അമേഠിയിലെ നന്ദ മഹറിലെത്തുമ്പോള്‍ പകല്‍സൂര്യന്‍ ഉച്ചിയില്‍ കത്തിനില്‍ക്കുന്നു. ചൂട് 43 ഡിഗ്രിക്കുമുകളില്‍. ഇവിടെ പി.എം. മൈതാനിയില്‍ രണ്ടേമുക്കാലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പുയോഗമുണ്ട്. ഒരു മണിയാകുമ്പോഴേ മൈതാനിയില്‍ സ്ത്രീകളടങ്ങുന്ന നൂറുകണക്കിന് ആളുകളെത്തി. വഴിയരികില്‍ മുഴുവന്‍ കൈപ്പത്തിചിഹ്നങ്ങള്‍. 'അമേഠിയിലെ എം.പി. 2019-ലെ പ്രധാനമന്ത്രി' എന്നെഴുതിയ പോസ്റ്ററും കാണാം.  

റോഡരികിലെ ഉയരം കുറഞ്ഞ വൈക്കോല്‍ കടമുറികളിലെല്ലാം വെയിലില്‍നിന്ന് രക്ഷതേടി ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. ഇവിടെയെല്ലാം അങ്ങിങ്ങായി കരിമ്പുജ്യൂസ് കച്ചവടക്കാര്‍. ഗ്ലാസൊന്നിന് 10 രൂപയ്ക്കുള്ള ജ്യൂസും പുകയിലയും അടയ്ക്കയുംമാത്രമേ  കിട്ടാനുള്ളൂ. പിന്നെ യോഗം പ്രമാണിച്ചുള്ള ഐസ്വില്‍പ്പനയുമുണ്ട്. രാഹുല്‍ എത്തുമ്പോള്‍ സമയം നാലുമണി. അപ്പോഴേക്കും മൈതാനം ഗ്രാമീണരാല്‍ നിറഞ്ഞു. രാഹുലിന് ജയ് വിളിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരവം.   പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും  അഴിമതിനടത്തിയെന്നാരോപിച്ച രാഹുല്‍, ബി.ജെ.പി. അഞ്ചുവര്‍ഷവും ജനങ്ങളെ വാഗ്ദാനംനല്‍കി പറ്റിക്കുകയായിരുന്നു  എന്നാവര്‍ത്തിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പേര് പരാമര്‍ശിക്കാതെയുള്ള പ്രസംഗത്തിനുശേഷം പത്രക്കാരുടെ അടുത്തേക്കുവന്ന് സംസാരിച്ച രാഹുല്‍, ജനങ്ങളെയും അഭിവാദ്യം ചെയ്ത് അടുത്തകേന്ദ്രമായ റായ്ഗഞ്ചിലേക്ക് നീങ്ങി...

മത്സരം കടുക്കുമോ

രാഹുല്‍ഗാന്ധിയും  സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠിയില്‍, ഗ്രാമങ്ങളില്‍ വീശിയടിക്കുന്ന പൊടിക്കാറ്റുപോലെ തപിക്കുകയാണ് തിരഞ്ഞെടുപ്പുരംഗവും. രണ്ടാം തിരഞ്ഞെടുപ്പിലൊഴികെയെല്ലാം ഭൂരിപക്ഷം കുറഞ്ഞ രാഹുല്‍ ഇത്തവണ ബി.ജെ.പി.യില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.  കഴിഞ്ഞതവണ മത്സരിച്ച് കാല്‍ ലക്ഷത്തിലധികം വോട്ടുനേടിയ എ.എ.പി.യും സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി.യും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല; അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ്. രാഹുലിന്റെ മാറിയ പ്രതിച്ഛായയും അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ മൂന്നുവര്‍ഷവും 1998-ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഒരു വര്‍ഷവുംമാത്രം  കോണ്‍ഗ്രസിനെ  കൈവിട്ട അമേഠിയില്‍ രാഹുലിന്റെ നാലാമങ്കമാണിത്. നെഹ്രുകുടുംബത്തിന്റെ ഈ വൈകാരികമണ്ഡലം എങ്ങനെയും കൈപ്പിടിയിലൊതുക്കാനാണ് ഇത്തവണ സ്മൃതി ഇറാനിയുടെ ശ്രമം.
കഴിഞ്ഞതവണ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറച്ചാണ് സീരിയല്‍ നടിയായി പേരെടുത്ത സ്മൃതി അമേഠിയില്‍ തോല്‍വി വഴങ്ങിയത്. പക്ഷേ, രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി കേന്ദ്രമന്ത്രിയായ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും തോറ്റ എം.പി.യായി അമേഠിയില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. അതുതന്നെയാണ് ബി.ജെ.പി.യുടെ പ്രചാരണവും അവകാശവാദവും. അടുത്ത തിരഞ്ഞെടുപ്പുവിജയത്തിനുള്ള ഗൃഹപാഠമായിരുന്നു സ്മൃതിയുടെ ഇവിടെയുള്ള ഓരോ പ്രവര്‍ത്തനമെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു. 

