2019-ലെ ലോക്സഭ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതു എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച കൊണ്ടോ രണ്ടാമതും മോദി തരംഗം ഉണ്ടായതു കൊണ്ടോ മാത്രമല്ല. ജാതി രാഷ്ട്രീയം അതിന്റെ ഈററില്ലങ്ങളില്‍ പരാജയപ്പെട്ടതാണ് മറ്റൊരു വസ്തുത. ഒപ്പം കുടുംബവാഴ്ചയുടെ കോട്ടകള്‍ പലതും തകര്‍ന്നു. ഹിന്ദു ദേശീയതയും രാജ്യസ്‌നേഹവും പാകിസ്താന്‍ വിരോധവും വളര്‍ത്തിയാണ് നരേന്ദ്രമോദി ഈ തിരഞ്ഞെടുപ്പ് തൂത്തുവാരിയത്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു പാകിസ്താനെ ക്ഷണിക്കാതിരുന്നത് ശ്രദ്ധിക്കുക. പാക്കിസ്താന്‍ വിരോധം ഒരു രാഷ്ട്രീയമാണ്.
ഭിന്നതാല്പര്യങ്ങളുമായി ഏറ്റുമുട്ടി ആശയകുഴപ്പമുണ്ടാക്കുന്ന കൊച്ചു കൊച്ചു പാര്‍ട്ടികളുടെ കൂട്ടുകക്ഷി സര്‍ക്കാരല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് 2019-ലെ തിരഞ്ഞെടുപ്പ് തെളിയിച്ചു. അഞ്ചു വര്‍ഷം പരസ്പരം പോരടിക്കാത്ത ഭദ്രമായ സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ഭദ്രമായ ഒരു സര്‍ക്കാരിനെ ബലാകോട്ടിലേക്കു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനാവൂ എന്ന് ജനം വിശ്വസിച്ചു.
ഹിന്ദു ദേശീയത
ഹിന്ദു ദേശീയത വോട്ടു ബാങ്കാക്കാമെന്ന് ബി.ജെ.പി. കാണിച്ചു തരുന്നത് ഇതാദ്യമല്ല. രാമജന്മഭൂമി തര്‍ക്കത്തിന്റെ
പാശ്ചാത്തലത്തിലാണ് അവര്‍ രാജ്യത്ത് ഹൈന്ദവ വികാരത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തത്. 1984-ലെ ലോക്സഭാ
തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റില്‍ ഒതുങ്ങിപ്പോയ ബി.ജെ.പി. തിരിച്ചുവരവിനു രാമക്ഷേത്രത്തെ ആശ്രയിക്കുകയായിരുന്നു. 33 വര്‍ഷം കൊണ്ട് രണ്ടില്‍നിന്ന് 303 സീറ്റിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
1989 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭരിപക്ഷമില്ലാത്ത സഭയില്‍ 85 സീറ്റുകള്‍ ബി.ജെ.പി. നേടി; അഞ്ചു വര്‍ഷം കൊണ്ടാണ് രണ്ട് സീറ്റില്‍ നിന്നു 85ലേക്കു കുതിച്ചത്. അതിനകം രാമജന്മഭൂമിയില്‍ ക്ഷേത്രത്തിനുള്ള ശിലാസ്ഥാപനം നടന്നതോടെ അയോദ്ധ്യാ പ്രക്ഷോഭം 'മന്ദിര്‍ വഹീം ബനായേംഗെ' എന്ന മുദ്രാവാക്യത്തോടെ രാജ്യമാകെ വികാരമുയര്‍ത്തി. ക്ഷേത്രം അവിടെത്തന്നെയെന്ന് രാജ്യമെങ്ങും ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയും സംഘപരിവാറും സമര്‍ത്ഥമായി മുന്നേറി.
1996-ല്‍ 161, 1999-ല്‍ 182 ആയി ബി.ജെ.പിയുടെ സീററുകള്‍ വര്‍ദ്ധിച്ചു എന്നാല്‍ 99-2004 വാജ്‌പേയി സര്‍ക്കാരിന് ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. 2004-ല്‍ സീറ്റുകള്‍ 138 ആയും 2009-ല്‍ 116 ആയും കുറഞ്ഞു.
