ജയപ്രകാശ് നാരായണ്‍ എന്ന ജെ പി മരിച്ചപ്പോള്‍ വേദനിച്ചതുപോലെ  മറ്റൊരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തിലും വേദനിച്ചിട്ടില്ല. നെഹ്രുവിനു ശേഷം ജനിച്ചു വളര്‍ന്ന ഒരു തലമുറയ്ക്ക് ജെ പിയായിരുന്നു നേതാവ്. 1979 ഒക്‌ടോബറില്‍ ഒരു ദിവസം ജെ പിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ സ്‌കൂളില്‍ പോവാതെ വീട്ടില്‍ തളര്‍ന്നിരുന്ന ഒട്ടേറെ കുട്ടികള്‍ ഇന്ത്യയിലുണ്ടായിരുന്നിരിക്കണം. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള  പോരാട്ടത്തിന്റെ ജ്വലിക്കുന്ന മുഖമായിരുന്നു ജെ പി. ജോര്‍ജ് ഫെര്‍ണാണ്ടസും ചന്ദ്രശേഖറും മധുലിമായെയും ദന്താവതെയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജെ പി തന്നെയായിരുന്നു ആ പോരാട്ടത്തിന്റെ നായകന്‍. ജെ പി കൂടെ നിര്‍ത്തിയതുകൊണ്ടാണ് അന്ന് അടല്‍ബിഹാരി വാജ്പേയിയോടും ലാല്‍കൃഷ്ണ അദ്വാനിയോടും ഇഷ്ടമുണ്ടായത്.

ആര്‍ എസ് എസ്സിനും ജനസംഘിനും ജെ പി അന്ന് നല്‍കിയത് പോലൊരു ഉണര്‍വ്വ് വേറെയാരും നല്‍കിയിട്ടുണ്ടാവില്ല. ഗാന്ധിയെയും മാര്‍ക്സിനെയും സമന്വയിപ്പിച്ചുകൊണ്ട് ജെ പി ഉയര്‍ത്തിയ സമ്പൂര്‍ണ്ണ വിപ്ലവം ഇന്ത്യന്‍ ജനതയുടെ ഭാവന പിടിച്ചെടുത്തത് വളരെ വേഗത്തിലാണ്. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരമായിരുന്നു ജെ പിയുടെ ജീവിതം. ഗാന്ധി വധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആര്‍ എസ് എസ്സിന് പുതുജീവന്‍ നല്‍കി എന്നൊരു കുറ്റമൊഴിച്ചാല്‍ ജെ പിക്കെതിരെ ഉയര്‍ത്താന്‍ കാര്യമായ വിമര്‍ശനങ്ങളൊന്നുമില്ലെന്ന് പറഞ്ഞത്  മധു ദന്താവതെയാണെന്നാണ് ഓര്‍മ്മ. ആര്‍ എസ് എസ്സുമായി കൂട്ടുചേരാനാവില്ലെന്ന് പറഞ്ഞ് പി സുന്ദരയ്യ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതും മറക്കാനാവില്ല. ഇന്നിപ്പോള്‍ ജെ പിയെ  ഓര്‍മ്മയിലേക്ക്  കൊണ്ടുവരുന്നത്  കോണ്‍ഗ്രസ് നേരിടുന്ന കടുത്ത പ്രതിസന്ധിയാണ്.    

 ജെ പി കൈ പിടിച്ചുയര്‍ത്തിയ ജനസംഘിന്റെ പുതുരൂപമായ ബിജെപിയാണ് കോണ്‍ഗ്രസ്സിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നത് ആലോചനാമൃതമാണ്. നെഹ്രുവുമായി ജെ പിക്കുണ്ടായിരുന്നത് പരിധികളില്ലാത്ത സൗഹൃദമായിരുന്നു. ഏറെ വാത്സല്യത്തോടെയാണ് നെഹ്രു ജെപിയെ കണ്ടിരുന്നത്. കോണ്‍ഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ഈ രണ്ടു നേതാക്കള്‍ ഒന്നിക്കുകയെന്നത് സ്വാഭാവികവുമായിരുന്നു. പക്ഷേ, നെഹ്രുവിന്റെ മകള്‍ ഇന്ദിരയ്ക്കും ജെ പിക്കുമിടയില്‍ വിയോജിപ്പിന്റെ പാലങ്ങളായിരുന്നു കൂടുതല്‍. 

