തീവ്രദേശീയതയും ഹിന്ദുത്വവാദവുമുയര്‍ത്തി രാജ്യത്തെയാകെ സംഘപരിവാര്‍ കാവിപുതപ്പിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള മോദി-ഷാ തന്ത്രത്തെ നേരിടാന്‍ കെല്‍പ്പുള്ളവര്‍ ഇവിടെയുണ്ടെന്ന് തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു, മലയാള നാട്. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ കൈകോര്‍ത്തുപിടിച്ചാണ് അത് പറഞ്ഞതെന്നതാണ് നമുക്ക് കൂടുതല്‍ അഭിമാനം പകരുന്നത്. ഇനി കേരളത്തില്‍ യു.ഡി.എഫ്. നേടിയ വന്‍ വിജയത്തിലേക്ക് വരാം. മതേതരവിശ്വാസികളായ, സമാധാനകാംക്ഷികളായ ജനം യു.ഡി.എഫിനൊപ്പം നിന്നു എന്നതാണ് വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം. 

ഒപ്പം സമ്പൂര്‍ണ പരാജയമായ പിണറായി സര്‍ക്കാരും യു.ഡി.എഫിന്റെ വിജയത്തിന് ആക്കംകൂട്ടി. ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മപരിശോധന നടത്തണം. ജനങ്ങളുടെ ദാസനാണ് യഥാര്‍ഥ ജനപ്രതിനിധി. കഷ്ടപ്പാടിലും കണ്ണീരിലും അവര്‍ക്കൊപ്പം നില്‍ക്കുന്നയാള്‍. 

ഓഖിദുരന്തം കൈകാര്യംചെയ്തതിലെ പാളിച്ച മുതല്‍ ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതുവരെ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭരണവൈകൃതം മലയാളിയെ മുച്ചൂടും മുടിപ്പിച്ചു. എന്നിട്ടും സ്വയം തിരുത്താനോ തെറ്റ് അംഗീകരിക്കാനോ തയ്യാറായില്ല മുഖ്യമന്ത്രി. 

അദ്ദേഹം കേരളത്തോടുചെയ്ത കൊടും വഞ്ചന ഇതൊന്നുമായിരുന്നില്ല. ശബരിമല കോടതി ഉത്തരവ് ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചതായിരുന്നു അത്. നവോത്ഥാനമല്ല, നരേന്ദ്രമോദിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം കേരളത്തില്‍ പയറ്റി നോക്കുകയായിരുന്നു പിണറായി. വര്‍ഗീയത വളര്‍ത്തി സംഘപരിവാറിന് ഒരു കൈത്താങ്ങ്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി ബി.ജെ.പി.-ഇടത് പാര്‍ട്ടികളുടെ പോരാട്ടവേദിയാക്കി കേരളത്തെ മാറ്റുകയെന്ന മാര്‍ക്സിയന്‍ ബുദ്ധി പക്ഷേ, പ്രബുദ്ധകേരളം തിരിച്ചറിഞ്ഞു. വിശ്വാസം വ്രണപ്പെടുത്തിയതിനുള്ള മറുപടിയും ചേര്‍ത്ത് നല്‍കി ജനം. 

മോദിയോട് കേരളം മുഖംതിരിച്ചു 

രാജ്യത്തെയാകെ വര്‍ഗീയമായി വിഭജിക്കാനായിരുന്നു നരേന്ദ്രമോദിയുടെ ശ്രമം. ഹിന്ദി ഹൃദയഭൂമിയില്‍ അത് വിലപ്പോയെങ്കിലും കേരളത്തില്‍ ചെലവായില്ല. കേരളത്തിന്റെ മണ്ണ് സംഘരാഷ്ട്രീയത്തിന്റെ പരീക്ഷണത്തിന് പാകമായിട്ടില്ലെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് വിസ്തരിക്കുന്നില്ല. എന്നാല്‍, ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്‌നം വന്നപ്പോള്‍ മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്ന സമീപനമാണ് ബി.ജെ.പി. സ്വീകരിച്ചത്. എന്നാല്‍, യു.ഡി.എഫിന്റെ നിലപാടാണ് ജനം സ്വീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു.  

