ട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് മൂന്നുമുന്നണിക്കും അഭിമാനപ്രശ്‌നമാണ്. മുമ്പുനടന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്നാലെ രണ്ടാമതെത്താന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. മൂന്നാംസ്ഥാനത്തായിപ്പോയ എല്‍.ഡി.എഫ്. വോട്ടുനിലയില്‍ മറ്റ് രണ്ടുസ്ഥാനാര്‍ഥികളെക്കാളും പിന്നിലായി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ 85-ല്‍ യു.ഡി.എഫും 79 ഇടത്ത് ബി.ജെ.പി.യും മുന്നിലെത്തിയപ്പോള്‍ നാലിടത്തുമാത്രമാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. നിയമസഭാതിരഞ്ഞെടുപ്പില്‍ 7622 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചതെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് 2836 ആക്കി കുറയ്ക്കാനായത് ബി.ജെ.പി.നേട്ടമായി കരുതുന്നു.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഇപ്രാവശ്യം ശക്തമായി തിരിച്ചുവരാനാകുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷസമുദായങ്ങള്‍ക്കൊപ്പംതന്നെ ന്യൂനപക്ഷവിഭാഗത്തിനും വ്യക്തമായ വോട്ടുവിഹിതം മണ്ഡലത്തിലുണ്ട്. രാഷ്ട്രീയസാഹചര്യങ്ങള്‍ക്കുപുറമേ സാമുദായിക സമവാക്യങ്ങളും ഇവിടെ വിജയത്തില്‍ നിര്‍ണായകപങ്കുവഹിക്കും.

അഭിമാനപ്പോരാട്ടം

കേരള രാഷ്ട്രീയചരിത്രത്തിലെത്തന്നെ വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും തിരഞ്ഞെടുപ്പുപോരാട്ടങ്ങളുടെ ആവേശം എക്കാലവും കാത്തുസൂക്ഷിച്ചിട്ടുള്ള പഴയ തിരുവനന്തപുരം നോര്‍ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ്. കെ. അനിരുദ്ധന്‍, ജി. കാര്‍ത്തികേയന്‍, എം. വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ തിരുവനന്തപുരം നോര്‍ത്തില്‍ വിജയവും പരാജയവും അഭിമുഖീകരിച്ചവരാണ്.

കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പഴയ വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് 2011-ല്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം രൂപവത്കരിച്ചത്. നോര്‍ത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ ഒഴിവാക്കി കഴക്കൂട്ടം മണ്ഡലത്തിനോട് ചേര്‍ത്തു. വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്ന 2011-ലെ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരനും ചെറിയാന്‍ ഫിലിപ്പും വി.വി. രാജേഷുമായിരുന്നു മുന്നണി സ്ഥാനാര്‍ഥികള്‍. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെ ആദ്യ എം.എല്‍.എ.യായി.

ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മുന്‍ എം.എല്‍.എ.യും മനുഷ്യാവകാശ കമ്മിഷനംഗവുമായിരുന്ന കെ. മോഹന്‍കുമാറിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ കൃത്യമായ സംഘടനാസംവിധാനം യു.ഡി.എഫിന് ഗുണംചെയ്യും. ഗ്രൂപ്പുകള്‍ക്കതീതനായ സ്ഥാനാര്‍ഥിയെന്നതും സാമുദായിക സമവാക്യങ്ങളും മോഹന്‍കുമാറിന് അനുകൂലഘടകമാവുമെന്നാണ് വിലയിരുത്തല്‍.

മുതിര്‍ന്ന നേതാക്കളെയൊക്കെ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിഗണിച്ച് തലസ്ഥാനനഗരത്തിന്റെ മേയര്‍ വി.കെ. പ്രശാന്തിനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് സി.പി.എം. ഇവിടെ പോരാട്ടത്തിനിറങ്ങുന്നത്. പ്രളയകാലത്തെ ഇടപെടലിലൂടെ സാമൂഹികമാധ്യമങ്ങളിലൂടെ കിട്ടിയ പ്രശംസയും യുവത്വവും സംഘടനാസംവിധാനവും സി.പി.എമ്മിന് വിജയസാധ്യതയുറപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നഗരസഭാവാര്‍ഡുകള്‍മാത്രം ഉള്‍ക്കൊള്ളുന്ന മണ്ഡലമായതിനാല്‍ മേയര്‍ക്ക് ഇവിടെയുള്ള ജനപ്രീതി വോട്ടാക്കിമാറ്റാമെന്നും കരുതുന്നു.

