ഴിഞ്ഞതവണ ടി എന്‍  സീമയോട് കാണിച്ചതിനേക്കാള്‍ കൊടിയവഞ്ചന കാണിക്കാനാണോ വി കെ പ്രശാന്തിനെ ബി ജെ പി വിജയിക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലത്തില്‍ സി പി എം നിര്‍ത്തിയിരിക്കുന്നത് എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വക്കേറ്റ് എസ്. സുരേഷ്. അല്ലെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെക്കൊണ്ട് ഇപ്പോഴും മേയര്‍ സ്ഥാനം രാജി വെപ്പിക്കുന്നില്ലായെന്നും സുരേഷ് ആരാഞ്ഞു.

അവസരങ്ങള്‍ ലഭിച്ചിട്ടും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പരാജയപ്പെട്ടു പോയ രണ്ടുപേരാണ് തന്റെ എതിരാളികളെന്നും അദ്ദേഹം ആരോപിച്ചു. പണ്ട് വട്ടിയൂര്‍ക്കാവ് കൂടി ഉള്‍പ്പെട്ട തിരുവനന്തപുരം നോര്‍ത്തിലെ എം.എല്‍.എ. ആയിരുന്ന കെ. മോഹന്‍കുമാറും മേയര്‍ വി.കെ. പ്രശാന്തും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടവരാണ് സുരേഷ് കൂട്ടിച്ചേര്‍ത്തു.  എസ്. സുരേഷ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്നും...

എന്റെ മനസിലെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ആയിരുന്നു...

S Suresh
കുമ്മനം രാജശേഖരനൊപ്പം എസ് സുരേഷ്.
ഫോട്ടോ: എസ് ശ്രീകേഷ്

പാര്‍ട്ടി ജില്ലാ കമ്മിറ്റിയും പറഞ്ഞിരുന്നത് അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ വട്ടിയൂര്‍ക്കാവില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഓള്‍ ഇന്ത്യാ കമ്മിറ്റിക്ക് അയച്ച മൂന്നുപേരുടെ ലിസ്റ്റില്‍ നിന്നും നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന 12 അംഗ ടീമാണ് എന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ തിരഞ്ഞെടുപ്പ് എന്നറിയില്ല. ഒരു പക്ഷേ യുവജനങ്ങള്‍ക്ക് അവസരം നല്‍കണം എന്ന പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവാം.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ലഭിച്ച വലിയ ഒരു അംഗീകാരമാണിത്. അഞ്ചുവര്‍ഷം മുമ്പ് ബി ജെ പിക്ക് തിരുവനന്തപുരത്ത് 1,80000 വോട്ട് ഉണ്ടായിരുന്ന സ്ഥിതിയില്‍നിന്ന് ഇപ്പോള്‍ 5,68000 വോട്ടിലേക്ക് ഉയരുന്ന സാഹചര്യത്തിലേക്കുള്ള ശക്തമായ സംഘടനാ പ്രവര്‍ത്തനം ഇവിടെ നടന്നിട്ടുണ്ട്. ജില്ലയിലെ നൂറുകണക്കിനു വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണത്. ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ എന്റെയും കൂടി നേതൃത്തിലാണ് ഈ വളര്‍ച്ചയെന്നത് ഏറെ സന്തോഷകരമാണ്. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനത്തിനു ലഭിച്ച അംഗീകാരമായിട്ടാണ് ഈ സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്.

ജില്ലാ പ്രസിഡന്റായ ശേഷം ഞാന്‍ ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. മത്സരിക്കാന്‍ ലഭിച്ച അവസരങ്ങളും ഒഴിവാക്കിയിട്ടേയുള്ളു. എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ള ചുമതലയാണ് എനിക്ക് ലഭിക്കാറ്. ഇത്തവണ സ്ഥാനാര്‍ഥിയുടെ വേഷത്തിലാണ്. വിജയസാധ്യതയുള്ള ഒരു സീറ്റിലേക്ക് പാര്‍ട്ടി എന്നെ മത്സരിക്കാനായി പരിഗണിച്ചു എന്നതുതന്നെ വലിയ ഒരംഗീകാരമായാണ് വിലയിരുത്തുന്നത്.