യു.പി., ബീഹാര്‍ മഹാ മുന്നണി
2019-ല്‍ ബി.ജെ.പിക്കെതിരെ ഏറ്റവും വലിയ വെല്ലുവിളി വന്നത് 2014-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. യു.പിയിലും ബീഹാറിലും ജാതിയെ മറികടക്കാനെടുത്ത തന്ത്രമാണ് മോദിക്കു മറ്റൊരു തരംഗം സമ്മാനിച്ചത്. ജാതിരാഷ്ട്രീയത്തെ മറികടക്കാന്‍ ബി.ജെ.പിയും ജാതിയേ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. യാദവനു സാദ്ധ്യതയുള്ള മണ്ഡലത്തില്‍ യാദവനെയും ബ്രാഹ്മണനു സാദ്ധ്യതയുള്ള മണ്ഡലത്തിൽ ബ്രാഹ്മണനേയും ഭൂമിഹാറിന്നു സാദ്ധ്യതയുള്ള സ്ഥലത്ത് ഭൂമിഹാറിനേയും തന്ത്രപൂര്‍വ്വം ഇറക്കി. ഒപ്പം ജാതിയെക്കാള്‍ വലുതു രാജ്യമാണെന്നും ശൗചാലയവും വെള്ളവും ജീവിതസൗകര്യങ്ങളും ആണെന്നും അവര്‍ ആഴത്തില്‍ ബോധവല്‍ക്കരണം നടത്തി.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേയും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേയും വോട്ടു ശതമാനം വെച്ചു നോക്കുമ്പോള്‍ യു.പിയില്‍ എസ്.പിയും ബി.ജെ.പിയും ഒന്നിച്ചാല്‍ ബി.ജെ.പിക്കു ജയിക്കാന്‍ പ്രയാസമാണ്. എന്നാല്‍ എസ്.പി., ബി.എസ്.പി., ആര്‍.എല്‍ഡി. മഹാ മുന്നണി 15 സീറ്റില്‍ ഒരുങ്ങുകയാണ് ഉണ്ടായത്. ഒരു സീറ്റ് റായ്ബറേലിയില്‍ കോണ്‍ഗ്രസ്സും നേടി. ബീഹാറില്‍ വലിയ സാധീനമുള്ള ആര്‍.ജെ.ഡി. ഒരു സീറ്റു പോലുംലഭിക്കാതെ തകര്‍ന്നു. അവരോടൊപ്പം മഹാമുന്നണിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിനു മാത്രമാണ് മോദിതരംഗത്തെ ചെറുത്തുകൊണ്ട് ഒരേയൊരു സീറ്റ് ബീഹാറില്‍ നേടാന്‍ കഴിഞ്ഞത്. ബാക്കി 39 സീറ്റും എന്‍.ഡി.എ. തൂത്തുവാരി.
