കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായിട്ടായിരുന്നു ബി.ജെ.പി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതില്‍ അവര്‍ ഏറെക്കുറേ വിജയിക്കുകയും ചെയ്തു. എന്നാല്‍ 2014 ലെ ആ പഴയ മുദ്രാവാക്യവുമായി ബി.ജെ.പി. ഇത്തവണ കളത്തിലിറങ്ങിയത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു. 

കേന്ദ്രത്തില്‍ യു.പി.എ.ക്ക് എതിരേ ഹിന്ദി ഹൃദയഭൂമിയിലടക്കം ബി.ജെ.പി. അട്ടിമറി വിജയം സ്വന്തമാക്കി. അത് അവരെ സംബന്ധിച്ച് ആദ്യത്തെ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരേയും കോണ്‍ഗ്രസിനേയും പ്രാദേശികപാര്‍ട്ടികളേയുമല്ലാതെ മറ്റൊരാളെ കാലുകുത്താന്‍ അനുവദിക്കാതിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറക്കുറേ ബിജെപി തങ്ങളോടൊപ്പം ചേര്‍ത്തു. കോണ്‍ഗ്രസിന് മേഘാലയയില്‍ നിന്ന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇന്ത്യയിലുടനീളം മോദി തരംഗം അലയടിക്കുമ്പോള്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി.മുന്നേറ്റം രേഖപ്പെടുത്തേണ്ടതാണ്. ഇന്ത്യമുഴുവന്‍ ബി.ജെ.പി. തൂത്തുവാരിയപ്പോള്‍ വടക്ക് കിഴക്കിലെ ബി.ജെ.പി.നേട്ടത്തിനും മാറ്റ് കൂടുതലാണ്. 

പൂര്‍ണമായും ബി.ജെ.പി.മുക്തമായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പി. കേവലം ഒമ്പത് അംഗങ്ങളില്‍ നിന്ന് പല സംസ്ഥാനങ്ങളില്‍ നിന്നായി 140 എംഎല്‍എമാരെ വിജയിപ്പിച്ചെടുത്തു. ദേശീയപാര്‍ട്ടികളോട് വലിയ ആഭിമുഖ്യം കാണിക്കാത്ത വടക്ക് കിഴക്കിന്റെ ശക്തികേന്ദ്രമായിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തിലൂടെയാണ് ബി.ജെ.പി.നേട്ടമുണ്ടാക്കുന്നത്. 

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി.ശക്തമായത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 അംഗ ലോക്‌സഭയില്‍ ബി.ജെ.പി. 282 സീറ്റുകള്‍ നേടിയത് ഹിന്ദി ഹൃദയഭൂമി നല്‍കിയ വലിയ പിന്തുണയോടെയായിരുന്നു. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ ഹൃദയഭൂമി ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്ന ധാരണയില്‍ നിന്നാണ് ബി.ജെ.പി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തികേന്ദ്രമായി മാറാനുള്ള ശ്രമംനടത്തിയതും ഇവിടങ്ങളില്‍ വലിയ വിജയത്തിന് സാക്ഷിയാകാന്‍ സാധിച്ചതും. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രബലശക്തികളാണ് പ്രാദേശിക പാര്‍ട്ടികള്‍. ഈ ശക്തികേന്ദ്രങ്ങളെ കൂടെ നിര്‍ത്തിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബിജെപി പിടിച്ചെടുത്തത്‌. അഞ്ചു വര്‍ഷം കൊണ്ട് ബിജെപിക്ക് എംഎല്‍എമാരുടെ എണ്ണത്തില്‍ 15 മടങ്ങിന്റെ വര്‍ധനയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. 