അരക്ഷിതാവസ്തയുടെ ഒരു നിഴല്‍ ഇന്ദിരയ്ക്ക് മേല്‍ എക്കാലവും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ അമ്മയുടെ മരണം, പിതാവിന്റെ അസാന്നിദ്ധ്യങ്ങള്‍  ഇവയൊക്കെ ഇന്ദിരയുടെ അരക്ഷിതത്വത്തിന്റെ ഉറവിടങ്ങളായിരിക്കാം. ഒരു കളിപ്പാവയെപ്പോലെ തന്നെ കൈകാര്യം ചെയ്യാനുള്ള കാമരാജ് അടക്കമുള്ള സിന്‍ഡിക്കേറ്റിന്റെ ഗൂഢ തന്ത്രങ്ങള്‍ ഇന്ദിരയുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചു. സഞ്ജയ്ഗാന്ധി എന്ന പുത്രന്‍ മാത്രമാണ് തനിക്ക് ആശ്രയിക്കാവുന്ന ഒരേയൊരാള്‍ എന്ന നിലയിലേക്ക് ഇന്ദിരയെ എത്തിച്ചതും ഇതേ അരക്ഷിതാവസ്ഥയാവാം. 

MOdi

അടിയന്തരവാസ്ഥയിലേക്ക് ഇന്ദിരയും കോണ്‍ഗ്രസ്സും എത്തുന്നതിനു മുമ്പ് ജെപി പല കുറി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കാലത്ത് ജെ പി ഇന്ദിരയ്െക്കഴുതിയ കത്തുകളില്‍ നെഹ്രുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ജെപിക്ക്  നെഹ്രുവിനോടും ഭാര്യ പ്രഭാവതിക്ക് ഇന്ദിരയുടെ അമ്മ കമലയോടുമുണ്ടായിരുന്ന സ്നേഹാദരവുകള്‍ ആര്‍ദ്രമാക്കിയ കത്തുകള്‍. ബിഹാറിനെപ്പിടിച്ചു കുലുക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്ന് ജെ പി ഇന്ദിരയോട് പറഞ്ഞിരുന്നു. 

ആര്‍ എസ് എസ്സിനേയും ജനസംഘിനേയും അടിയന്തരവാസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ക്കാനുള്ള ജെ പിയുടെ ശ്രമം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ജനാധിപത്യത്തനായുള്ള പ്രക്ഷോഭത്തില്‍ ആര്‍ എസ് എസ്സിനെയും  ജനസംഘിനെയും ഒഴിച്ചുനിര്‍ത്താനാവില്ലെന്ന  നിലപാടാണ് ജെ പി എടുത്തത്. ആര്‍ എസ് എസ്സിന്റെ കേഡര്‍ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തില്‍ അനിവാര്യമാണെന്ന കണക്കുകൂട്ടലായിരുന്നു അതിന് പിന്നില്‍. പക്ഷേ,  അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ത്യയില്‍ ആര്‍ എസ് എസ്സിന്റെ നിയന്ത്രണത്തിലുള്ള ജനസംഘിനെയല്ല ജെ പി ആഗ്രഹിച്ചിരുന്നതെന്നത് വ്യക്തമായിരുന്നു.  

അടിയന്തരവാസ്ഥക്കാലത്ത് ചണ്ഡീഗഡിലെ ജയിലിലാണ് ജെപിയെ പാര്‍പ്പിച്ചിരുന്നത്. അന്ന് ചണ്ഡീഗഡില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്നത് ഐ എ എസ് ഓഫീസര്‍ എം ജി ദേവസഹായം എന്ന തമിഴനായിരുന്നു. ജെപിയോട് അങ്ങേയറ്റം ആദരവുണ്ടായിരുന്ന ദേവസഹായം ജെയിലില്‍ ജെപിക്ക് ചെയ്യാവുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുത്തു. ജയില്‍മോചിതനായി പുറത്തേക്ക് പോകുമ്പോള്‍ ജെ പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ദേവസഹായത്തിന്റെ കാതുകളിലുണ്ട്. '' ആ സ്ത്രീയെ ഞാന്‍ പരാജയപ്പെടുത്തും. ജനാധിപത്യവും ദേശവും വീണ്ടെടുക്കും. ''

rahul

ജെ പി പറഞ്ഞതുപോലെ ചെയ്തു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായി. രാഷ്ട്രം വീണ്ടും ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ, ആര്‍ എസ് എസ്സ്  ജെ പിയെ നിരാശപ്പെടുത്തിയെന്ന് ദേവസഹായം ചൂണ്ടിക്കാട്ടുന്നു. ആര്‍ എസ് എസ്സില്‍ നിന്നും ജനസംഘ് പുറത്തുവരണമെന്നത് ജെപിയുടെ ആഗ്രഹവും അഭിലാഷവുമായിരുന്നു. ഉറ്റ അനുയായി ചന്ദ്രശേഖറിലൂടെ ഈ ആവശ്യം നിറവേറ്റാന്‍ ജെപി ശ്രമിച്ചെങ്കിലും സംഗതി നടന്നില്ല. ആര്‍ എസ് എസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ജനസംഘ് തയ്യാറായില്ല. പകരം ബി ജെ പി എന്ന പുതിയ പാര്‍ട്ടി 1980 ല്‍ പിറവിയെടുത്തു. ഈ കാഴ്ച കാണുംമുമ്പേ ജെപി ഈ ലോകം വിട്ടുപോയിരുന്നു. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ബിജെപി ഇന്ത്യയെ കൈപ്പിടിയിലൊതുക്കുമ്പോള്‍ ജെപിയുടെ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്വാനി ആലോചിക്കുന്നുണ്ടാവുമോയെന്നറിയില്ല.