പാര്‍ലമെന്റിലേക്കു 120 അംഗങ്ങളെ അയക്കുന്ന യു.പി., ബീഹാര്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നു പതിറാണ്ടു കാലം ആധിപത്യം പുലര്‍ത്തിയിരുന്ന ജാതിരാഷ്ട്രീയത്തെ ഹൈന്ദവ ദേശീയത എന്ന രാഷ്ട്രീയംകൊണ്ടു ബി.ജെ.പി. തളച്ചു എന്നതാണ് സംഭവം. പിന്നാക്ക സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ 1989-ല്‍ വി.പി. സിംഗ് എടുത്ത തീരുമാനമാണ് ഇന്ത്യയില്‍ ജാതി
രാഷ്ട്രീയത്തിന് കൊടി പിടിച്ചത്. വി.പി. സിംഗിനു പിന്തുണ നല്‍കിയിരുന്ന ജനതാദള്‍ പാര്‍ട്ടികള്‍ ഈ അനുകൂല അന്തരീക്ഷം പ്രയോജനപെടുത്തി. വിവിധ ജനതാദള്‍ വിഭാഗങ്ങള്‍ യു.പി., ബീഹാര്‍, ഒഡീഷ, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ അധികാരത്തിലേറുകയും ഇന്ത്യയൊട്ടാകെ പിന്നാക്ക രാഷ്ട്രീയം ശക്തമാവുകയുംചെയ്തു
ഇതിനു പിന്നാലെയാണ് ദളിത് രാഷ്ട്രീയത്തിന്റെ സാദ്ധ്യത കന്‍ഷിറാം കാണിച്ചു കൊടുത്തത്. ശിഷ്യ മായാവതിയുടെ
നേതൃത്വത്തില്‍ ദളിത് പാര്‍ട്ടിയായ ബി.എസ്.പി.(ബഹുജന്‍ സമാജ് പാര്‍ട്ടി) യു.പിയില്‍ ശക്തമായി. ബി.എസ്.പിയുടെ വളര്‍ച്ച ദളിത് രാഷ്ട്രീയത്തിന് പ്രേത്സാഹനമായി. ഹരിയാന, പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ചെറിയ തോതിലെങ്കിലും സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എങ്കിലും 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.പിയിലൊഴികെ മറ്റൊരിടത്തും അവരുടെ സാന്നിദ്ധ്യം കാണാനായില്ല.
ദളിത് രാഷ്ട്രീയം ചുവടുറപ്പിക്കും മുമ്പെ തന്നെ സോഷ്യലിസ്റ്റ് നേതാവ് മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍
യാദവരടങ്ങുന്ന പിന്നാക്കക്കാരും മുസ്ലീംകളും വിശ്വാസമര്‍പ്പിച്ച സമാജ്വാദി പാര്‍ട്ടി യു.പിയില്‍ ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു. ദീര്‍ഘകാലമായുള്ള കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തിന് അറുതിയിട്ടുകൊണ്ട് 1989-ല്‍ അധികാരത്തിലേറിയ മുലായം സിംഗിന്റെ പാര്‍ട്ടി നാലു തവണ- മൂന്നു തവണ മുലായം സിംഗും ഒരു തവണ മകന്‍ അഖിലേഷ് യാദവും- മുഖമന്ത്രിമാരായി. നാലു തവണ മായാവതിയും മുഖ്യമന്ത്രിയായി. ഇതിന്നിടയില്‍ 1991-ലും 1997-ലും 2000-ലും രാമജന്മഭ്രൂമി പ്രക്ഷോഭം സൃഷ്ടിച്ച വികാരത്തിലുയര്‍ന്നു ബി.ജെ.പി. അധികാരത്തിലേറി. കല്യാണ്‍ സിംഗ് മുഖ്യമന്തിയായിരിക്കുമ്പോള്‍ 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് അയോദ്ധ്യയില്‍ തകര്‍ക്കപ്പെട്ടത്.
2017-ല്‍ ഒരു മുഖ്യമന്ത്രിയെ ചൂണിക്കാണിക്കാതെ തന്നെ പോരാടിയ ബി.ജെ.പി. എല്ലാ എതിര്‍കക്ഷികളേയും തലകുനിപ്പിച്ചു കൊണ്ട് തകര്‍പ്പന്‍ വിജയമാണ് നേടിയത്. വിജയിച്ച ശേഷം യോഗി ആദിത്യനാഥിനെ
മുഖമന്ത്രിയാക്കിക്കൊണ്ട് കാവി ഒന്നുകൂടി കടുപ്പിച്ചു. ഹൈന്ദവ രാഷ്ട്രീയത്തിന്റെ അടിത്തറ ബലപ്പെടുത്തി
1989-ല്‍ അധികാരം നഷ്ടപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ് ക്രമേണ ശോഷിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു
പതിറ്റാണ്ടു കാലം യുപി. ഭരിച്ചതു എസ്.പി., ബി.എസ്.പി. പാര്‍ട്ടികളോ ബി.ജെ.പിയോ ആയിരുന്നു. ഓരോ തവണ ബി.ജെ.പി. ജയിച്ചപ്പേഴും ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ എസ്.പി., ബി.എസ്.പി. പാര്‍ട്ടികള്‍ തിരിച്ചെത്തുമായിരുന്നു. എന്നാല്‍ ഇത്തവണ ജാട്ടുപാര്‍ട്ടിയായ ആര്‍.എല്‍.ഡിയെക്കൂടി കൂടെ കൂട്ടി ഒരു മഹാമുന്നണിയായി നിന്നിട്ടും തിരിച്ചുവരാന്‍ അവര്‍ക്കതിനു കഴിഞ്ഞില്ല.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഇതിനു മുമ്പും പ്രധാനമന്ത്രിമാര്‍ തുടര്‍ച്ചയായി രണ്ടു തവണ അധികാരം
നേടിയിട്ടുണ്ട്. 2004-ലും 2009-ലും കോണ്‍ഗ്രസ്സിന്റെ അപ്രതീക്ഷിത തിരിച്ചുവരവിലൂടെ മന്‍മോഹന്‍ സിംഗും 1971-ല്‍ ഇന്ദിര ഗാന്ധിയും അതിനുമുമ്പ് ജവഹര്‍ലാല്‍ നെഹറു മൂന്നു തവണ തുടര്‍ച്ചയായും അധികാരം നേടിയിട്ടുണ്ട്.