തകര്‍ന്നത് സി.പി.എമ്മിന്റെ മനക്കോട്ട 

ബി.ജെ.പി. മാത്രമല്ല, സി.പി.എമ്മും ശബരിമലപ്രശ്‌നത്തെ സുവര്‍ണാവസരമായാണ് കണ്ടത്. ബി.ജെ.പി.ക്ക് വളരാനുള്ള വളമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ അതിന് അനുകൂലമായ നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. ബി.ജെ.പി.യെ വളര്‍ത്തുകയും ജനാധിപത്യശക്തികളെ ദുര്‍ബലമാക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. അവിടെ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കുന്ന സുപ്രീംകോടതിവിധി അംഗീകരിക്കുന്ന നിലപാട് മനസ്സിലാക്കാം. എന്നാല്‍, അര്‍ധരാത്രിയില്‍ വിശ്വാസികള്‍പോലുമല്ലാത്ത രണ്ട് സ്ത്രീകളെ ഹെല്‍െമറ്റ് ധരിപ്പിച്ച് സന്നിധാനത്തെത്തിച്ച് മുഖ്യമന്ത്രി വിശ്വാസസമൂഹത്തോടുള്ള പക തീര്‍ത്തു. വിശ്വാസികളുടെ ഹൃദയത്തിലേറ്റ വലിയ മുറിവായി അത് മാറി.  

സന്നിധാനം വിപ്ലവധാര്‍ഷ്ട്യം പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ ഫലമായാണ് പരമ്പരാഗതമായി ഇടതുമുന്നണിക്ക് വോട്ടുചെയ്തിരുന്ന ഭൂരിപക്ഷവിഭാഗങ്ങളുടെ വോട്ടില്‍ വലിയ ചോര്‍ച്ച അവര്‍ക്ക് അനുഭവപ്പെട്ടത്. ഇതിനൊപ്പം ദേശീയതലത്തില്‍ കോണ്‍ഗ്രസിനേ ബി.ജെ.പി.യെ നേരിടാനുള്ള കരുത്തുള്ളൂവെന്ന സത്യം ഉള്‍ക്കൊണ്ട് ന്യൂനപക്ഷവോട്ടും കൂട്ടമായി യു.ഡി.എഫിന് ലഭിച്ചു. 

രാഹുല്‍ തരംഗമായി

ചരിത്രത്തില്ലില്ലാത്ത ഭൂരിപക്ഷം നല്‍കിയാണ് കേരളം രാഹുല്‍ഗാന്ധിയെ വരവേറ്റത്. ഇത് മറ്റുവിജയങ്ങളുമായി താരതമ്യംചെയ്യുന്നില്ല. 1977-ല്‍ 20 സീറ്റും യു.ഡി.എഫ്. നേടിയിട്ടുണ്ട്. എന്നാല്‍, ലക്ഷങ്ങളുടെ  ഭൂരിപക്ഷം അന്ന് എല്ലാ മണ്ഡലത്തിലും ലഭിച്ചിരുന്നില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവ്യത്യാസം 12 ശതമാനത്തിന്റെതാണ്. ഇത് സാധാരണ നാലുശതമാനത്തിനപ്പുറം പോകാറില്ല. 16 മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. ബി.ജെ.പി.യുടെ വോട്ടില്‍ ഒരുശതമാനത്തില്‍ താഴെമാത്രമാണ് വര്‍ധന.

നാല് പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചുവന്ന ബി.ജെ.പി. നേമം നിയമസഭാമണ്ഡലത്തില്‍മാത്രമേ മുന്നില്‍ വന്നുള്ളൂ. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് വോട്ടൊന്നും പോയിട്ടില്ല. അങ്ങനെ പോകുമെന്നുപറഞ്ഞ് നടന്ന കുപ്രചാരണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ഫലം തടയിട്ടു.  രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വന്നതാണ് ഈ തരംഗത്തിന്റെ ഒരു കാരണം. കോണ്‍ഗ്രസിനൊപ്പംകൂടി മതേതരസഖ്യത്തെ ബലപ്പെടുത്തുകയെന്ന സീതാറാം യെച്ചൂരിയുടെ മാര്‍ഗമാണ് ശരിയെന്ന് ഇനിയെങ്കിലും കേരളത്തിലെ സി.പി.എം. നേതാക്കള്‍ സമ്മതിക്കുമോ? എനിക്ക് പ്രതീക്ഷയില്ല. കാരണം, അനുഭവങ്ങളില്‍നിന്ന് അവര്‍ ഒരിക്കലും പാഠംപഠിച്ച് ഞാന്‍ കണ്ടിട്ടില്ല.

(കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ് ലേഖകന്‍)