2013-ല്‍ ബിജെപിക്ക് ആകെ ഉണ്ടായിരുന്നത് ഒമ്പത് എംഎല്‍എമാര്‍ മാത്രമായിരുന്നു. എന്നാല്‍ 2019 ആയപ്പോള്‍ അത് 140 ലധികം പേരായി ഉയര്‍ത്താന്‍ ബി.ജെ.പി.ക്ക് സാധിക്കുകയായിരുന്നു. 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പതിയെ ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത്. അതായത് ബി.ജെ.പിക്ക് 15 ശതമാനം വര്‍ധനവ് ഈ മണ്ഡലങ്ങളില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഇതേ കാലയളവില്‍ ഇവിടുങ്ങളിലെ പ്രബല ശക്തികളായ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ വലിയ നഷ്ടം കോണ്‍ഗ്രസിനായിരുന്നു.

സീറ്റുകളുടെ എണ്ണത്തില്‍  40 ശതമാനത്തിന്റെ കുറവാണ് അന്ന് കോണ്‍ഗ്രസിന് ഉണ്ടായത്. എന്നാല്‍ ഇന്നും സ്ഥിതി മറ്റൊന്നല്ലെന്നും വടക്ക് കിഴക്ക്‌ കോണ്‍ഗ്രസിനെ പൂര്‍ണമായും ഉപേക്ഷിച്ച സ്ഥിതിയാണ് ഈ തിരഞ്ഞെടുപ്പിലും പ്രകടമാക്കുന്നത്. 

2013-ല്‍ ഒമ്പത് അംഗങ്ങള്‍ ഉണ്ടായിരുന്നത് 2014-ല്‍ 17 എംഎല്‍എമാര്‍ ആയി. 2016 ആയപ്പോഴേക്കും അത് നാലിരട്ടി വര്‍ധിച്ചു 72 ആയി. 2018 ആയപ്പോഴേക്കും അതിന്റെ രണ്ടിരട്ടി വര്‍ധിച്ച് 140 അംഗങ്ങളായി മാറുകയായിരുന്നു.

പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തോട് കൂടി പ്രാതിനിധ്യം അറിയിച്ച് തുടങ്ങിയ ബി.ജെ.പി ഓരോ ഘട്ടം കഴിയുമ്പോഴും കോണ്‍ഗ്രസിനെ കടത്തിവെട്ടിയാണ് മുന്നേറിയത്‌

ഹിമന്ത ബിശ്വാസ് ശര്‍മ്മ-വടക്ക് കിഴക്ക് കീഴടക്കിയ ചാണക്യന്‍​

രാഹുലിനെ കാണാനായി ആളുകള്‍ വന്ന് ചുറ്റും നില്‍ക്കുമ്പോഴും തന്റെ വളര്‍ത്തുനായ്ക്കളുമായി കളിക്കാറാണ് അദ്ദേഹത്തിന്റെ പതിവ്. രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയുടെ പോക്ക് ശരിയല്ലെന്ന് രാഹുലിനോട് പറഞ്ഞപ്പോള്‍ അതിനെന്താ എന്നായിരുന്നു രാഹുല്‍ ചോദച്ചത്.- 2015 ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്കെത്തിയ ഹിമന്ത ബിശ്വാസ് ശര്‍മ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

എന്നാല്‍ ഹിമന്ത ബിശ്വാസ് ശര്‍മയുടെ മുന്നറിയിപ്പിനോട് മുഖം തിരിഞ്ഞ് നിന്ന കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം ബി.ജെ.പിയിലേക്ക് കൂടുമാറിയത്. എന്നാല്‍ ബി.ജെ.പി.ക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അടിച്ച ബംമ്പറായിരുന്നു ശര്‍മ.

image

തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ ബി.ജെ.പിയിലേക്ക് എത്തുകയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുടനീളം പൗരത്വബില്ലിനെതിരായി പ്രതിഷേധമുയര്‍ന്നപ്പോള്‍ അതിനെ കൃത്യമായി കൈകാര്യം ചെയ്ത് അത് ബി.ജെ.പി.വോട്ട് ആക്കി മാറ്റി. 2014 ലില്‍ ഏഴ് സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ അത് ഒമ്പതാക്കി വര്‍ധിപ്പിച്ചു.

