കോട്ടകളെല്ലാം ഉടഞ്ഞു വീണപ്പോള്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതു തമിഴ്‌നാടാണ്. പാലക്കാട്ടെ കമ്യൂണിസ്റ്റ് ഉരുക്കുകോട്ട യു.ഡി.എഫ്. തരംഗത്തില്‍ ഒലിച്ചു പോയപ്പോള്‍ ആ അതിരിനിപ്പുറം ചുവന്നു. ബി.ജെ.പിയുടെ സി.പി. രാധാകൃഷ്ണനെ രണ്ടു ലക്ഷത്തിനടുത്ത് വോട്ടിന് തോല്‍പ്പിച്ച് സി.പി.എമ്മിലെ പി.ആര്‍. നടരാജന്‍ ചെങ്കൊടി ഉയര്‍ത്തി. തൊട്ടടുത്ത തിരുപ്പൂരില്‍ സി.പി.ഐയിലെ കെ. സുബ്ബരായന്‍ അണ്ണാ ഡി.എം.കെയുടെ ഉറച്ച സീറ്റില്‍ അട്ടിമറി വിജയം നേടി. ഒരു ലക്ഷത്തോളം ഭൂരിപക്ഷം. പല തവണ ചുവന്ന മധുരയില്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ എസ്. വെങ്കിടേഷായിരുന്നു സി.പി.എം. സ്ഥാനാര്‍ത്ഥി. ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം വോട്ടിന്റെ വിജയം. നാഗപട്ടണത്തെ സി.പി.ഐയുടെ വിജയം നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. അതിനെ സാധൂകരിക്കുന്നതായി എം. സെല്‍വരാജിന്റെ രണ്ടു ലക്ഷം കവിഞ്ഞ ഭൂരിപക്ഷം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളില്‍ തമിഴ്‌നാട് മുറുകി നിന്നപ്പോള്‍ ഈ നാല് മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചിരുന്നു. നേരത്തെ പറഞ്ഞ പോലെ നാഗപട്ടണത്ത് ഇടത് പക്ഷത്തിന്റെ വിജയം പ്രതീക്ഷിച്ചതുമാണ്. മറ്റ് മൂന്ന് ഇടങ്ങളെ സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ പോലും ഉറപ്പ് പറഞ്ഞിരുന്നില്ല. എന്നാല്‍ ചെറിയൊരു പ്രതീക്ഷ പങ്കുവെച്ചിരുന്നു. അണ്ണാ ഡി.എം.കെ. സര്‍ക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനുമെതിരായ വികാരം തമിഴിനാട്ടില്‍ ശക്തമാണ് എന്ന പൊതുവിലയിരുത്തല്‍ നേതാക്കള്‍ നടത്തിയിരുന്നു. ആ വികാരം ആളിക്കത്തിയാല്‍ 2004 ആവര്‍ത്തിക്കും എന്നായിരുന്നു അവരെല്ലാം പറഞ്ഞത്. 2004ല്‍ ഇപ്പോഴത്തേതിന് സമാനമായി തമിഴ്‌നാട് യു.പി.എ. സഖ്യം തൂത്തുവാരിയപ്പോള്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും രണ്ട് വീതം സീറ്റ് ലഭിച്ചിരുന്നു. 

ആ പ്രതീക്ഷയും വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തെറ്റിയില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ആളിക്കത്തി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍ രാജനുമെല്ലാം തോറ്റ വോട്ടിന്റെ എണ്ണം കണ്ട് അവര്‍ തന്നെ അമ്പരന്നു. പലയിടത്തും അഞ്ച് ലക്ഷവും നാല് ലക്ഷവുമാണ് ജയിച്ച ഡി.എം.കെ. സഖ്യ സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. സ്റ്റാലിന്റെ നേതൃത്വവും വിശാല മതേതര സഖ്യവും സമ്പൂര്‍ണ വിജയം നേടിയപ്പോള്‍ അതിലൊരു പങ്ക് വിജയമധുരം ഇടതുപക്ഷവും രുചിച്ചു.

