ദൈവത്തോടുള്ള പേടി ജ്ഞാനത്തിന്റെ തുടക്കമാണെന്ന ബൈബിള്‍ വാക്യത്തോട് സിപിഎമ്മുകാര്‍ക്ക് പ്രതിപത്തിയുണ്ടാവണമെന്നില്ല. ദൈവവുമായിട്ടല്ല മനുഷ്യരുമായിട്ടാണ് പൊതുവെ കമ്മ്യൂണിസ്റ്റുകാരുടെ ഇടപാടുകള്‍. പേടി പക്ഷേ, ഒരു പൊതു വികാരമാണ്. പേടിക്കുള്ള ഒരു ഗുണം അത് നിങ്ങളെ കൂടുതല്‍ കരുതലും ജാഗ്രതയുള്ളവരുമാക്കി മാറ്റും എന്നതാണ്. മിതമായ അളവില്‍ പേടിയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം പേടിച്ചിരിക്കുകയാണെന്ന് പല ഭാഗങ്ങളില്‍ നിന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ബിജെപി കോണ്‍ഗ്രസിന് വോട്ടു മറിച്ചിരിക്കുകയാണെന്ന് സിപിഎം നേതാക്കള്‍ അവിടെയും ഇവിടെയുമൊക്കെ നിന്ന് പിറുപിറുക്കുന്നതും ഈ പേടി കൊണ്ടാണെന്നാണ് നിരീക്ഷണം. 

സഖാവ് പിണറായിക്ക് പേടിയുണ്ടെന്ന് അദ്ദേഹത്തെ അറിയാവുന്നവരാരും പറയാനിടയില്ല. വേറെ ഏതു വികാരത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയാലും പേടിയുടെ കാര്യം മാത്രം പറഞ്ഞ് ആ വഴിക്ക് പോവാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണ്ടേ ഒരു കൊമ്പു കൂടുതലാണ്. ഒന്നും പറയാനില്ലെന്ന് നേരെ ചൊവ്വെ പറഞ്ഞാലൊന്നും ഇക്കൂട്ടര്‍ക്ക് കാര്യം പിടികിട്ടില്ല. അപ്പോള്‍ പിന്നെ പറയേണ്ട രീതിയില്‍ പറയേണ്ടി വരും. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും പത്ര സമ്മേളനം നടത്തിയിട്ടില്ലാത്തവര്‍ സിനിമാ താരങ്ങളെ വിളിച്ച് അഭിമുഖം നല്‍കുന്നതിനോടോ മാരകമായ തള്ളു തള്ളുന്നതിനോടോ ആര്‍ക്കും പരാതിയില്ല. പക്ഷേ, ഒന്നു മാറി നില്‍ക്കൂ എന്ന് കഴിയുന്നത്ര മൃദുവായി സഖാവ് പിണറായി പറഞ്ഞാല്‍ അത് ധാര്‍ഷ്ട്യവും മാടമ്പിത്തരവുമായി. സിപിഎമ്മിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്  വെറുതെയല്ല പറയുന്നത്.

സഖാവ് പിണറായിയെ തല്‍ക്കാലം നമുക്ക് മാറ്റി നിര്‍ത്താം. അദ്ദേഹം ലണ്ടനിലൊക്കെ പോയി മസാല ബോണ്ട് ആഘോഷത്തിലൊക്കെ പങ്കെടുത്ത് ഉല്ലാസവാനായി തിരിച്ചുവരട്ടെ. നമ്മുടെ വിഷയം വോട്ടു കച്ചവടമാണ്. ഈ വോട്ട് മറിക്കല്‍ ശരിക്കുമുള്ളതാണോ? കാര്യങ്ങള്‍ അശ്വമുഖത്തില്‍ നിന്നു തന്നെ കേള്‍ക്കണമെന്നാണ് പ്രമാണം. അതുകൊണ്ട് പല ബിജെപി നേതാക്കന്മാരോടും രഹസ്യമായും പരസ്യമായും ചോദിച്ചു. നേതാക്കളെ മാത്രം വിശ്വസിച്ചാല്‍ പോരെന്ന പ്രമാണം കണക്കിലെടുത്ത് സാദാ പ്രവര്‍ത്തകരേടും വിവരം ആരാഞ്ഞു. ശാഖയില്‍ പോവുന്ന ഒരുത്തനും ഇത്തരം പരിപാടിക്ക് നില്‍ക്കില്ലെന്നാണ് അണ്ണന്മാര്‍ കട്ടായം പറഞ്ഞത്.