സ്മൃതിയുടെ മുന്നേറ്റത്തെക്കുറിച്ച് കോണ്‍ഗ്രസിനും രാഹുലിനും ബോധമുദിച്ചത് 2017-നുശേഷം മാത്രമാണെന്നുവേണം പറയാന്‍. ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ അമേഠി ലോക്സഭാമണ്ഡലത്തിന്റെ ഭാഗമായ  അമേഠി, തിലോയി, സാലന്‍, ജഗദീഷ്്പുര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി.യാണ് വിജയിച്ചത്. അമേഠിയിലെ പ്രധാന നഗരകേന്ദ്രമായ ഗൗരിഗഞ്ചില്‍ ജയിച്ചതാകട്ടെ സമാജ് വാദി പാര്‍ട്ടിയും. അമേഠിയിലെ നിയമസഭാമണ്ഡലങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍നിന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മത്സരമിപ്പോള്‍. ഇതുതന്നെയാണ് ബി.ജെ.പി.യുടെ പ്രതീക്ഷയും.
സ്മൃതി മുഴുവന്‍സമയവും ചെലവഴിച്ചത് അമേഠിയിലാണെന്ന ബി.ജെ.പി.യുടെ പ്രചാരണം പക്ഷേ, അര്‍ഥമില്ലാത്തതാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.  രാഹുല്‍ 17 തവണയും സ്മൃതി 21 തവണയും  കഴിഞ്ഞ അഞ്ചുവര്‍ഷം അമേഠി സന്ദര്‍ശിച്ചതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ 35 ദിവസം അമേഠിയില്‍ ചെലവഴിച്ചപ്പോള്‍ സ്മൃതി 21 ദിവസംമാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സന്ദര്‍ശനകാലത്ത് ചിലപ്പോള്‍ രണ്ടുദിവസമോ മൂന്നുദിവസമോ രാഹുല്‍ അമേഠിയില്‍ താമസിച്ചപ്പോള്‍ സ്മൃതി ഒരുദിവസത്തിലധികം തങ്ങിയത് വിരളം. 

ബി.ജെ.പി. പ്രതീക്ഷകള്‍

ഗൗരിഗഞ്ചിലെ ബി.ജെ.പി. കാര്യാലയത്തില്‍ ചെല്ലുമ്പോള്‍ നിറയെ പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പുനോട്ടീസ് അടുക്കി ഓരോ മേഖലയിലും നല്‍കാനുള്ള ഒരുക്കങ്ങളും ചര്‍ച്ചകളും നടക്കുകയാണവിടെ. യുവമോര്‍ച്ചയുടെ അമേഠി മുന്‍ ജില്ലാ ഉപാധ്യക്ഷനായ അരുണ്‍ മിശ്ര  ചൗക്കിദാര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഓഫീസിലേക്ക് സ്വീകരിച്ചു. 'ഗരീബി ഹഠാവോ' മുദ്രാവാക്യംവിളികളും മറ്റുമായി വര്‍ഷങ്ങളായി കോണ്‍ഗ്രസ് പറ്റിക്കുകയായിരുന്നെന്നും അമേഠിയാണ് യു.പി.യിലെ ഏറ്റവും വികസനംകുറഞ്ഞ നാടെന്നും അരുണ്‍ മിശ്ര പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്മൃതി ഇറാനിയാണ് അമേഠിയില്‍ വികസനം കൊണ്ടുവന്നതെന്നും അരുണ്‍ ആവേശംകൊണ്ടു. 