മതേതര സഖ്യ രൂപീകരണവും ജനകീയ സമരങ്ങളോട് സ്വീകരിച്ച നിലപാടും വിജയത്തില്‍ പങ്കുവഹിച്ചെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലേതിന് സമാനമായ ഒരു സഖ്യം ദേശീയ തലത്തില്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ ഫലമാണ് ബി.ജെ.പിക്ക് ലഭിച്ച വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം വിലയിരുത്തി. തമിഴ്‌നാട്ടില്‍ ഇടതുപക്ഷം നേടിയ വിജയം സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വിശകലനം ശരിയാണ്. 2004-ല്‍ ഡി.എം.കെയോടൊപ്പമായിരുന്ന ഇടതു പാര്‍ട്ടികള്‍ 2009-ല്‍ അണ്ണാ ഡി.എം.കെയ്‌ക്കൊപ്പം മത്സരിച്ചു. ആണവകരാര്‍ വിഷയത്തില്‍ യു.പി.എ. വിട്ടതായിരുന്നു ഡി.എം.കെയുമായി അകലാനുള്ള കാരണം. 

അണ്ണാ ഡി.എം.കെയോടൊപ്പം നിന്നപ്പോള്‍ സംസ്ഥാന നിയമസഭയിലും ഇടതുപക്ഷത്തിനു മികച്ച പ്രാതിനിധ്യം ലഭിച്ചു. 2014-ല്‍ സീറ്റ് വിഭജനത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഖ്യം വിട്ട് സി.പി.എമ്മും സി.പി.ഐയും ഒറ്റയ്ക്ക് മത്സരിച്ചു. പക്ഷേ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ഒരു ശതമാനം വോട്ടാണ് ലഭിച്ചത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 

അതിനുശേഷമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തമിഴ്‌നാട്ടിലാകെ ഡി.എം.കെ. നേതൃത്വം നല്‍കിയത്. സ്റ്റാലിനൊപ്പം കോണ്‍ഗ്രസും വൈക്കോയുടെ എം.ഡി.എം.കെയും ദളിത് നേതാവ് തിരുമാവളവനും മുസ്ലിം ലീഗുമെല്ലാം കൈകോര്‍ത്തപ്പോള്‍ ഇടതു പാര്‍ട്ടികള്‍ മാറി നിന്നില്ല. സമരങ്ങളില്‍ അതിശക്തമായി അണിനിരക്കുകയും ചെയ്തു. കാവേരിജല വിനിയോഗ ബോര്‍ഡ് രൂപീകരണത്തിനായുള്ള സമരം, തൂത്തുക്കുടി വെടിവെപ്പിനെതിരായ പ്രക്ഷോഭം, ജനങ്ങലെ ദോഷകരമായി ബാധിച്ച വ്യവസായ പദ്ധതികള്‍, നീറ്റ് പ്രശ്‌നം, സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭം നടത്തി. 

ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് എതിരായ കര്‍ഷക സമരത്തെ ഡി.എം.കെ. വേണ്ടത്ര ഗൗനിക്കാതിരുന്നപ്പോള്‍ സ്വന്തം നിലയില്‍ സമരം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയി. ഇതിനൊപ്പം ജാതി അടിസ്ഥാനപ്പെടുത്തിയുള്ള ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ എന്നിവ ഇടതു പാര്‍ട്ടികള്‍ നടത്തി. അത് പ്രതിപക്ഷ സഖ്യത്തിന് മൊത്തത്തില്‍ ഗുണമായതിനൊപ്പം പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമായി. ഈ സമരങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് തമിഴ്‌നാട്ടില്‍ പ്രതിപക്ഷകൂട്ടായ്മ തിരഞ്ഞെടുപ്പ് സഖ്യമായി വളര്‍ന്നത്. സഖ്യപ്പാര്‍ട്ടികളെ മാന്യമായി പരിഗണിച്ച സ്റ്റാലിന്‍ ഇടത് പാര്‍ട്ടികള്‍ക്ക് നാല് സീറ്റ് നല്‍കി എന്ന് മാത്രമല്ല ഇടത് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ വളരെ സജീവമായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകകൂടി ചെയ്തതോടെ ഇടതു പക്ഷത്തിന് തമിഴ്‌നാട് മാനം കാത്ത മണ്ണായി.