അണിയറപ്രവര്‍ത്തകനില്‍ നിന്ന് സ്ഥാനാര്‍ഥിയിലേക്ക് വരുമ്പോള്‍...

വലിയ ഒരു മാറ്റമാണത്. അണിയറയിലായിരിക്കുമ്പോള്‍ സംഘടനാപ്രവര്‍ത്തനം കൃത്യമായി നടക്കുന്നു എന്ന കാര്യം ഉറപ്പുവരുത്തേണ്ട ആളുകൂടിയാണ് ഞാന്‍. പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാനും നിയന്ത്രിക്കാനും കാര്യങ്ങള്‍ കൃത്യമായി നടന്നില്ലെങ്കില്‍ ചോദിക്കാനും ഒക്കെ അധികാരപ്പെട്ട സ്ഥാനമാണത്. സ്ഥാനാര്‍ഥിയായാല്‍ അങ്ങനെയല്ല, സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കാന്‍ ചുമതലയുള്ള വ്യക്തികള്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ അച്ചടക്കത്തോടെ അനുസരിക്കുക എന്നതാണ് ഇപ്പോള്‍ എന്റെ ഉത്തരവാദിത്തം.

കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍, എം.ടി. രമേശിനാണ് സംഘടനാചുമതല, പാര്‍ട്ടിയുടെ സംസ്ഥാനതലത്തിലുള്ള നേതാക്കന്മാര്‍ മറ്റുള്ള ചുമതലകളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെയൊക്കെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടക്കമുള്ള സ്ഥാനാര്‍ഥിയായി പ്രവര്‍ത്തിക്കുക എന്നതാണ് ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇപ്പോള്‍ എന്റെ കര്‍ത്തവ്യം.

അല്‍പം വൈകിയാണ് തുടങ്ങിയതെങ്കിലും പ്രചാരണത്തില്‍ ഞങ്ങള്‍ പുറകിലല്ല...

കുറച്ച് വൈകിയാണ് ഞങ്ങള്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മറ്റ് രണ്ടു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടാണ് ബി ജെ പിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ കുമ്മനത്തെ മാറ്റി ഞാന്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം നേടിയെടുത്തു എന്ന തരത്തില്‍ എല്ലാവരും അതിനെ വിവാദമാക്കാനും ശ്രമിച്ചു. പക്ഷേ കുമ്മനത്തിനെ പോലെ ഒരു വലിയ മനുഷ്യനായതുകൊണ്ടുതന്നെ അദ്ദേഹത്തിന് ശരിയായ രീതിയില്‍ ആ വിഷയം കൈകാര്യം ചെയ്യാനായി. അദ്ദേഹം വാശിയോടെ മുന്നോട്ട് വരികയും പ്രചാരണത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തതോടെ വിവാദങ്ങള്‍ സോപ്പുകുമിളകള്‍ പോലെ പൊട്ടിപ്പോയി.

സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തതു കാരണം പോസ്റ്ററടിക്കാനും ചുമരെഴുതാനുമെല്ലാം ഞങ്ങള്‍ കുറച്ച് പിന്നിലായിപ്പോയിരുന്നു. എതിര്‍ പാര്‍ട്ടിക്കാര്‍ ഇതിനെ മുതലെടുക്കാനും ശ്രമിച്ചിരുന്നു. വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ ബി ജെ പി മൂന്നാംസ്ഥാനത്തേക്ക് പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണം പോലുമുണ്ടായി. അവിടെനിന്നും ബി ജെ പി മറ്റു പാര്‍ട്ടികള്‍ക്കും ഒപ്പത്തിനൊപ്പമോ അതിനേക്കാള്‍ മുകളിലോ ആണെന്നും വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണമത്സരം നടക്കും എന്ന നിലയിലേക്കോ മാറ്റി പറയിക്കാന്‍ തക്കവണ്ണം മികച്ച പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ അവിടെ നടത്തുന്നത്. 

