35 വര്‍ഷത്തിന് ശേഷം കാസര്‍കോട്, 30 വര്‍ഷത്തിന് ശേഷം ആറ്റിങ്ങല്‍, 26 വര്‍ഷത്തിന് ശേഷം ആലത്തൂര്‍, 23 വര്‍ഷത്തിനു ശേഷം പാലക്കാട്. പതിറ്റാണ്ടുകളായി ഒപ്പം നിന്ന നാല് ഇടതുകോട്ടകളാണ് കേരളത്തില്‍ കടപുഴകി വീണത്. അതിനാല്‍ തന്നെ കേരളത്തില്‍ യുഡിഎഫ് നേടിയത് വെറും വിജയമല്ല സമഗ്രാധിപത്യമായിരുന്നു എന്ന് പറയാം. 

കാസര്‍ക്കോട് തകര്‍ന്നടിഞ്ഞത് 35 വര്‍ഷത്തെ സിപിഎം കോട്ട

35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിപിഎം സ്ഥാനാര്‍ഥി സതീഷ് ചന്ദ്രനെതിരേ 40,438 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം കൈവരിച്ചത്.

കാസര്‍കോട് മണ്ഡലത്തില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്ല്യാശ്ശേരിയില്‍ പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണ് 26131 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്റെ സ്വന്തം മണ്ഡലമായിരുന്നിട്ടുപോലും കേവലം 1900 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഇടതുപക്ഷത്തിനുണ്ടായത്. 

2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കാസര്‍കോട് മണ്ഡലത്തിലെ ഇടതുപക്ഷ മേല്‍കോയ്മയ്ക്ക് മങ്ങലേറ്റിരുന്നു. 2004-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഹിദ കമാലിനെ 64427 വോട്ടുകള്‍ക്കാണ് പി.കരുണാകരന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, 2014-ലെ തിരഞ്ഞെടുപ്പില്‍ ഇത് 6921 ആയി കുറയ്ക്കാന്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി.സിദ്ദിഖിനായിരുന്നു. കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കാലത്താണ് ഭൂരിപക്ഷം ഇത്രകണ്ട് കുറയ്ക്കാന്‍ സിദ്ദിഖിനായത്. ഇതിന്റെ തുടര്‍ച്ചയാണ് ഉണ്ണിത്താന്റെ ജയം.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഎമ്മിന് ഭൂരിപക്ഷമുണ്ടെങ്കിലും ഉദുമയില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്. 

അട്ടിമറി വിജയം കോണ്‍ഗ്രസ്സിന് നല്‍കി പാലക്കാട്

23 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പം നിന്ന പാലക്കാട് 11637 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സീറ്റ് പിടിക്കുന്നത്. 

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി കൂടിയായി കോണ്‍ഗ്രസ്സിലെ വി.കെശ്രീകണ്ഠന്റെ വിജയം.

ഇത്തവണ എല്‍.ഡി.എഫിന്റെ ഏറ്റവും ഉറച്ച സീറ്റായി വിലയിരുത്തിയ മണ്ഡലമാണ് പാലക്കാടാണ്. അവിടെയാണ് എല്‍.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി വി.കെ ശ്രീകണ്ഠന്‍ മുന്നേറിയത്. 3,99,274 വോട്ട് ശ്രീകണ്ഠന് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സിറ്റിങ് എം.പി കൂടിയായ എം.ബി.രാജേഷിന് ലഭിച്ചത് 3,87,637 വോട്ടായിരുന്നു. 218556 വോട്ട് ലഭിച്ച ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയുയര്‍ത്താന്‍ പറ്റിയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളെല്ലാം എം.ബി രാജേഷിനേയാണ് തുണച്ചത്. ഇത്തവണ പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ ശ്രീകണ്ഠന്‍ ലീഡുയര്‍ത്തി. 

2014 ല്‍ 4,12,897 വോട്ടുകള്‍ രാജേഷിന് ലഭിച്ചപ്പോള്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.പി.വീരേന്ദ്രകുമാറിന് ലഭിച്ചത് 3,07,597 വോട്ടായിരുന്നു. 

മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട്, കോങ്ങാട് എന്നീ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് നിലവിലുള്ള വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നുമായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. ഏതാണ്ട് അതുപോല തന്നെ സംഭവിക്കുകയും ചെയ്തു.

