കണക്കുകൂട്ടലുകളും സർവേകളും എക്സിറ്റ്പോളുകളും തിരുത്തേണ്ടിവന്ന തിരഞ്ഞെടുപ്പുകൾ മുമ്പും നടന്നിട്ടുണ്ട്. എന്നാൽ, ഇക്കഴിഞ്ഞതുപോലുള്ള ഒരു ‘സുനാമി’യുടെ സൂചന രാഷ്ട്രീയകേന്ദ്രങ്ങളോ നിരീക്ഷകരോ പ്രവചിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടിയധ്യക്ഷൻ അമിത്ഷായും ഒഴികെ ബി.ജെ.പി.യിലെ പ്രമുഖർ പോലും ഇത്തരം വലിയ വിജയം മുൻകൂട്ടി കണ്ടില്ല.

ബി.ജെ.പി.ക്ക്‌ മേൽക്കൈയും എൻ.ഡി.എ.യ്ക്ക് സർക്കാരുണ്ടാക്കാൻ പാകത്തിൽ കഷ്ടിച്ചുള്ള ഭൂരിപക്ഷവുമാണ് പൊതുവിൽ ഭരണപക്ഷത്തുള്ളവർപോലും പരമാവധി പ്രതീക്ഷിച്ചത്. എന്നാൽ, മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ആസൂത്രണങ്ങൾക്കും പ്രചാരണതന്ത്രങ്ങൾക്കും മുന്നിൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ പിഴച്ചു. പ്രത്യേകിച്ച്, പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും.

ഉത്തരേന്ത്യയിൽ മുഴുവൻ പ്രതിപക്ഷത്തെയും പ്രാദേശികപാർട്ടികളെയും തൂത്തെറിഞ്ഞ ബി.ജെ.പി. മുന്നേറ്റത്തിന്‌ കാരണങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അമിത്ഷായുടെ പിഴവില്ലാത്ത ആസൂത്രണം അവയിൽ പ്രധാനമാണ്. യു.പി.യിൽ 60 സീറ്റ്‌ നേടുമെന്നും ദേശീയതലത്തിൽ 300 കടക്കുമെന്നും വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ അദ്ദേഹം തറപ്പിച്ചുപറഞ്ഞത് ഈ ആസൂത്രണ മികവുകൊണ്ടാണ്.

പണ്ടും പ്രവചനങ്ങൾ പാളി

1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇപ്പോഴത്തേതിനുസമാനമായ വൻതകർച്ച കൃത്യമായി ആരും മുൻകൂട്ടി കണ്ടിരുന്നില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തോറ്റ ആ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽനിന്ന് കോൺഗ്രസിനുകിട്ടിയത് വെറും രണ്ടുസീറ്റ്. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തരംഗമായാലും അല്ലെങ്കിലും 2004 വരെ ഫലങ്ങൾ ഏറക്കുറെ സൂചനകൾക്കും പ്രവചനങ്ങൾക്കും അടുത്തുനിന്നു. 1999 മുതൽ അഞ്ചുകൊല്ലത്തെ ഭരണത്തിനുശേഷം പ്രധാനമന്ത്രി വാജ്‌പേയി ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി തിരഞ്ഞെടുപ്പ് ആറുമാസം നേരത്തേയാക്കിയത് മൂന്നാമതും തിരിച്ചുവരാൻ പറ്റുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, സോണിയാഗാന്ധി പ്രതിപക്ഷത്തിന്റെ മുഖ്യപ്രചാരകയായി നേരിട്ടിറങ്ങിയ ആ വർഷം എൻ.ഡി.എ. തോറ്റു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.യെ തകർത്തുള്ള കോൺഗ്രസിന്റെ തിരിച്ചുവരവ് അന്ന് എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. യു.പി.യിൽ നേരത്തേ തോറ്റടിഞ്ഞ കോൺഗ്രസിന് അവിടെനിന്ന് 22 സീറ്റ്‌ കിട്ടി. ഒരുപാർട്ടിയോ മാധ്യമമോ രാഷ്ട്രീയനിരീക്ഷകരോ ആ വിജയം മുൻകൂർ കണ്ടില്ല.

2009-ൽ യു.പി.എ.യുടെ രണ്ടാംവരവും നിലമെച്ചപ്പെടുത്തലും ഏതാണ്ട് സമാനമായിരുന്നു. 2014-ൽ മൻമോഹൻ സിങ് സർക്കാരിന്റെ തകർച്ച എല്ലാവരും മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ, നരേന്ദ്രമോദിക്ക് ആ തരംഗത്തിൽ ലഭിച്ച വൻഭൂരിപക്ഷം എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറംപോയി. എന്നാൽ, ഇക്കുറി തരംഗം ആരും കണ്ടില്ലെന്നുമാത്രമല്ല, പാർട്ടിയുടെ അംഗബലവും വളർച്ചയും എല്ലാ പ്രവചനങ്ങളെയും ഊഹാപോഹങ്ങളെയും കശക്കിയെറിഞ്ഞു.