താഴേത്തട്ടിലുള്ള വര്‍ക്കിന്റെ കാര്യത്തില്‍ ഇപ്പോഴും ബി ജെ പി മുന്നില്‍ തന്നെയാണ്. അതേസമയം മൊത്തത്തിലുള്ള പ്രചാരണ പരിപാടികളില്‍ ഇടതുപക്ഷം തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. നഗരസഭയിലെ കോണ്‍ട്രാക്ടര്‍മാര്‍ക്കെല്ലാം ഓരോ ബൂത്തുകള്‍ നല്‍കിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. പ്രചാരണ പരിപാടികള്‍ക്കായി പുറത്തുനിന്നു വന്നിട്ടുള്ള സഖാക്കള്‍ക്ക് ഓഫീസ് കെട്ടിക്കൊടുക്കുകയും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിക്കൊടുക്കുകയും എല്ലാം ചെയ്യുന്നത് ഈ കോണ്‍ട്രാക്ടര്‍മാരാണ്. അതിനോടൊന്നും മത്സരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതു മാത്രമല്ല, അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം ആ മണ്ഡലത്തില്‍ ആവശ്യവുമില്ല. അത്തരത്തിലുള്ള ഒരു മണ്ഡലമല്ല അത്. മറ്റൊരു നിലവാരത്തിലുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എ ബി വി പി, ബി എം എസ്, ആര്‍ എസ് എസ് തുടങ്ങി ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും സജീവമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. ഇതോടെ പ്രചാരണം ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 

സ്ഥാനാര്‍ഥിയായ സമയത്ത് കുമ്മനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍...

എന്നെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയായി മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത് തന്നെ കുമ്മനം രാജശേഖരനാണ്. എന്നെ വിളിച്ച മാധ്യമപ്രവര്‍ത്തകരോടും ഞാന്‍ പറഞ്ഞത് അദ്ദേഹത്തോട് സംസാരിച്ച ശേഷം മാത്രമേ എനിക്ക് എല്ലാവരോടും സംസാരിക്കാന്‍ താല്‍പര്യമുള്ളു എന്നാണ്. അങ്ങനെയായിട്ടു കൂടി വിവാദങ്ങള്‍ കത്തിപ്പടര്‍ന്നു. പക്ഷേ പ്രചാരണപരിപാടികളുടെ നേതൃത്വം സ്വയം ഏറ്റെടുത്തുകൊണ്ട് എന്നോടൊപ്പം നിന്നാണ് അദ്ദേഹം വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ഒരു സ്ഥാനാര്‍ഥിയുടെ സ്ഥാനത്തുനിന്നു ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട പ്രവര്‍ത്തനങ്ങളും അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നുണ്ട്. കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്നതും അദ്ദേഹം ചെയര്‍മാനുമായുള്ള ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കുക എന്ന ഭാഗ്യമാണ് ശരിക്കും പറഞ്ഞാല്‍ അത്തരം വിവാദങ്ങള്‍ കാരണം എനിക്കുണ്ടായ ഭാഗ്യം.

ജനങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട രണ്ട് വ്യക്തികളാണ് വട്ടിയൂര്‍ക്കാവിലെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍...

വട്ടിയൂര്‍ക്കാവ് മണ്ഡലം ഉണ്ടാവുന്നതിന് മുമ്പ് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന സമയത്ത് 2001 മുതല്‍ 2006 വരെ അവിടെ എം.എല്‍.എ. ആയിരുന്ന വ്യക്തിയാണ് മോഹന്‍കുമാര്‍. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയമായിരുന്നിട്ട് കൂടി എടുത്തുപറയത്തക്ക വികസന പ്രവര്‍ത്തനങ്ങളോ പദ്ധതികളോ ഒന്നും അവിടെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസില്ല. അദ്ദേഹവും പൊതുജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഈ അവസരത്തില്‍ മോഹന്‍കുമാറിനെ തിരഞ്ഞെടുത്തിട്ട് വലിയ കാര്യമില്ലെന്ന് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ക്ക് തന്നെ അറിയാം.

സി. ദിവാകരനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നിര്‍ത്തിയതുപോലെ തന്നെയാണ് ഇത്തവണ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ നിര്‍ത്തിയിരിക്കുന്നത്. ഉറപ്പുള്ള സീറ്റായിരുന്നെങ്കില്‍ എന്തുകൊണ്ട് മേയര്‍ സ്ഥാനം രാജിവെപ്പിച്ച ശേഷം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയില്ല. സി പി എമ്മിന്റെ വോട്ട് കിട്ടിയാലും കിട്ടിയില്ലെങ്കിലും വി കെ പ്രശാന്ത് മൂന്നാം സ്ഥാനത്താണ്. അപ്പോള്‍ ഒരു സുരക്ഷിത സ്ഥാനം എന്നോണമാണ് മേയര്‍ സ്ഥാനം രാജി വെപ്പിക്കാത്തത്.  