അസമിലെ ബി.ജെ.പി.ശക്തി കേന്ദ്രമെന്ന് പറയുമ്പോഴും വടക്ക് കിഴക്കിനെ മുഴുവനായി കൈയിലെടുക്കാന്‍ ശര്‍മക്ക് കഴിഞ്ഞു. 

നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ കണ്‍വീനറെന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ വടക്ക് കിഴക്കിനെ മുഴുവന് ബി.ജെ.പിക്കൊപ്പം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമല്ലാതെ അദ്ദേഹത്തിന്റെ വേറിട്ട പ്രചാരണ ശൈലിയും ബി.ജെ.പി.വോട്ട് ബാങ്കിലേക്ക് വടക്ക് കിഴക്കിനെ എത്തിക്കുകയായിരുന്നു. 

ഹിമന്ത ബിശ്വ ശര്‍മ്മയുടെ സഹായത്തോടെ 2016 ല്‍ ബി.ജെ.പി.ആസമില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് എതിരായി പ്രാദേശികപാര്‍ട്ടികളായ ആസം ഗണ പരിഷത്തിനേയും ബോദോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിനേയും കൂട്ടുപിടിച്ചായിരുന്നു ആസം ബി.ജെ.പി.കീഴടക്കിയത്. 

ഹിമന്തബിശ്വാസ് ശര്‍മ ബി.ജെ.പി.യിലേക്ക് എത്തിയതിന് ശേഷം അവിടുത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയും ശര്‍മ ബിജെപി പാളയത്തിലെത്തിച്ചു. 

കോണ്‍ഗ്രസ് വിട്ടുവരുന്നവരെ വേണ്ടരീതിയില്‍ പരിഗണിക്കാനും പ്രത്യേകപദവികള്‍ നല്‍കാനും ബി.ജെ.പി. പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശര്‍മയുടെ തന്ത്രങ്ങളായിരുന്നു വടക്ക് കിഴക്കിലെ ബി.ജെ.പി.യുടെ ജയം.

ബി.ജെ.പി ശക്തികേന്ദ്രമാകുന്ന വടക്ക് കിഴക്ക് 

മേഘാലയിലും മണിപ്പൂരിലും ബി.ജെ.പി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായുള്ള സഖ്യത്തിലൂടെ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നു. മിസോറാമിലും സിക്കിമിലും ബി.ജെ.പി.സര്‍ക്കാരിന്റെ ഭാഗമല്ലെങ്കില്‍ക്കൂടിയും ഭരണത്തിലിരിക്കുന്ന എന്‍ ഇ ഡി എ കേന്ദ്രത്തില്‍ എന്‍ ഡി എ ക്ക് പിന്തുണ നല്‍കുന്നുണ്ട്. 

ആസമില്‍നിന്ന് 14 ലോക്സഭസീറ്റും അരുണാചല്‍, മേഘാലയ, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടും സിക്കിം, നാഗാലന്‍ഡ്,മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു സീറ്റിലേക്കുമാണ് മത്സരം നടന്നത്.

ഇത്തവണത്തെ വടക്ക് കിഴക്ക് ഏറക്കുറേ പൂര്‍ണമായും കാവി പുതച്ചു

അസം 

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അസമില്‍ ബി.ജെ.പി.9, കോണ്‍ഗ്രസ് മൂന്ന്, എ.ഐ.യു.ഡി.എഫ്. ഒന്ന്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് ഫലം. 