ജാതിക്കെതിരെ ബദല്‍ രാഷ്ട്രീയം
പ്രദേശിക പാര്‍ട്ടികള്‍ക്കും ജാതിരാഷ്ട്രീയത്തിന്നും എതിരെ ഒര ബദല്‍
രാഷ്ട്രീയം 2019 തിരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോദിയും ബി.ജെ.പിയും ഉറപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ദേശീയ രാഷ്ട്രീയത്തെ ശക്തമായി പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ജാതി മത സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാനാകാതെ ഉഴലുന്ന കോണ്‍ഗ്രസ് ഇന്നും ദേശീയ രാഷ്ടീയതന്ത്രത്തിലേക്കു ഇതൊരു പാഠമാണ്. യുക്തമായ തന്ത്രമുണ്ടെങ്കില്‍ ദേശീയ രാഷ്ട്രീയശക്തിയെ തിരിച്ചു കൊണ്ടുവരാം.
2014-ല്‍ തന്നെ ബി.ജെ.പി. ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് ഫലം വരുന്നതുവരെ അധികമാരും കരുതിയതല്ല. മോദിയുടെ 13 വര്‍ഷം തുടര്‍ച്ചയായുള്ള ഗുജറാത്ത് ഭരണത്തിന്റെ നേട്ടങ്ങളുടെ ബലത്തിലാണ് അന്ന് ബി.ജെ.പി. 30 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പാര്‍ലിമെന്റിൽ ഒറ്റക്കു ഭൂരിപക്ഷം നേടിയ പാര്‍ട്ടിയായത്. എന്നാല്‍ അഞ്ചു വര്‍ഷം ഭരിച്ചശേഷം കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരിക എന്നത് ചെറിയ കാര്യമല്ല. അതും 2014-ല്‍ ബി.ജെ.പി. തൂത്തുവാരിയ യു.പി., ബീഹാര്‍ സംസ്ഥാനങ്ങളില്‍ അവരെ നേരിടാന്‍ അവിടങ്ങളിലെ പ്രധാന പാര്‍ട്ടികള്‍ ഒന്നിച്ച മഹാമുന്നണിയെ പരാജയപ്പെടുത്തിക്കൊണ്ട്.
ബീഹാറില്‍ ജെ.ഡിയുവും രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും ബി.ജെ.പി ക്കൊപ്പമുണ്ടായിരുന്നെങ്കിലും യു.പിയില്‍ അവര്‍ ഒറ്റക്കാണ് മഹാമുന്നണിയെ നേരിട്ടത്.
