തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കീറാമുട്ടിയായ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒടുവില്‍ പരിഹാരമായെന്ന് സൂചന. മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ ഡി.സി.സി. പ്രസിഡന്റുമായ കെ.മോഹന്‍കുമാര്‍ വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും. 

വട്ടിയൂര്‍ക്കാവില്‍ ആര് സ്ഥാനാര്‍ഥിയായാലും വിജയിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു. കെ.മുരളീധരന്‍ നിര്‍ദേശിച്ച എന്‍.പീതാംബരക്കുറുപ്പിനെയാണ് നേരത്തെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ത്തതോടെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം വൈകിപ്പിച്ചു. 

കഴിഞ്ഞദിവസം കെ.പി.സി.സി. തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വട്ടിയൂര്‍ക്കാവില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ കെ.മോഹന്‍കുമാറിന്റെ പേര് ഉയര്‍ന്നുവന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കുന്നതോടെ കെ.മോഹന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥാനം രാജിവെയ്ക്കും. 

Content Highlights: vattiyoorkavu byelection; human rights commission member k mohankumar may be contest for udf