പതിനാല് ലോക്‌സഭാ സീറ്റുകളാണ് ആസമിലുള്ളത്. 2004 ലെ തിരഞ്ഞടുപ്പില്‍ 1 സീറ്റില്‍മാത്രം വിജയിച്ച ബി.ജെ.പി.2014 ലെത്തിയപ്പോള്‍ കോണ്‍ഗ്രസിനെതിരേ ശക്തമായ പടയൊരുക്കം നടത്തി ഏഴ് സീറ്റുകളില്‍ വിജയിക്കുകയായിരുന്നു. 2009 ല്‍ കോണ്‍ഗ്രസ് 7, ബി.ജെ.പി.4 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ 2014 ല്‍ ബി.ജെ.പി. ഏഴും കോണ്‍ഗ്രസ് മൂന്നും സീറ്റുകളിലാണ് വിജയിച്ചത്. 

മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബി.ജെ.പി.യുടെ ആസമിലെ സ്ഥിതി ഭേദമായിരുന്നു. 1991 മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി.മത്സരിക്കുകയും ഒരു നിശ്ചിതശതമാനം സീറ്റുകളിലേക്ക് ബി.ജെ.പി.ജയിക്കുകയും ചെയ്തിട്ടുള്ളതും ആസമില്‍ നിന്നുമാണ്. 

തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വാസ്‌ ശര്‍മ്മ 2016ല്‍ ബി.ജെ.പിയിലേക്ക് എത്തുകയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംx ചെയ്തു. ഹിമന്ത ബിശ്വാസ്‌ ശര്‍മ്മയുടെ സഹായത്തോടെ 2016 ല്‍ ബി.ജെ.പി.അസമില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് എതിരായി പ്രാദേശികപാര്‍ട്ടികളായ ആസം ഗണ പരിഷത്തിനേയും ബോദോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിനേയും കൂട്ടുപിടിച്ചായിരുന്നു ആസം ബി.ജെ.പി.കീഴടക്കിയത്. 


മണിപ്പൂര്‍ 

കോണ്‍ഗ്രസിനോട് വ്യക്തമായ ആഭിമുഖ്യം കാണിച്ചിരുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനെ തുടച്ച് നീക്കി രണ്ട് ലോക്‌സഭാ സീറ്റുകളില്‍ ഒന്ന് ബി.ജെ.പിയും ഒന്ന് എന്‍.പി.എഫും പങ്കിട്ടെടുത്തു. ഔട്ടര്‍ മണിപ്പൂരില്‍ നിന്ന് എന്‍.പി.എഫ്.സ്ഥാനാര്‍ഥി 3,61210 വോട്ടുകള്‍ക്കും ഇന്നര്‍ മണിപ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ രഞ്ജന്‍സിങ് 2,45029 വോട്ടുകള്‍ നേടി വിജയിച്ചു. 

വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്തായിരുന്നു ആദ്യമായി സംസ്ഥാനത്ത് ബി.ജെ.പി.ക്ക് തങ്ങളുടെ വോട്ട് ഷെയര്‍ വര്‍ധിക്കാന്‍ സാധിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരം നഷ്ടമായതോടെ ബി.ജെ.പി.പ്രഭാവം സംസ്ഥാനത്തിന് നഷ്ടമായി. 

തുടര്‍ന്ന് 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് വീണ്ടും ബി.ജെ.പി.സാന്നിധ്യം ശക്തമാകുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ ബി.ജെ.പി.ക്ക് വിജയിക്കാന്‍ സാധിച്ചു. തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ മണിപ്പൂര്‍ ബി.ജെ.പി. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 

അരുണാചല്‍പ്രദേശ് 

കേന്ദ്രത്തില്‍ വാജ്‌പേയി അധികാരത്തിലിരുന്ന സമയത്ത് മാത്രമാണ് ബി.ജെ.പി.ക്ക് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ അരുണാചല്‍ വെസ്റ്റില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പി.കിരണ്‍ റിജ്ജു, തപീര്‍ ഗാവു എന്നിവര്‍ അരുണാചല്‍ ഈസ്റ്റ്, അരുണാചല്‍ വെസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് ലോകസഭയിലേക്ക് എത്തുന്നത്. 