യു.പി.യിലെയും ബിഹാറിലെയും സഖ്യങ്ങൾ ഇക്കുറി മോദിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും രാഷ്ട്രീയനിരീക്ഷകരുടെയും കണക്കുകൾ പാടെ തെറ്റുന്നതാണ്‌ കണ്ടത്. ഗോരഖ്പുർ, ഫുൽപുർ ഉപതിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി.-എസ്.പി. സഖ്യം ബി.ജെ.പി.യെ തകർത്തതും കർണാടകം, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് വൻ നേട്ടമുണ്ടാക്കിയതുമാണ് പ്രതിപക്ഷത്തിന്‌ ആവേശവും പ്രതീക്ഷയും പകർന്നത്. കോൺഗ്രസുമായി നേരിട്ട്‌ ഏറ്റുമുട്ടുന്ന ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി. താഴോട്ടുപോകുമെന്നും വിവിധ തലത്തിൽ സഖ്യങ്ങളുള്ള യു.പി., ബിഹാർ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ബി.ജെ.പി.യെ തളയ്ക്കാനാവുമെന്നും ആയിരുന്നു കണക്കുകൂട്ടൽ. പക്ഷേ, 2014 മുതൽ മോദിയും അമിത് ഷായും നടത്തിവന്ന ആസൂത്രണങ്ങൾക്കുമുന്നിൽ പ്രതിപക്ഷത്തിന്റെ ഒരു തന്ത്രത്തിനും പിടിച്ചുനിൽക്കാനായില്ല.

കോൾ സെന്റർമുതൽ സാമൂഹികമാധ്യമ സെല്ലുവരെ

ദേശീയ രാഷ്ട്രീയത്തിൽ അധികമൊന്നും അറിയാതിരുന്ന അമിത്ഷായെ യു.പി.യുടെ ചുമതലക്കാരനായി നിയമിക്കുകയും പിന്നീട് പാർട്ടിയധ്യക്ഷനാക്കുകയും ചെയ്തതുമുതൽ തുടങ്ങിയതാണ് എൻ.ഡി.എ.യുടെ തന്ത്രം മെനയൽ. ചിട്ടയായുള്ള പ്രവർത്തനവും ആസൂത്രണവും പുതിയ രീതികളും സാമൂഹികമാധ്യമ സെല്ലും സംഘടനാശേഷിയുമെല്ലാം അതിനു സഹായകരമായി. ബി.ജെ.പി.യുടെ അംഗബലം കൂട്ടാൻ ‘കോൾ സെന്ററുകൾ’ സ്ഥാപിച്ചു. ബൂത്തുതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ‘എന്റെ ബൂത്ത് ഏറ്റവും ശക്തം’എന്ന പ്രചാരണം ആരംഭിച്ചു.

2014-ൽ പാർട്ടി പരാജയപ്പെട്ട 120 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നി. ഈ മണ്ഡലങ്ങളിലേക്ക് 95 ദിന പ്രചാരണപരിപാടികൾ അമിത് ഷാ നേരിട്ടുനടത്തി. അതിന്റെ തുടക്കം നക്സൽബാരിയിൽനിന്നായിരുന്നു. 2015-നുശേഷം അദ്ദേഹം ബംഗാളിൽമാത്രം 90-ലേറെ തവണ പര്യടനം നടത്തി. അതിനിടയിൽ ത്രിപുരയിലും അസമിലും പാർട്ടി അധികാരത്തിലെത്തി. കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ച എല്ലാവരെയും നേരിട്ടുബന്ധപ്പെടുന്ന പ്രചാരണപരിപാടി മോദിയും അമിത് ഷായും കൂടി ആസൂത്രണം ചെയ്തു. 24.81 കോടി ജനങ്ങളിലേക്ക് ഈ പ്രചാരണം നേരിട്ടെത്തി. അവരിൽ ആറുകോടിയോളം സ്ത്രീകളായിരുന്നു. സൗജന്യ പാചകവാതകവും കക്കൂസും ലഭിച്ചവരാണ് ഇക്കൂട്ടത്തിൽ ഏറെയും. ആനുകൂല്യം ലഭിച്ച 14 കോടി ജനങ്ങളെ ബി.ജെ.പി.പ്രവർത്തകർ നേരിട്ടുകണ്ടു. ബാക്കിയുള്ളവരെ മൊബൈൽ, എസ്.എം.എസ്. വഴി കാര്യങ്ങൾ ധരിപ്പിച്ചു. അതിനായി മൂന്നു മണ്ഡലങ്ങൾക്ക്‌ ഒന്നുവീതം എന്ന കണക്കിൽ 161 കോൾ സെന്ററുകൾ തുറക്കുകയും 15,600 പേരെ ഫോൺവിളിക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പുദിവസം പരമാവധിപേരെ ബൂത്തിലെത്തിക്കാനുള്ള സംവിധാനം പാർട്ടിയെ ഏറെ തുണച്ചു. സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട്‌ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. അതുപോലെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ വോട്ടുകളും ഇക്കുറി പരമാവധിയിലെത്തി.

Content Highlights: loksabha election result-modi-amitshah