2014-ല്‍ തങ്ങള്‍ക്കു 93 സീറ്റുകള്‍ ലഭിച്ച യു.പി,(71) ബീഹാര്‍(22) സംസ്ഥാനങളില്‍ മഹാമുന്നണികളൂടെ വെല്ലുവിളിയുള്ളതിനാല്‍ സീറ്റുകുറയുമെന്ന് ബി.ജെ.പി. കരുതിയിരുന്നതാണ്. അവിടങ്ങളില്‍ കുറഞ്ഞേക്കാവുന്ന
സീറ്റുകള്‍ ബംഗാള്‍, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു നികത്താമെന്നായിരുന്നുഅവരുടെ പദ്ധതി. ആ പദ്ധതി വിജയിക്കുകയും യുപിയിലും ബീഹാറിലും മഹാമുന്നണികളെ വിജയകരമായി നേരിടാന്‍ കഴിയുകയും ചെയ്തതോടെയാണ് 2014-നേക്കാള്‍ സീറ്റുകള്‍ അവര്‍ക്കു കൂടിയത്.
ഇന്ത്യയില്‍ ജാതിരാഷ്ട്രീയത്തത്തിന്റെ മറ്റൊരു കൊടുമുടിയാണ് ബീഹാര്‍. പിന്നാക്ക സമുദായങ്ങളുടെയും മുസ്ലീമുകളുടെയും ശക്തമായ പിന്തുണയുള്ള ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡിക്കു ഒരു സീറ്റ് പോലും നല്‍കാതെയാണ് ബി.ജെ.പിയും സഖ്യകക്ഷികളും 2014-നെ അപേക്ഷിച്ചു വന്‍വിജയം നേടിയത്.
ജാതിരാഷ്ട്രീയത്തെ അതിജീവിക്കാന്‍ ജാതി പാര്‍ട്ടികളെ തന്നെയാണ് അവിടെ ബി.ജെ.പി. കൂടെ കൂട്ടിയത്. 2014-ല്‍ എതിരെ മത്സരിച്ച് 22 സീററുകള്‍നേടിയ ബി.ജെ.പി. പിന്നാക്ക കര്‍മി സമുദായത്തിന്റെ പിന്തുണയുള്ള നിതിഷ്‌കുമാറിന്റെ ജെ.ഡിയുവിനെ കൂടെ നിര്‍ത്താന്‍ തങ്ങളുടെ സീറ്റുകള്‍ 17 ആക്കി കുറച്ചു. ജെ.ഡിയുവിന് തങ്ങള്‍ക്കു തുല്യമായി 17 സീറ്റുകളും നല്‍കി. 2014-ല്‍ കൂടെയുണ്ടായിരുന്ന ഹരിജന്‍ നേതാവ് രാം വിലാസ് പാസ്വാന് ആറ് സീറ്റുകളും നല്‍കിയാണ് ബീഹാറില്‍ എന്‍.ഡി.എ. ഇറങ്ങിയത്. ഒരേയൊരു സീറ്റേ അവര്‍ക്കവിടെ നഷ്ടപ്പെട്ടുള്ളൂ.
കുടുംബാധിപത്യത്തിന്നും പരിക്ക്
യു.പിയിലും ബീഹാറിലും അലയടിച്ച മോദി തരംഗം ജാതി രാഷ്ട്രീയത്തെ മാത്രമല്ല തകര്‍ത്തത്. രാഷ്ട്രീയത്തിലെ
കുടുംബാധിപത്യത്തിന്നും പരിക്കേല്പിച്ചു. 2014-ല്‍ യു.പിയില്‍ എന്‍.ഡി.എ. 73സീറ്റുകള്‍ വാരിയെടുത്തപ്പോള്‍ ബാക്കിയുള്ള 7 സീറ്റുകള്‍ പങ്കു വെച്ചത് രണ്ടു കുടുംബങ്ങള്‍ ആയിരുന്നു. രണ്ടു സീറ്റുകള്‍ നെഹ്റു കുടുംബവും അഞ്ചു സീറ്റുകള്‍ മുലായം കുടുംബവും. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റതോടെ നെഹ്റു കുടുംബത്തിന്റെ സീറ്റ് ഒന്നായി
കുറഞ്ഞു.