അതേസമയം മൂന്ന് ലക്ഷം വോട്ടുകള്‍ നേടാനാവുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വിശ്വാസികളുടെ വോട്ടായി വരുമെന്നും അവര്‍ കണക്കുകൂട്ടി. ആ പ്രതീക്ഷയും അസ്ഥാനത്തായി. 

ആറ്റിങ്ങലില്‍ കടപുഴകിയത് വിജയമുറപ്പിച്ച സിപിഎം സീറ്റ്

39,171 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുപ്പത് വര്‍ഷത്തിന് ശേഷം ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. അടൂര്‍പ്രകാശ് 3,79469 വോട്ടുകളും സി.പി.എം.സ്ഥാനാര്‍ഥി എ.സമ്പത്ത് 3,40298 വോട്ടുകളും ബി.ജെ.പി.സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ 2,56502 വോട്ടും നേടി.

2014 ല്‍ അഡ്വ.ബിന്ദുകൃഷ്ണയും 2009 ല്‍ ജി.ബാലചന്ദ്രനും  2004 ലും1999 ലും എം.ഐ.ഷാനവാസിനേയും 1998 ല്‍ എം.എം.ഹസനേയും തലേക്കുന്നില്‍ ബഷീറിനേയുമടക്കം തോല്‍പ്പിച്ചായിരുന്നു 1991 ന് ശേഷം തുടര്‍ച്ചയായി ഏഴ് തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം പിടിച്ചടക്കിയത്.

ആറ്റിങ്ങല്‍,വര്‍ക്കല,ചിറയിന്‍കീഴ്,നെടുമങ്ങാട് എന്നീ മണ്ഡലങ്ങളാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ സമ്പത്തിന് വന്‍ ഭൂരിപക്ഷം നല്‍കിയത്. എന്നാല്‍ ഇത്തവണ ഇവയെല്ലൊം കോണ്‍ഗ്രസിനോട് ചായുകയായിരുന്നു. 

1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.കെ.കുമാരന്റെ വിജയത്തോടെയാണ് ആറ്റിങ്ങല്‍ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീട് നടന്ന മിക്ക തിരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആറ്റിങ്ങലിനെ ചുവപ്പണിയിക്കാന്‍ നിഷ്പ്രയാസം സാധിച്ചു. പതിനാറ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പതിനൊന്ന് തവണയും ആറ്റിങ്ങല്‍ ചെങ്കൊടി പാറിച്ചപ്പോള്‍ അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസ് പതാകപാറിയത്. 

ആലത്തൂരിലെ മിന്നും വിജയം

26 വര്‍ഷമായി ആലത്തൂര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത്. ഇടതും-വലതും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന് കരുതിയ മണ്ഡലത്തില്‍ 1,58,968 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ യുവ വനിതാ സാരഥിയായ രമ്യ ഹരിദാസിന്റെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 

2008-ല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്‌സഭയിലേക്കെത്തുന്നത്. 

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആലത്തൂര്‍ മണ്ഡലം രൂപകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ്. ഇടത്തോട്ടുള്ള തുടര്‍ച്ചയായ ഈ വിജയക്കുതിപ്പിന് കൂടിയാണ് ഇത്തവണ വിരാമമായത്. 

5,33,815 വോട്ടുകള്‍ സ്വന്തമാക്കിയാണ് ലോക്‌സഭയിലേക്ക് കന്നി അങ്കത്തില്‍തന്നെ രമ്യ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 3,74,496 വോട്ടായിരുന്നു ആകെ ലഭിച്ചത്. 2009-ല്‍ 3,87,352 വോട്ടും 2014-ല്‍ 4,11,808 വോട്ടും പെട്ടിയിലാക്കിയ പികെ ബിജുവിന് ഇത്തവണ ലഭിച്ചത് 3,74,847 വോട്ടുകള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള മുന്‍ സിപിഎം നേതാവ് കൂടിയായ ബിഡിജെഎസ് സ്ഥാനാര്‍ഥി ടിവി ബാബുവിന് 89837 വോട്ടുകളാണ് പെട്ടിയിലാക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി 2034 വോട്ടുകള്‍ നേടാനെ എന്‍ഡിഎ സഖ്യത്തിന് സാധിച്ചുള്ളു.

content highlights: Big defeat for CPM In Kerala, Kerala election 2019  result, Palakkad, alathoor, Attingal, Kasarkode