കഴിഞ്ഞ തവണ ടി എന്‍ സീമയോട് കാണിച്ചതിനേക്കാള്‍ കൊടിയവഞ്ചന കാണിക്കാനാണോ പ്രശാന്തിനെ ബി.ജെ.പി. വിജയിക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലത്തില്‍ നിര്‍ത്തിയിരിക്കുന്നത് എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

കുമ്മനം രാജശേഖരനെ തോല്‍പിക്കാന്‍ സി പി എമ്മുകാര്‍ വോട്ട് മറിച്ച് തന്നതിന്റെ ഫലമായാണ് താന്‍ വിജയിച്ചതെന്നും അതിന്റെ നന്ദി തനിക്കുണ്ടെന്നും കെ മുരളീധരന്‍ തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമസഭയില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അതാണ് വട്ടിയൂര്‍ക്കാവിലെ സി പി എമ്മിന്റെ ചരിത്രം. സി പി എം ഇരുപതിനായിരത്തോളം വോട്ടിന് പിന്നില്‍ നില്‍ക്കുന്ന ഒരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പണമിറക്കിയുള്ള പ്രചരണമാണ് പ്രശാന്തിനു വേണ്ടി പ്രധാനമായും അവിടെ നടക്കുന്നത്.

22 യു ഡി എഫ് കൗണ്‍സിലര്‍മാരുടെ പിന്തുണ കൊണ്ടാണ് പ്രശാന്ത് കഴിഞ്ഞ നാല് കൊല്ലമായി മേയര്‍ സ്ഥാനത്തിരിക്കുന്നത്. യു ഡി എഫ് - എല്‍ ഡി എഫ്. ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വി കെ പ്രശാന്തിന്റെ മേയര്‍ സ്ഥാനം. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രാലയമല്ല സംസ്ഥാന പൊല്യൂഷന്‍ ബോര്‍ഡാണ് കൃത്യമായി മാലിന്യ നിര്‍മാര്‍ജനം നടത്താത്തതിന് തിരുവനന്തപുരം നഗരസഭയ്ക്ക് പതിനാലരക്കോടി പിഴ ചുമത്തിയത്. മേയറിന്റെ കഴിവില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അത്. സ്മാര്‍ട്ട് സിറ്റിയും അമൃത് പദ്ധതിയും അലങ്കോലമായതും നമ്മള്‍ കണ്ടതല്ലേ.  

ഒന്നര വര്‍ഷത്തേക്ക് എന്നെയും ഒന്നു പരീക്ഷിച്ചു നോക്കൂ...

എന്നെ ആരും അധികാരസ്ഥാനങ്ങളില്‍ വച്ച് പരീക്ഷിച്ചിട്ടില്ല. പഴയ തിരുവനന്തപുരം നോര്‍ത്തും ഇന്നത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലവും ചേര്‍ത്ത് 42 വര്‍ഷത്തെ ചരിത്രത്തില്‍ എല്‍ ഡി എഫ്- യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് പരീക്ഷിച്ചിട്ടുണ്ട് അവിടുത്തെ വോട്ടര്‍മാര്‍. ഒരു തവണത്തേക്കെങ്കിലും എന്നെയും വിജയിപ്പിച്ച് ഒരു പരീക്ഷണത്തിന് തയ്യാറാവൂ എന്നാണ് എനിക്ക് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരോട് പറയാനുള്ളത്. ഇനി ഒന്നരക്കൊല്ലം മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് ഒരവസരം തന്നാല്‍ ഇടത് - വലത് എം.എല്‍.എമാര്‍ക്ക് ഇതുവരെയും കഴിയാതിരുന്ന വികസനം വട്ടിയൂര്‍ക്കാവില്‍ ഞാന്‍ വരുത്തിക്കാണിച്ചു തരാം.

content highlights: vattiyoorkavu byelection nda candidate s suresh interview