തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ച് കൂവി അപമാനിക്കാന്‍ ശ്രമിച്ചവരെ മാസ്സ് ഡയലോഗ് അടിച്ച് വായടപ്പിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. മോഹന്‍കുമാര്‍. കൂവി വരവേല്‍ക്കാന്‍ താന്‍ സാമൂഹ്യവിരുദ്ധനല്ലെന്നും മറിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണെന്നുമാണ് മോഹന്‍കുമാര്‍ പറഞ്ഞത്. ഇതോടെ കൂവല്‍ നിര്‍ത്തി കൈകൊടുത്ത് സ്ഥാനാര്‍ത്ഥി വരവേറ്റു എതിര്‍പാര്‍ട്ടിക്കാര്‍.

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് വിജയം ഉറപ്പിച്ചരുന്നു. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കോട്ടകളായ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണുമ്പോഴും പ്രശാന്തിന്റെ ലീഡ് നില കൂടിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടക്കുന്ന പട്ടം സെന്റ് മേരീസ് സ്‌കൂളിലേക്ക് ഒഴുകിയെത്തിത്തുടങ്ങി.

രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ബി.ജെ.പി. സ്ഥാനാര്‍ത്ഥി എസ്. സുരേഷ് അധികം വൈകാതെ തിരിച്ചു പോയി. പിന്നാലെ എത്തിയ പ്രശാന്തിനെ അണികള്‍ തോളിലെടുത്താണ് സ്‌കൂളിനുള്ളിലേക്ക് ആനയിച്ചത്. ഏകദേശം പത്തരയോടെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയത്.

പരാജയം ഏറെക്കുറെ ഉറപ്പിച്ചു തന്നെയാണ് മോഹന്‍കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയത്. വിജയം ഉറപ്പിച്ചിരുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കൂവി വിളിച്ചും വണ്ടിയില്‍ ഇടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മോഹന്‍കുമാറിന്റെ വണ്ടി സ്‌കൂള്‍ ഗേറ്റിന്റെ ഉള്ളിലേക്ക് കടത്തി വിട്ടത്. വണ്ടി ഗേറ്റിനുള്ളില്‍ എത്തിയ ശേഷമാണ് സിനിമയെ വെല്ലുന്ന മാസ്സ് സീന്‍ നടന്നത്.

വണ്ടിയില്‍ നിന്നിറങ്ങി ഗേറ്റിനടുത്തേക്ക് വന്ന മോഹന്‍കുമാര്‍ അല്‍പം പോലും ദേഷ്യപ്പെതെ, എന്നാല്‍ ഉറച്ച സ്വരത്തില്‍ തന്റെ നേര്‍ക്ക് കൂവുന്നവരെ നോക്കി പറഞ്ഞു - 'നിങ്ങളിങ്ങനെ കൂവി വിളിക്കാന്‍ ഞാന്‍ സാമൂഹ്യവിരുദ്ധനൊന്നുമല്ല, വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയാണ്.' ഇതോടെ ആഹ്ലാദപ്രകടനക്കാരുടെ കൂവല്‍ നിലച്ചു, പലരും കൈയ്യടിച്ചു.

ശേഷം ഗേറ്റിനു പുറത്തിറങ്ങിയ മോഹന്‍കുമാര്‍ അതുവരെ തന്നെ കൂവി വിളിച്ചവരോടായി 'ഞാന്‍ വന്ന വാഹനത്തില്‍ ഇങ്ങനെ അടിക്കേണ്ട ആവശ്യമൊന്നുമില്ല, അതൊക്കെ മോശം പ്രവണതയല്ലേ,' എന്നൊരു  ഡയലോഗും കൂടി പറഞ്ഞ് എല്ലാവരോടും ചിരിച്ച് കൈകൊടുത്ത് തിരിച്ചു നടന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളിലെത്തിയ ശേഷം വി.കെ. പ്രശാന്തിനെ കണ്ട് പ്രശംസിക്കാനും അദ്ദേഹം മറന്നില്ല - 'അര്‍ഹതപ്പെട്ടയാള്‍ക്കു തന്നെയാണ് വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്' എന്ന പറഞ്ഞാണ് മടങ്ങിയത്.

content highlights: Vattiyoorkkavu UDF Candidate Mohan Kumar reaction to mob teasing