നെഹ്രു ജെപിയെ തന്റെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, ജെപി ആ ഓഫര്‍ നിരസിച്ചു. അന്ന് ജെപി നെഹ്രു മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നെങ്കില്‍ നെഹ്രുവിന് ശേഷം ശാസ്ത്രിക്ക് പകരം ജെപിയാവുമായിരുന്നു പ്രധാനമന്ത്രിയെന്ന് നിരീക്ഷണമുണ്ട്. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ നെഹ്രുവിന്റെ കുടുംബം ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പരിപാടി അതോടെ തീരുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചരിത്രത്തില്‍ എങ്കിലുകളില്ല. അതുകൊണ്ടുതന്നെ ജെപി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ എന്ന് ചിന്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാവില്ല. 

ഇന്ദിരയില്‍ നിന്ന് രാഹുലിലെത്തുമ്പോഴേക്കും ജനാധിപത്യത്തിന്റെ വഴികള്‍ കൂടുതല്‍ പ്രകാശഭരിതമാവുന്നുണ്ടെന്നതാണ് വാസ്തവം. തെറ്റുകളില്‍ പശ്ചാത്തപിക്കുന്ന , തെറ്റുകള്‍ തിരുത്തണമെന്ന് നിര്‍ബ്ബന്ധമുള്ള, പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്ന രാഹുല്‍ഗാന്ധി പുതിയൊരു കോണ്‍ഗ്രസ്സിനെയാണ് പ്രതിനിധീകരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം  പ്രസന്നവും ശോഭനവുമാക്കുന്നതില്‍ ഈ ചെറുപ്പക്കാരനുള്ള പങ്ക് കാണാതിരിക്കാനാവില്ല. പ്രതിസന്ധിയുടെ കൊടും വെയിലത്താണ് ഇപ്പോള്‍ രാഹുലും കോണ്‍ഗ്രസും നില്‍ക്കുന്നത്. ജെപി  ഏറ്റുമുട്ടുമ്പോള്‍ ഇന്ദിരയെപ്പോലെ പ്രബലയായ മറ്റൊരു നേതാവ് ഇന്ത്യയിലുണ്ടായിരുന്നില്ല. 

ഇന്ദിരയാണ് ഇന്ത്യയയെന്ന് ബറുവ പറഞ്ഞത് വെറുതെയുമായിരുന്നില്ല. വാജ്പേയി ദുര്‍ഗ്ഗയെന്ന് വിളിച്ച , പാക്കിസ്താനെ രണ്ടാക്കിയ ഇന്ദിരയെയാണ് ജെപി പരാജയപ്പെടുത്തിയത്. അജയ്യരായി ആരുമില്ലെന്നാണ് അന്ന് ജെ പി തെളിയിച്ചത്. ജനതാപാര്‍ട്ടിയെന്ന പരീക്ഷണം പരാജയപ്പെട്ടുപോയങ്കിലും അധികാര കേന്ദ്രികരണത്തിനും  ഏകാധിപത്യത്തിനുമെതിരെയുള്ള സമരമുഖത്തില്‍ അതുത്പാദിപ്പിച്ച ഊര്‍ജ്ജം ചെറുതായാരുന്നില്ല. സമാനമായൊരു ശക്തികേന്ദ്രവുമായി മുഖാമുഖം നില്‍ക്കുമ്പോള്‍ ജെ പി നടന്ന വഴികള്‍ ഒന്നറിയാന്‍ ശ്രമിക്കുന്നത് രാഹുലിന് ഗുണകരമായിരിക്കും. സ്വന്തം മുത്തശ്ശിയെ വീഴ്ത്തിയ ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്നായിരിക്കാം രാഹുലിന് ഭാവി പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനം കിട്ടുന്നത്. 

 ചരിത്രത്തിന്റെ വഴികള്‍ രസകരമാണ്. ജീവിതം പോലെ തന്നെ ചരിത്രവും ചില വിസ്മയങ്ങള്‍ സദാ നമുക്കായി കാത്തുവെയ്ക്കുന്നുണ്ട്. ജെപിക്കും രാഹുലിനുമിയില്‍ കാലവും ചരിത്രവും തീര്‍ക്കുന്ന പാലങ്ങളാവാം ചിലപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭാവിയില്‍ നിര്‍ണ്ണായകമാവുക.

Content Highlights: Jayprakash Narayan