തുതരംഗം യു.ഡി.എഫിന് അനുകൂലമായി വീശിയാലും ആറുസീറ്റ്‌ കടപുഴകാതെ ഒപ്പം നിൽക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ഇത് 13 സീറ്റുവരെ എത്തും. തിരഞ്ഞെടുപ്പിനുശേഷം കൂട്ടിയും കിഴിച്ചും മുന്നണിയും ഘടകകക്ഷികളും എത്തിയ നിഗമനമായിരുന്നു ഇത്.

ഇടതുമുന്നണിയുടെ ഈ കണക്കും കണക്കുകൂട്ടലും പാടേ തെറ്റി. 2004 ആവർത്തിക്കുമെന്ന് അവകാശവാദം ഉന്നയിച്ച നേതാക്കൾ, അത് തലതിരിഞ്ഞാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇനി അതിന്റെ കാരണം പരിശോധിക്കുകയാണ് ഇടതുമുന്നണിക്കും അതിനെ നയിക്കുന്ന സി.പി.എമ്മിനും ചെയ്യാനുള്ളത്.

തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് വിജയമുറപ്പാക്കാനുള്ള നിലമൊരുക്കി തുടങ്ങിയതാണ് ഇടതുമുന്നണി. നാലുപാർട്ടികളെ മുന്നണിയുടെ ഭാഗമാക്കിയത് മൂന്നുമണ്ഡലങ്ങൾ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാനായിരുന്നു. ഇതിനൊപ്പം, ക്ഷേമപെൻഷൻകാരുടെ മനസ്സും പ്രളയം നേരിട്ട സർക്കാരിന്റെ കരുത്തും മുന്നണിക്കൊപ്പം ജനഹിതം നിൽക്കുമെന്ന് പ്രതീക്ഷിച്ചു. കേന്ദ്രത്തിൽ മതേതരസർക്കാർ ഉറപ്പാക്കാൻ ഇടതുമുന്നണിയുടെ അനിവാര്യതകൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണംകൂടിയായപ്പോൾ ഇടതുനിലപാട് അംഗീകരിക്കപ്പെടുമെന്നും കരുതി.

ശബരിമലയാണ് സർക്കാരിനും മുന്നണിക്കും വെല്ലുവിളിയായത്. എന്നാൽ, അത് കേരളത്തിൽ അംഗീകരിക്കപ്പെടില്ലെന്ന് മുന്നണി നേതാക്കൾ ഉറപ്പിച്ചു. കോൺഗ്രസ്-ബി.ജെ.പി. വോട്ടുകച്ചവടവും രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം ഒളിച്ചോട്ടമായി അവതരിപ്പിച്ചും പ്രചാരണവിഷയത്തിന്റെ രാഷ്ട്രീയ അജൻഡ നിശ്ചയിക്കാൻ ഇടതുനേതാക്കൾക്ക് കഴിഞ്ഞു.

ശബരിമല രാഷ്ട്രീയായുധമായി ബി.ജെ.പി. പ്രത്യക്ഷത്തിലും കോൺഗ്രസ് പരോക്ഷമായും ഇടതുമുന്നണിക്കുനേരെ ഉയർത്തിയപ്പോഴും അത് വിലപ്പോവുമെന്ന് നേതാക്കൾ കരുതിയില്ല. ഇത് കൂടുതൽ ചർച്ചയാകാതിരിക്കാനുള്ള ജാഗ്രത നേതാക്കൾ കാണിക്കുകയും ചെയ്തു. ശബരിമല യുവതീപ്രവേശത്തിന് കേരള സ്ത്രീമനസ്സ് എതിരല്ലെന്ന് സ്ഥാപിക്കാൻ വനിതാമതിൽ തീർക്കാനായതും ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്ക്ക് ആക്കംപകർന്നു.

കണക്കുകൂട്ടലുകളെല്ലാം പാടേ തെറ്റി. ജനഹിതം കോട്ടകൾപോലും തകർക്കാൻ പാകത്തിൽ എതിരായത് മുന്നണിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. മുന്നണി കൺവീനർ മോശമായി ചിത്രീകരിച്ച ആലത്തൂരിലെ രമ്യാ ഹരിദാസിനെ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്. അതും ചുവപ്പുകോട്ടയെന്ന് ഉറപ്പിച്ച മണ്ഡലത്തിൽനിന്ന്. ഇടതുമുന്നണിയിൽ ഇനി പുനഃപരിശോധനയുടെ കാലമാണ്. അത്, മുമ്പ് സ്വീകരിച്ച നിലപാടുകളിൽ ഏതിനൊക്കെ തിരുത്തലുകൾ വേണ്ടിവരുമെന്നാണ് അറിയേണ്ടത്.

ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി എന്നതാണ് പരാജയത്തിന് നേതാക്കൾ പ്രാഥമികമായി നൽകുന്ന വിശദീകരണം. ഇതിന്റെ കാരണമായത് ശബരിമലയാണെന്ന് പരസ്യമായി ഉറപ്പിക്കുന്നില്ലെങ്കിലും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. വനിതാമതിൽ സംഘടനാപരമായി വിജയവും രാഷ്ട്രീയപരമായ പരാജയവുമായെന്നാണ് ജനഹിതം തെളിയിക്കുന്നതെന്നായിരുന്നു ഒരു ഘടകകക്ഷി നേതാവിന്റെ പ്രതികരണം. വടക്കൻകേരളമായിരുന്നു ഇടതുമുന്നണിക്ക് എന്നും കരുത്തുപകർന്നത്. ആ മേഖലയിൽപ്പോലും മുന്നണി തൂത്തെറിയപ്പെട്ടുവെന്നത് സി.പി.എമ്മിലും എൽ.ഡി.എഫിലും രാഷ്ട്രീയതർക്കമായി ഉയരും.

Content Highlights: Election result Kerala, LDF