തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഒരുകാരണവശാലും പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയത്. ഇവര്‍ തിരുവനന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭാവന് മുന്നില്‍ പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചു. 

പീതാംബരക്കുറുപ്പിന് പകരം മണ്ഡലത്തിനകത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് ഇവര്‍ നേതാക്കള്‍ക്ക് കത്ത് നല്‍കുകയും നേരില്‍ക്കണ്ട് പരാതി അറിയിക്കുകയും ചെയ്തു. വി.കെ. പ്രശാന്ത്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് അല്പംപോലും സാധ്യതയില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം. 

കഴിഞ്ഞദിവസം മുതലാണ് മുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പിന്റെ പേര് വട്ടിയൂര്‍ക്കാവിലേക്ക് ഉയര്‍ന്നുവന്നത്. കെ.മുരളീധരന്റെ താത്പര്യവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. എന്നാല്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. ഇതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 

Content Highlights: vattiyoorkavu byelection; congress workers protest against n peethambarakurup