീർക്കാൻ ചില കോൺഗ്രസ് നേതാക്കൾ തരൂരിനൊപ്പം ജീവിതത്തിലാദ്യമായി പച്ചമീൻ കൈയിലേന്തി പോസ് ചെയ്തു.

മീൻപിടിച്ച പലരും വോട്ടുപിടിക്കാതെ മുങ്ങിയത് ഹൈക്കമാൻഡിനെ തരൂർ അറിയിച്ചപ്പോഴുണ്ടായ കോളിളക്കം യു.ഡി.എഫിന് നാണക്കേടായി. പ്രത്യേക നിരീക്ഷകൻ പറന്നെത്തി മീശപിരിച്ചതോടെ മുങ്ങിയ പലരും പൊങ്ങി. കോൺഗ്രസുകാരല്ലാത്തവരും തരൂർ ജയിക്കണമെന്ന് കൊതിച്ചതാണ് അദ്ദേഹത്തിന്റെ വിജയമെന്ന് കരുതിയാൽ തെറ്റില്ല.

2009-ൽ ആദ്യ മത്സരത്തിൽ 99,998 വോട്ടായിരുന്നു തരൂരിന്റെ ഭൂരിപക്ഷം. 2014-ൽ അത് 14,501 ആയി. ഇത്തവണ കുമ്മനം രാജശേഖരനെ നേരിട്ടപ്പോൾ ആദ്യതവണത്തേതുപോലെ മിന്നുന്ന വിജയമാണ് തരൂരിനെക്കാത്തിരുന്നത്. കാർമേഘങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റഡാറുകളിൽ ഈ വിജയം പെട്ടില്ലെന്നേയുള്ളൂ.

Content Highlights: Election Result Kerala, Shashi Tharoor