മുലായം കുടുംബത്തില്‍ നിന്ന് രണ്ടു പേരേ ജയിച്ചുള്ളു. പിതാവും പുത്രനും മാത്രം. മുലായം സിംഗ്
യാദവും അഖിലേഷ് യാദവും. മുലായത്തിന്റെ സഹോദരപുത്രന്മാരായ ധര്‍മ്മേന്ദ്ര യാദവും(ബദാവുന്‍ )
അക്ഷയ് യാദവും(ഫിറോസാബാദ് ) അഖിലേഷിന്റെ പത്‌നിയായ ഡിംപിള്‍ യാദവും(കനൌജ്) പരാജയപ്പെട്ടു. ആര്‍.എല്‍.ഡി. നേതാവും മുന്‍പ്രധാനമന്തി ചരണ്‍സിംഗിന്റെ മകനുമായ അജിത് സിംഗും അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരിയും കുടുംബ സിംഹാസനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ്, സഞ്ജയ്‌സിംഗ് എന്നിങ്ങനെ പലര്‍ക്കും യു.പിയില്‍ കുടുംബമണ്ഡലങ്ങളെ തിരിച്ചെടുക്കാനായില്ല.
ബീഹാറില്‍ കുടുംബാധിപത്യത്തിന്റെ കാര്യത്തില്‍ മിശ്രിതഫലമാണ് ഉണ്ടായത്. മോദിവിരുദ്ധ ചേരിയില്‍ കുടുംബങ്ങള്‍ ഒന്നാകെ കടപുഴങ്ങി വീണപ്പോള്‍ മോദി ചേരിയില്‍ പാസ്വാന്‍ കുടുംബം പടര്‍ന്നു പന്തലിച്ചു. അദ്ദേഹത്തിന്റെ ലോക് ജനശക്തിപാര്‍ട്ടി (എല്‍.ജെ.പി.)ക്കു ലഭിച്ച ആറ് സീറ്റുകളില്‍ മൂന്നെണ്ണവും കുടുംബത്തിലേക്കാണെത്തിയത്. മകന്‍ ചിരാഗ് പാസ്വാന്‍, സഹോദരന്മാരായ രാമചന്ദ്ര പാസ്വാന്‍, പശുപതി കുമാര്‍ പറസ് എന്നിവര്‍. മോദി ചേരിയില്‍ കുടുംബവാഴ്ച ഉറച്ചപ്പോള്‍ വിരുദ്ധചേരിയില്‍ അത് തകര്‍ന്നടിയുന്നതാണ് കണ്ടത്.
ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി പാടലീപുത്ര മണ്ഡലത്തില്‍ തോറ്റു. ജഗജീവന്‍ റാമിന്റെ മകള്‍ മീരാകുമാര്‍ കുടുംബ മണ്ഡലമായ സസ്രാമില്‍ തോറ്റു. ബീഹാര്‍ വിധാന്‍ സഭയിലെ പ്രധാന പ്രതിപക്ഷമായ ആര്‍.ജെ.ഡിയെ ഇത്തവണ നയിച്ച തേജസ്വി യാദവിന് പിതാവ് ലാലു പ്രസാദ് യാദവിന്റെ പ്രതാപം തിരിച്ചു കൊണ്ടുവരാനായില്ല. എന്നു മാത്രമല്ല, ഏറ്റവും വലിയ പിന്നാക്ക വിഭാഗമായ യാദവരുടെയും മുസ്ലീംകളുടെയും പിന്തുണയുള്ള ആര്‍.ജെ.ഡിക്കു ഒരു സീറ്റു പോലും കയ്യടക്കാനായില്ല. 2014-ല്‍ ഒറ്റക്ക് മത്സരിച്ച ആര്‍.ജെ.ഡി. അന്നു നാല് സീറ്റുകള്‍ ജയിച്ചിരുന്നതാണ്. അന്നു ഒറ്റക്ക് മത്സരിച്ചിരുന്ന നിതിഷ്‌കുമാറിന്റെ ജെ.ഡി.യുവിന് രണ്ട് സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളു. ബി.ജെ.പിയോടൊപ്പം ചേര്‍ന്നപ്പോള്‍ 16 സീറ്റാണ് അവര്‍ നേടിയത്.
Content Highlights: 2019 Loksabha Elections