നെഹ്രുകുടുംബത്തിൽ ജവാഹർലാൽ നെഹ്രുമുതൽ രാഹുൽഗാന്ധിവരെ എല്ലാവരും മത്സരിച്ചുവിജയിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്. ബി.ജെ.പി. പക്ഷത്തുള്ള മനേകാ ഗാന്ധിയും വരുൺഗാന്ധിയും മത്സരിച്ചുവിജയിച്ചതും ഉത്തർപ്രദേശിൽനിന്നുതന്നെ. മത്സരിക്കാതിരുന്നത് നെഹ്രുവിന്റെ ഭാര്യ കമലാ നെഹ്രുവും ഇളമുറക്കാരി പ്രിയങ്കയും മാത്രം. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ മനസ്സുതുറന്നിട്ടില്ല.

2014-ലെ തിരഞ്ഞെടുപ്പിൽ 80 സീറ്റുള്ള ഉത്തർപ്രദേശിൽ രണ്ടുമണ്ഡലങ്ങളിലാണ് കോൺഗ്രസ് ജയിച്ചത്. അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധി റായ്ബറേലിയിലും ഉപാധ്യക്ഷനായിരുന്ന രാഹുൽഗാന്ധി അമേഠിയിലും. ഇത്തവണയും രണ്ടുപേരും അതത് മണ്ഡലങ്ങളിൽ മത്സരിക്കുമ്പോൾ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും സ്ഥാനാർഥികളെ നിർത്താതെ മണ്ഡലങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഇത് കോൺഗ്രസിന് അനുകൂലമാണെങ്കിലും മറ്റുചില ആശങ്കകൾ കോൺഗ്രസിനുണ്ട്. പഴയ കണക്കുകളാണ് ഒന്ന്. പിന്നെ ബി.ജെ.പി.വിരുദ്ധ പക്ഷത്തിന്റെ നേതൃസ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും.

സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും വിജയിച്ചിട്ടുള്ള അമേഠിയിൽ 2004-ൽ ആണ് രാഹുൽ മത്സരിക്കാനെത്തുന്നത്. 66.17 ശതമാനം വോട്ടുനേടി അദ്ദേഹം വിജയിച്ചു. അന്ന് രണ്ടാമതെത്തിയ ബി.എസ്.പി. നേടിയത് 16.85 ശതമാനം വോട്ട്. ബി.ജെ.പി.ക്ക് 9.4 ശതമാനം.

2009-ൽ രാഹുൽ വോട്ട് 71.78 ശതമാനമായി ഉയർത്തി വിജയിച്ചു. ബി.എസ്.പി.യുടേത് 14.54 ശതമാനമായും ബി.ജെ.പി.യുടേത് 5.81 ആയും കുറഞ്ഞു. 2014-ൽ നടിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയെ രാഹുലിനെതിരേ മത്സരിപ്പിച്ച് ബി.ജെ.പി. മത്സരം കടുപ്പിച്ചു. ഒരുലക്ഷത്തിനുമേൽ വോട്ടിന് രാഹുൽ ജയിച്ചെങ്കിലും വോട്ടുശതമാനം കോൺഗ്രസിനെ ഞെട്ടിച്ചു. 46.71 ശതമാനം വോട്ട് രാഹുൽനേടിയപ്പോൾ അതുവരെ മൂന്നാംസ്ഥാനത്തായിരുന്ന ബി.ജെ.പി. 34.38 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. ബി.എസ്.പി. വോട്ടുശതമാനം വീണ്ടും കുറഞ്ഞ് 6.6-ൽ എത്തി.

നിയമസഭയിലെ കണക്കുകളും പൊള്ളിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് അപ്രസക്തമായിട്ട് വർഷങ്ങളായി. 1989 ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിപദത്തിൽനിന്ന് ഇറങ്ങിയ എൻ.ഡി. തിവാരിയാണ് കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി. അദ്ദേഹം പിന്നീട് ബി.ജെ.പി.യിലെത്തി. ബി.ജെ.പി.ക്കും എസ്.പി.ക്കും ബി.എസ്.പി.ക്കും ഇടയിലാണ് ഉത്തർപ്രദേശ് രാഷ്ട്രീയം പിന്നെ കറങ്ങിയത്. പക്ഷേ, അമേഠിയും റായ്ബറേലിയും കോൺഗ്രസിനെ കൈവിട്ടില്ല. എന്നിട്ടും നിയമസഭാതിരഞ്ഞെടുപ്പുകളിലെ കണക്കുകൾ കോൺഗ്രസിനെ അമേഠിയിൽ അസ്വസ്ഥമാക്കുന്നത് തോറ്റു എന്നതിനെക്കാൾ ബി.ജെ.പി. ജയിച്ചു എന്നതാണ്; എസ്.പി.യും ബി.എസ്.പി.യും കോൺഗ്രസിനൊപ്പം തോൽക്കുന്നു എന്നതാണ്.