തൊഴിലാളികളും കര്‍ഷകരുമാണ് ഈ വിധിയെഴുത്തിന് പിന്നിലെ കരുത്ത് എന്നും പറയേണ്ടി വരും. കോയമ്പത്തൂരും തിരുപ്പൂരും തൊഴിലാളി കേന്ദ്രങ്ങളാണ്. ചെറുകിട വ്യവസായ മേഖലയില്‍ 10 ലക്ഷത്തോളം പേരാണ് കോയമ്പത്തൂരില്‍ തൊഴിലെടുക്കുന്നത്. നാല് ലക്ഷത്തിലധികം പേരും അവരുടെ കുടുംബവും കോയമ്പത്തൂരിലെ വോട്ടര്‍മാര്‍. തിരുപ്പൂരിലും സമാനമായ എണ്ണം ആളുകള്‍ തുണിവ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുത്ത് ജീവിക്കുന്നു. നോട്ട് നിരോധനവും  ജി.എസ്.ടിയും നടുവൊടിച്ചിട്ടുണ്ട് ഈ ചെറുകിട വ്യവസായ മേഖലയെ. അണ്ണാ ഡി.എം.കെയുടെ കോട്ടയില്‍ വിജയിക്കാന്‍ സി.പി.ഐയിലെ സുബ്ബരായനെ പ്രാപ്തനാക്കിയത് ഈ തൊഴിലാളി വോട്ടുകളാണ്. ഭൂരിപക്ഷം - 93,368. 

തീവ്ര ഹിന്ദു പ്രസ്ഥാനങ്ങള്‍ക്കുള്‍പ്പെടെ സ്വാധീനമുള്ള കോയമ്പത്തൂരില്‍ ബി.ജെ.പി. ജയം ഉറപ്പിച്ചതായിരുന്നു. പക്ഷേ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മുന്‍പ് രണ്ട് തവണ ലോക്‌സഭയിലേക്ക് ജയിച്ച പി.ആര്‍. നടരാജന്‍ ഇത്തവണയും ജയിച്ച കയറി. ഭൂരിപക്ഷം - 1,76918. 

മധുരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സി.പി.എമ്മിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സഖ്യത്തില്‍ നിന്ന് ആകെ കിട്ടിയ രണ്ട് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ അധികാര മോഹികളുടെ തള്ളിക്കയറ്റം ഇല്ലായിരുന്നു. ജനത്തിന്  അറിയാവുന്ന, ബഹുമാനിതനായ സാഹിത്യകാരന്‍ എസ്. വെങ്കിടേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് വെങ്കിടേഷ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യയ്‌ക്കോ സൈബര്‍ ആക്രമണങ്ങള്‍ക്കോ അദ്ദേഹം ശ്രമിച്ചില്ല. 

ഏറെക്കാലം പഴക്കമുള്ള മധുരയിലെ സി.പി.എം. ഓഫീസില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ബാലയുടേയും എസ്.എഫ്.ഐയുടെ പഴയ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സെല്‍വയുടേയും നേതൃത്വത്തില്‍ യുവാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് അണിചേര്‍ന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ അപ്രതീക്ഷിത വിജയത്തിലേക്ക് മധുരയില്‍ സി.പി.എം. എത്തി. ഭൂരിപക്ഷം 1,39395. 

നാഗപട്ടണത്ത് 2014-ല്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ പോലും ഒരു ലക്ഷത്തോളം വോട്ട് ഇടതുപാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഇത്തവണ സി.പി.ഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജിന് അനായാസ ജയം പ്രവചിക്കപ്പെട്ടതാണ്. കര്‍ഷകരുടെ മണ്ണാണ് നാഗപട്ടണം. ഗജ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍ ആയിരങ്ങളുടെ കണ്ണീരാണ് ആ മണ്ണില്‍ വീണത്. ആ കണ്ണീര് തുടയ്ക്കാന്‍ ജനപ്രതിനിധികളാരും എത്തിനോക്കിയിരുന്നില്ല. പളനിസ്വാമിക്കും മോദിക്കുമെല്ലാമെതിരായ വികാരം ആളിക്കത്തിക്കാന്‍ പോന്നതായിരുന്നു കര്‍ഷകന്റെ കണ്ണീര്‍. ആ കണ്ണീരില്‍നിന്നാണ് നാഗപട്ടണത്തെ 2,09,349 വോട്ടിന്റെ ഭൂരിപക്ഷം.

content highlights: Tamilnadu Stalin