പണ്ട്, അതായത് ദിനോസറുകളും അമീബയുമൊക്കെ ഭൂജാതരാവുന്നതിനു മുമ്പ് വോട്ടു കച്ചവടം നടന്നിട്ടുണ്ടോയെന്നറിയില്ല. വോട്ട് മറിയല്‍ പക്ഷേ, ഒരു യാഥാര്‍ത്ഥ്യമാണ്.  കുറേപ്പേരെങ്കിലും വോട്ട് മാറ്റിക്കുത്തുമ്പോഴാണല്ലോ പ്രതിപക്ഷം ഭരണപക്ഷമാവുന്നത്. ചെറിയൊരുദാഹരണത്തിന് ചെങ്ങന്നൂര്‍ എടുക്കാം. അവിടെ ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സഖാവ് സജി ചെറിയാന്‍ പാട്ടും പാടി ജയിച്ചത് ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണെന്ന് സഖാക്കള്‍ കോടിയേരിയും പിണറായിയും പറയാനിടയില്ല. വോട്ട് കച്ചവടമല്ല വോട്ട് മറിയലാണ് നടക്കുന്നത്. അതുവരെ കോണ്‍ഗ്രസ്സിന് വോട്ടുകുത്തിക്കൊണ്ടിരുന്ന ന്യൂനപക്ഷങ്ങള്‍ ചെങ്ങന്നൂരില്‍ ഒന്ന് മാറ്റിപ്പിടിച്ചു. അപ്പോള്‍ ചെറിയാന്‍ സഖാവ് നിയമസഭയ്ക്കുള്ളിലും പിള്ളേച്ചനും വിജയകുമാറും പുറത്തുമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണപക്ഷമായതും ഇതേ രാസപ്രവര്‍ത്തനം മൂലമാണെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോവേണ്ട കാര്യമില്ല.

CPM-CONGRESS

ഇത്തവണ ബിജെപി വോട്ടുകച്ചവടം നടത്തുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് കരുതാനാവില്ല. ശബരിമലയുടെ പിന്‍ബലത്തില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കണമെന്ന അത്യാര്‍ത്തിയുമായി നടക്കുന്ന കൂട്ടര്‍ വേറെയെന്തു ചെയ്താലും വോട്ട് മറിച്ചു വില്‍ക്കുമെന്ന് മാത്രം കരുതാനാവില്ല. അപ്പോള്‍ പിന്നൈ വടകരയിലും കോഴിക്കോട്ടും കാസര്‍കോടുമൊക്കെ ബിജെപിയുടെ പ്രവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ അത്രയങ്ങ് കൊഴുക്കാതെ പോയതെന്താണെന്ന് ചോദ്യമുയരുക സ്വാഭാവികമാണ്. ഇത്തവണ നാല്‌ മണ്ഡലങ്ങളിലാണ് ബിജെപി ശരിക്കും കളിച്ചത്. 

പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശ്ശൂരും, പാലക്കാടും ആളും അര്‍ത്ഥവും ശരിക്കുമിറക്കിയുള്ള പ്രവര്‍ത്തനമാണ് ബിജെപി കാഴ്ചവെച്ചത്. ഈ നാല് മണ്ഡലങ്ങളിലും ഇടതുമുന്നണിയെയും ഐക്യ ജനാധിപത്യ മുന്നണിയെയും ബിജെപി വെള്ളം കുടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും സിപിഎമ്മിനുള്ള സംഘടനാ സംവിധാനത്തിലേക്ക് ബിജെപി ഇനിയുമെത്തിയിട്ടില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണെങ്കില്‍ സംഘടനാ സംവിധാനമൊന്നും ഒരു പ്രശ്നമല്ല. സംഘടിച്ചാലുമില്ലെങ്കിലും അവര്‍ക്കുള്ള വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീണിരിക്കും. നാല് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനം അല്‍പം പിന്നിലായാല്‍ അത്ഭുതപ്പെടാനില്ല. വടകരയിലും കോഴിക്കോടും  ജയിച്ചുകയറാനാവുമെന്ന് കടുത്ത ശാഖാപ്രേമികള്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. അപ്പോള്‍ പിന്നെ ഇവിടെയൊന്നും മരിച്ചു പണിയെടുക്കേണ്ട കാര്യവും ശാഖകള്‍ക്കില്ല.