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിലും സ്ഥിതി വേറെയല്ല. 60 അംഗ നിയമസഭയില്‍ 35 സീറ്റും ബി.ജെ.പിക്ക് നേടാന്‍ സാധിച്ചു. ഇവിടെ ഒരു സീറ്റ്‌ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 

അരുണാചലില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ബി.ജെ.പിയുമായി സഖ്യത്തിലായതോടെയാണ് സര്‍ക്കാരിന്റെ ഭാഗമാകാന്‍ ബി.ജെ.പി.ക്ക് സാധിച്ചത്. എന്നാല്‍ 2004 ല്‍ എന്‍.ഡി.എ.ക്ക് കേന്ദ്രം നഷ്ടമായപ്പോള്‍ ബി.ജെ.പി. അരുണാചലിലെ രണ്ട് ലോകസഭാ സീറ്റുകളിലും വിജയിച്ച് കേന്ദ്രത്തിന്റെ ഭാഗമായിരുന്നു.


മേഘാലയ 

ബി ജെ പിക്ക് വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അവിടെ ഇതുവരേയും അധികാരത്തിലെത്താന്‍ സാധിച്ചിട്ടില്ല. മേഘാലയിലെ ഈ ട്രെന്‍ഡ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലും വ്യക്തമാണ്.

ഷില്ലോങില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ടൂറയില്‍ നിന്ന് എന്‍.പി.പി.സ്ഥാനാര്‍ഥിയുമാണ് ലോക്‌സഭയിലേക്കെത്തുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേഘാലയില്‍ നിന്ന് മാത്രമാണ് കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചത്. 

എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് ബദലാകാന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി എന്‍.ഡി.എ. സഖ്യത്തിലെത്തിയിരുന്നു. 

1998 ലാണ് ആദ്യമായി മൂന്ന് അസംബ്ലിമണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് ജയിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് 2003 ല്‍ രണ്ട് സീറ്റും 2008 ല്‍ ഒരു നിയമസഭാ സീറ്റിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ സാധിച്ചു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെപ്പോലും ബി.ജെ.പി. മത്സരത്തിനിറക്കിയല്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ട് ഷെയറാണ് ലഭിച്ചത്. മോദി തരംഗത്തിന് മേഘാലയയെ ഒരു തരത്തിലും സ്വാധീനിക്കാന്‍ സാധിച്ചില്ല.

പിന്നീട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 21 സീറ്റുകളില്‍ ജയിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. എന്നാല്‍ നാഷണല്‍ ഡെമോക്രാറ്റിക് സഖ്യം നേതാവ് ഹിമന്ത് ബിശ്വാസ് ശര്‍മ കോണ്‍ഗ്രസ് ബന്ധമില്ലാത്ത മറ്റെല്ലാ പാര്‍ട്ടികളുടേയും സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തത്തിയ എന്‍ പി പി യുടേയും പിന്തുണ നേടിക്കൊണ്ട് ബി.ജെ.പി. ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിശ്വാസ് സഹായം നല്‍കുകയായിരുന്നു. 

നാഗാലാന്‍ഡ് 

നാഗാപീപ്പിള്‍സ് ഫ്രണ്ടിന് ദേശീയപാര്‍ട്ടികളെ പിന്തള്ളി ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്‌. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ടോക്കിയോ യെപ്‌തോമിയാണ് ഇത്തവണ ലോക്‌സഭിയിലേക്ക് നാഗലന്‍ഡിനെ പ്രതിനിധീകരിച്ച് എത്തുന്നത്. 

2004 മുതല്‍ 2014 വരെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) ആണ് നാഗാലാന്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 

2018 ലെ ഉപതിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി മത്സരിച്ച് വിജയിക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷനായ ടോകിഹോ യെപ്‌തോമിയായിരുന്നു വിജയിച്ചത്. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.പി. ബിജെ.പിയുമായി സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

 നാഗാല്‍ഡിലെ പ്രാദേശികപാര്‍ട്ടികളായ നാഗാപീപ്പിള്‍സ് ഫ്രണ്ടും നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടേയും സഖ്യത്തോടെ രണ്ട് തവണ ബി.ജെ.പി.ക്ക് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞു.  