''അമേഠിയില്‍ എല്ലാവരും സ്മൃതി ഇറാനിയെ 'ദീദി' എന്നാണ് വിളിക്കുന്നത്. അവരെ തോല്പിച്ചെങ്കിലും കേന്ദ്രമന്ത്രിയായശേഷം അവരീ നാട്ടുകാര്‍ക്കുവേണ്ടിയാണ് സമയം ചെലവഴിച്ചത്. അത് വോട്ടാവും. ഇത്തവണ ബി.ജെ.പി. രണ്ടുലക്ഷത്തിലേറെ വോട്ടിന് വിജയിക്കും'' -അരുണ്‍ മിശ്രയ്ക്ക് ആത്മവിശ്വാസം.
''അമേഠിയില്‍ സ്മൃതി ഇറാനി വികസനമെത്തിച്ചു എന്നുപറയുന്നതില്‍ കാര്യമുണ്ടെന്ന് പത്രപ്രവര്‍ത്തകനായ ഹൃഷഭ് തിവാരിയും പറയുന്നു. രണ്ടുലക്ഷത്തോളം ശൗചാലയങ്ങള്‍, പ്രധാനമന്ത്രി ആവാസ് യോജനവഴി പാവപ്പെട്ടവര്‍ക്ക് 20,000 വീടുകള്‍, 1.5 ലക്ഷം സൗജന്യ ഉജ്ജ്വല പാചകവാതക സിലിന്‍ഡറുകള്‍ എന്നിവ അവര്‍വഴി അനുവദിച്ചിട്ടുണ്ട്. ഇതില്‍ ചിലതൊക്കെ വോട്ടാവുമല്ലോ. മത്സരം ഇത്തവണ കടുത്തതാണ്. എങ്കിലും രാഹുലിനാണ് വിജയസാധ്യത'' -ഹൃഷഭ് പറയുന്നു. 
അമേഠിയിലെ വികസനം തൊട്ടടുത്ത മണ്ഡലമായ റായ്ബറേലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നിലാണ്. ഇതുതന്നെയാണ് ബി.ജെ.പി. ആയുധമാക്കുന്നതും. എന്നാല്‍, ബി.ജെ.പി. വിജയിച്ച തൊട്ടടുത്ത ഫൈസാബാദിലും സുല്‍ത്താന്‍പുരിലും വികസനമുണ്ടോ എന്ന മറുചോദ്യത്തിലൂടെയാണ് കോണ്‍ഗ്രസ് ഇതിനെ നേരിടുന്നത്. 

രാഹുല്‍ മാത്രം 

അമേഠിയിലെ ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുലിന്റെ സ്ഥാനമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. ''ഒന്നുമില്ലാത്ത കാലത്ത് ഇവിടെ എല്ലാം തന്നത് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമാണ്. പിന്നീട് രാഹുല്‍ ഗാന്ധിയെത്തി. അതൊന്നും ഇവിടത്തുകാര്‍ക്ക് മറക്കാനാവില്ല. രാഹുല്‍ എന്തായാലും രണ്ടുലക്ഷത്തിലധികം വോട്ടിന് വിജയിക്കും'' - രാഹുലിന്റെ പൊതുസമ്മേളനത്തിനെത്തിയ കോണ്‍ഗ്രസ് മുസാഫര്‍ബാദ് ബ്ലോക്ക് സെക്രട്ടറി അഞ്ജനികുമാര്‍ ശ്രീവാസ്തവ പറഞ്ഞു. 
കഴിഞ്ഞതവണ 52.38 ശതമാനമായിരുന്നു അമേഠിയിലെ പോളിങ്. 46.70 ശതമാനം രാഹുല്‍ നേടി. ഇതില്‍ക്കൂടുതല്‍ ഇത്തവണ നേടിയാലേ പക്ഷേ, രാഹുലിന് നല്ല ഭൂരിപക്ഷം ഉറപ്പിക്കാനാവൂ. അക്കാര്യത്തില്‍ പാര്‍ട്ടികേന്ദ്രങ്ങളിലെല്ലാം ആശങ്കയുണ്ടെന്ന് വ്യക്തമാവും അവരുടെ വാക്കുകളിലൂടെ...

Content Highlights: loksabha election 2019 amethi rahul gandhi and smrithi irani