തലമുറകളായി ഗാന്ധികുടുംബത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. രാഹുല്‍ ഗാന്ധിയുടെ അച്ഛന് രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം. ഇളയച്ഛന് സഞ്ജയ് ഗാന്ധി മരിക്കുമ്പോള്‍ അമേഠിയിലെ എം.പിയായിരുന്നു. ലക്ഷങ്ങളില്‍ കുറയാത്ത ഭൂരിപക്ഷത്തോടെ ഗാന്ധികുടുംബാംഗങ്ങളെ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച ആ അമേഠിയാണ് ഇപ്പോള്‍ 40,000 വോട്ടിന്റെ വ്യത്യാസത്തില്‍ ഇളമുറക്കാരന് രാഹുലിനെ കൈവിട്ടത്.
ചരിത്രത്തില്‍ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. 1977 ല്‍ ജനത പാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ല്‍ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്സഭയിലെത്തി. എന്നാല്‍ 42 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമേഠിക്കാര്‍ ഗാന്ധികുടുംബാംഗത്തെ തോല്‍പ്പിക്കുന്നത്. ചരിത്രത്തില്‍ രണ്ടാമതും.

അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാല്‍ ലക്ഷം വോട്ടിനാണ് അമേഠിക്കാര്‍ തോല്‍പ്പിച്ചത്. പക്ഷേ 1980 ല്‍ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തില്‍ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠന് രാജീവ് അമേഠിയിലെത്തി. 1981 ല്‍ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാജീവ് ഭൂരിപക്ഷം 314,878 ആക്കി ഉയര്‍ത്തി. 1989 ല്‍ ഭൂരിപക്ഷം 202,138 ഉം 1991 ല്‍ 112,085 ഉം ആയി. അതേ വര്‍ഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.

രാജീവിന്റെ മരണ ശേഷം രാഷ്ട്രീയത്തില്‍ നിന്നും ഗാന്ധികുടുംബം കുറച്ചുകാലം വിട്ടു നിന്നപ്പോഴാണ് പിന്നീട് മറ്റൊരു കോണ്ഗ്രസുകാരന് അവിടെ നിന്നും ജയിച്ച് ലോക്സഭയിലേക്ക് പോകുന്നത്. 1991 ലും 1996 ലും സതീഷ് ശര്‍മയായിരുന്നു അമേഠിയുടെ എം.പി. രാജീവിന്റെ വലംകൈയായിരുന്നു ക്യാപ്റ്റന്‍ സതീഷ് ശര്‍മ. 1998 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേഠിക്കാര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ബി.ജെ.പി സ്ഥാനാര്‍ഥി സഞ്ജയ് സിങ് 23,270 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
രാഷ്ട്രീയത്തില്‍ നിന്നും അകന്നു ജീവിക്കുകയായിരുന്നു സോണിയാ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. തലപ്പത്ത് ഗാന്ധിയില്ലാത്ത കാലത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു. പാര്‍ട്ടി ശിഥിലമാകുമെന്ന് തോന്നിപ്പിച്ച ആ കാലത്താണ് സോണിയ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. 1999 ല്‍ അമേഠിയില്‍ നിന്ന് സോണിയ മത്സരിക്കാന്‍ തീരുമാനിച്ചു. ഇരുപത്തി മൂവായിരത്തില്‍ പരം വോട്ടിന് കോണ്‍ഗ്രസിനെ വിട്ട അമേഠിക്കാര്‍ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ സോണിയയെ തിരഞ്ഞെടുത്തു.

തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ ഗാന്ധികുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് അങ്കക്കളം മാറ്റി. 2004 ല്‍ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ആദ്യമായി ലോക്സഭയിലെത്തി. 2009 ല്‍ 3,70,198 ആക്കി രാഹുല്‍ ഭൂരിപക്ഷം ഉയര്‍ത്തി. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ പടയോട്ടത്തില്‍ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. അതിന്റെ തുടര്‍ച്ചയായി ഈ തിരഞ്ഞെടുപ്പില്‍ ഗാന്ധികുടുംബത്തെ ഒരിക്കല്‍ കൂടി അമേഠിക്കാര്‍ ഉപേക്ഷിച്ചു.
ഉത്തരേന്ത്യയില്‍ ബി.ജെ.പി പടയോട്ടം തുടങ്ങിയ കാലത്തു തന്നെ സ്മൃതി ഇറാനി രാഹുലിന് ഭീഷണി സൃഷ്ടിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ 1,07,903 വോട്ടിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. എതിര് സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയാണ് ഇത്തവണ അദ്ദേഹത്തെ തോല്‍പ്പിച്ചത്.
ദക്ഷിണേന്ത്യയില്‍ തിളങ്ങിയ രാഹുല്‍ അങ്ങനെ അമേഠിയില്‍ തോറ്റു.
Content highlights: Historical loss for gandhi family in Amethi after 42 years