2007-ൽ അമേഠിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിൽ വിജയിച്ചത് കോൺഗ്രസ്. എസ്.പി.യും ബി.എസ്.പി.യും ഒന്നുവീതം. ബി.ജെ.പി. ചിത്രത്തിലില്ല. 2012-ൽ എസ്.പി.-3, കോൺഗ്രസ്-2. ബി.ജെ.പി.യും ബി.എസ്.പി.യും ചിത്രത്തിലില്ല. 2017-ൽ ബി.ജെ.പി.-4. എസ്.പി.-1. കോൺഗ്രസും ബി.എസ്.പി.യും പൂജ്യം.

മണ്ഡലത്തിൽ ഒറ്റയ്ക്ക്‌ ജയിക്കാൻപോന്നവരാണ് തങ്ങളെന്ന് കോൺഗ്രസ് ഇപ്പോഴും പറയുന്നുണ്ട്. എസ്.പി.യും ബി.എസ്.പി.യും സ്ഥാനാർഥിയെ നിർത്തിയിട്ടുമില്ല. എന്നിട്ടും കോൺഗ്രസിനെ അലട്ടുന്നത് മേൽപ്പറഞ്ഞ കണക്കുകളാണ്. തോറ്റിട്ടും മണ്ഡലത്തിൽ ഇടയ്ക്കിടെയെത്തി സജീവമാകുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും സ്ഥാനാർഥി. അതിനപ്പുറം ബി.ജെ.പി.വിരുദ്ധ ശക്തികളുടെ ഒരു സഖ്യസർക്കാർ വരികയാണെങ്കിൽ പ്രധാനമന്ത്രിപദം എന്ന മോഹം ഉള്ളിലുള്ളവരാണ് എസ്.പി. നേതാവ് അഖിലേഷ് യാദവും ബി.എസ്.പി. നേതാവ് മായാവതിയും. തങ്ങളുടെ ചെലവിൽ ജയിപ്പിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ അവർ എത്രത്തോളം മെനക്കെടുമെന്ന് കോൺഗ്രസിന് ഉറപ്പില്ല.

‘ആയുധം’ കൊണ്ടുള്ള പോരാട്ടം 

തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ എന്തും ആയുധമാണ്. എന്നാൽ, അമേഠിയിൽ ആയുധം പോരാട്ടവിഷയമാണ്. 2019 മാർച്ച് മൂന്നിനാണ് പ്രധാനമന്ത്രി മോദി ആദ്യമായി അമേഠിയിലെത്തുന്നത്. ഇന്ത്യ-റഷ്യ സംയുക്തസംരംഭമായി എ.കെ. 47 തോക്കുനിർമാണശാലയ്ക്ക് തറക്കല്ലിടാനാണ് അദ്ദേഹം എത്തിയത്. 2007-ൽ അമേഠിയിൽ ആയുധനിർമാണശാലയ്ക്ക്‌ രാഹുലിന്റെ നേതൃത്വത്തിൽ തറക്കല്ലിട്ടിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളാൽ മുന്നോട്ടുപോയില്ല.

2014 മുതൽ മണ്ഡലത്തിൽ പതിവുസന്ദർശനത്തിനെത്തുന്ന മന്ത്രി സ്മൃതി ഇറാനിയുടെ താത്‌പര്യത്തിൽ പത്തോളം പദ്ധതികൾ എത്തിയിട്ടുണ്ട്. 49 റോഡ് ശൃംഖലകൾ, നാല് ഐ.ടി.ഐ.കൾ, 200 ഹാൻഡ് പമ്പുകൾ, ശ്രവണസഹായികളുടെ വിതരണം തുടങ്ങിയവ ഉൾപ്പെടെയാണിത്.

content highlights: Amethi loksabha constituency analysis, Rahul Gandhi