ത്രിപുര 

ചെങ്കോട്ടയായ ത്രിപുര കൃത്യമായ ആസൂത്രണത്തോടും മുന്നൊരുക്കത്തോടെയുമാണ് ബിജെപി പിടിച്ചെടുത്തത്‌.

നിയമസഭയില്‍ വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ സിപിഎം കാലങ്ങളായി ജയിച്ചുവന്ന രണ്ട് ലോക്‌സഭാ സീറ്റിലും ഇത്തവണ ബിജെപി അനായാസം ജയിച്ചു. രണ്ടിടത്തും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ് എത്തിയത്‌. ഇത്തവണ  ത്രിപുര ഈസ്റ്റില്‍ റെബാതി ത്രിപുരയും വെസ്റ്റില്‍ പ്രതിമ ഭൗമിക്കുമാണ് ജയിച്ചത്‌.

കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ത്രിപുര കൈയടക്കിയത്.
പ്രാദേശികപാര്‍ട്ടിയായ ഐ.പി.എഫ്.ടിയുടെ പിന്തുണയോടുകൂടിയായിരുന്നു ബി.ജെ.പി.അധികാരത്തിലെത്തിയത്. 

മിസോറാം 

മിസോറാമിലെ പ്രാദേശിക പാര്‍ട്ടിയും ഭരണപക്ഷവുമായ എം.എന്‍.എഫും ബി.ജെ.പിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരത്തിനിറങ്ങിയത്. മിസോറമില്‍ ബി.ജെ.പി.യെ പിന്തള്ളി എം.എന്‍.എഫ് വന്‍വിജയമാണ് നേടിയത്. 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചു. 

സിക്കിം

ബി.ജെ.പിക്കോ മറ്റൊരു ദേശീയപാര്‍ട്ടിക്കോ സാധ്യത നല്‍കാത്ത സംസ്ഥാനമാണ് സിക്കിം. സിക്കിം പ്രാദേശികപാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും ക്രാന്തികാരി മോര്‍ച്ചയും തമ്മിലാണ് സിക്കിം ല്‍ കൊമ്പുകോര്‍ത്തത്. സിക്കിം ക്രാന്തികാരി മോര്‍ച്ച സ്ഥാനാര്‍ഥി 12,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്‌. 

നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതി ഇതുതന്നെയാണ്. എസ്.കെ.എം 17 സീറ്റുകളിലും എസ്.ഡി.എഫ്. 15 സീറ്റുകളിലുമാണ് വിജയിച്ചത്. 

2016 മുതല്‍ സിക്കിം പ്രാദേശികപാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണ എന്‍.ഇ.ഡി.എ.ക്കും നല്‍കുന്നു. 

ദേശീയപാര്‍ട്ടികളെ മാറ്റി നിര്‍ത്തുന്ന പ്രവണതയാണ് ലോക്‌സഭയിലും നിയമസഭയിലും സിക്കിം നടത്തുന്നത്. 

അതേ സമയം രാജ്യത്ത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഭരിച്ച ചാംലിങിന് ഈ തിരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടി തോറ്റതോടെ പടിയിറങ്ങി. 1993 മുതല്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിപദം അലങ്കരിച്ചുവരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്(എസ്.ഡി.എഫ്.) സ്ഥാപക നേതാവായിരുന്നു ചാംലിങ്. ഇത്തവണ സിക്കിം ക്രാന്തികാരി മോര്‍ച്ച ഭരണത്തിലേറിയതോടെ 25 വര്‍ഷത്തെ ചാംലിങ് ഭരണത്തിനാണ് അവസാനമാകുന്നത്‌.

Content Highlights: BJP, north east states, in 2019 Loksabha Elections