ഇക്കുറി കോണ്‍ഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ വന്‍ കേന്ദ്രീകരണമുണ്ടായിട്ടുണ്ടെന്നാണ് പൊതുവെയുള്ള നിരീക്ഷണം. ദേശീയ തലത്തില്‍ ആര്‍ എസ് എസ്സിനെയും ബിജെപിയെയും നേരിടുന്നത് രാഹുല്‍ഗാന്ധിയാണെന്ന കാഴ്ചപ്പാടാണ് ന്യൂനപക്ഷങ്ങളെ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലേക്കാകര്‍ഷിച്ചിട്ടുള്ളത്. ഇതൊരു ദേശീയ തിരഞ്ഞെടുപ്പാണ്. അവിടെ  ന്യൂനപക്ഷങ്ങള്‍ക്ക് രാഹുലിനോടാണ് മമതയെന്നത് പിണറായിയുടെ കുറവായി സഖാക്കള്‍ കാണുമ്പോഴാണ് പ്രശ്നമുണ്ടാവുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു ഡിഫറന്റ് കപ്പ് ഒഫ് ടീയാണ്. പാലൊഴിച്ച നല്ല ഒന്നാന്തരം ചായ. ആ ചായ കുടിക്കാനുള്ള പൂതി തല്‍ക്കാലം ഒന്നങ്ങോട്ട് മാറ്റിവെച്ചേക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പറയുന്നതെങ്കില്‍ അതിനെ ബഹുമാനിക്കാനാണ് ജനാധിപത്യം തോല്‍ക്കുന്നവരോട് പറയുന്നത്. ഒരു തിരഞ്ഞെടുപ്പുകൊണ്ടൊന്നും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അവസാനിച്ചിട്ടില്ല. അങ്ങിനെയാണെങ്കില്‍ കേരളകോണ്‍ഗ്രസ്സൊക്കെ എന്നേ ഇല്ലാതാവേണ്ടതായിരുന്നു.

1977 ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കേരളത്തില്‍ ഒരു സീറ്റു പോലും കിട്ടിയില്ല. അന്ന് സിപിഐ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. 15 കൊല്ലം മുമ്പ് 2004 ല്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുപോലും കേരളത്തില്‍ നിന്ന് കിട്ടിയില്ല. മുസ്ലിംലീഗിലെ ഇ അഹമ്മദ് മാത്രമാണ് അന്ന് പൊന്നാനിയില്‍ നിന്നും ജയിച്ചുകയറി യുഡിഎഫിന്റെ മാനം കാത്തത്. തൊട്ടു പിന്നാലെ 2009 ല്‍ ഇടതുപക്ഷത്തിന് വെറും നാല് സീറ്റ് മാത്രമാണ് കേരളത്തില്‍ നിന്നും കിട്ടിയത്. അപ്പോള്‍ പിന്നെ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടിയൊന്ന് പതറിയെന്ന് വിചാരിച്ചിട്ട് ഇടതുപക്ഷം അങ്ങിനെയങ്ങ് ബേജാറാവേണ്ട കാര്യമുണ്ടോ. 

ഒരു ലോക്സഭാ മണ്ഡലത്തില്‍ പോലും താമര വിരിയാതെ വന്നാല്‍ ബിജെപിയും നാടുവിടാനൊന്നും പോവുന്നില്ല. 1967 ല്‍ വെറും ഒമ്പത് എം എല്‍ എമാരെയും വെച്ചുകൊണ്ട് കെ കരുണാകരന്‍ കളിച്ച കളികള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാണ്. അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ് ഇതു മാത്രമാണ്. തിരഞ്ഞെടുപ്പായാല്‍ ജയവും തോല്‍വിയുമുണ്ടാവും. അതിനൊക്കെ താത്വിക വിശകലനങ്ങളുമുണ്ടാവും. പക്ഷേ, ഒരുമാതിരി ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനമുണ്ടല്ലോ , ഉത്തമാ , അതു മാത്രം നമുക്ക് വേണ്ട.

Content Highlights:  ldf, kerala election, udf, bjp kerala