തിരുവനന്തപുരത്ത് ബി.ജെ.പി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ രണ്ടാമതെത്തുന്ന മണ്ഡലമെന്ന പ്രത്യേകതയുള്ളതിനാല്‍ വിജയിക്കാമെന്ന ആത്മവിശ്വാസമാണ് അവര്‍ക്കുള്ളത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണ് ഇവിടെ മത്സരിക്കുന്നത്. മികച്ച സംഘാടകനും പ്രാസംഗികനുമായ സുരേഷ്, പാര്‍ട്ടി ജില്ലാപ്രസിഡന്റെന്ന നിലയിലും മണ്ഡലത്തില്‍ സുപരിചിതനാണ്.

ശബരിമലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് എടുത്തതെന്നാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നത്. വികസനത്തെക്കുറിച്ച് പറഞ്ഞാണ് എല്‍.ഡി.എഫ്. പ്രചാരണം. ശബരിമലയില്‍ തങ്ങളുടെ നിലപാട് കൃത്യമായി ജനങ്ങള്‍ക്കറിയാമെന്നും ആരാണ് ഇക്കാര്യത്തില്‍ സമരരംഗത്തിറങ്ങിയതെന്നും ബി.ജെ.പി. പ്രചാരണവേദികളില്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ നിലപാടുകള്‍ക്കെതിരേ കഴിഞ്ഞദിവസം എന്‍.എസ്.എസ്.നേതൃത്വം രംഗത്തുവന്നതും വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് കാരണമാകും. രാഷ്ട്രീയസാഹചര്യം എന്തുതന്നെയായാലും അടിസ്ഥാനപരമായി വികസനത്തിനാണ് വട്ടിയൂര്‍ക്കാവില്‍ എല്ലാ സ്ഥാനാര്‍ഥികളും വോട്ടുചോദിക്കുന്നത്.

മണ്ഡലവിശേഷം

ഒരുവശത്ത് ദേശീയപാതയും ആധുനിക മാളുകളും ലൈഫ് സ്‌റ്റൈല്‍ സ്റ്റോറുകളുമൊക്കെയായി മെട്രോ നഗരത്തിന്റെ പ്രതിഫലനവും മറുവശത്ത് കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരങ്ങള്‍ അതിരിടുന്ന ഗ്രാമീണമേഖലകളും ഉള്‍പ്പെടുന്നതാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം.

നഗരവും ഗ്രാമവും ഒത്തുചേരുന്ന മണ്ഡലം. തലസ്ഥാനത്തിന്റെ എല്ലാ ആധുനികതയും പേറുന്ന പട്ടം, കേശവദാസപുരം, കവടിയാര്‍, ശാസ്തമംഗലം, കുറവന്‍കോണം, നാലാഞ്ചിറ തുടങ്ങിയ പ്രദേശങ്ങളും കുലശേഖരം, വലിയവിള, കാച്ചാണി തുടങ്ങിയ ഗ്രാമീണമേഖലകളും മണ്ഡലത്തിന്റെ ഭാഗമാണ്. ഇത്തരം വ്യത്യസ്ത ഭൂവിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന സാമൂഹികപശ്ചാത്തലമുള്ള വോട്ടര്‍മാരുടെ പ്രതികരണത്തിന് കാതോര്‍ക്കുകയാണ് മുന്നണികള്‍.

വട്ടിയൂര്‍ക്കാവില്‍ എല്ലാ മുന്നണിയും സാമുദായികഘടകങ്ങള്‍കൂടി കണക്കുകൂട്ടിയാണ് പ്രചാരണങ്ങള്‍ നടത്തുന്നതും. സാമുദായികമായി നായര്‍ വോട്ടര്‍മാരാണ് വട്ടിയൂര്‍ക്കാവില്‍ ഭൂരിപക്ഷം. തൊട്ടുപിറകില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍. ഈഴവവിഭാഗത്തിന് മണ്ഡലത്തില്‍ മൂന്നാം സ്ഥാനമാണുള്ളത്. വളരെക്കുറച്ച് വോട്ടുമാത്രമാണ് മറ്റുവിഭാഗങ്ങള്‍ക്ക് മണ്ഡലത്തിലുള്ളത്. കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ചും മധ്യകേരളത്തില്‍നിന്ന് ഇവിടെയെത്തി സ്ഥിരതാമസമാക്കിയവരുണ്ട്.

ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവും ഇടത്, വലത് മുന്നണികള്‍ കണക്കുകൂട്ടുന്നു. കൂടുതലുള്ള ഹിന്ദുവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി.യുടെ പ്രചാരണം.

എല്‍.ഡി.എഫ്. വാര്‍ഡുകള്‍

1. വാഴോട്ടുകോണം, 2. പേരൂര്‍ക്കട, 3. നന്തന്‍കോട്, 4. ശാസ്തമംഗലം, 5. കുന്നുകുഴി, 6. കണ്ണമ്മൂല, 7. മുട്ടട, 8. നെട്ടയം, 9. കാച്ചാണി, 10. കാഞ്ഞിരംപാറ.

ബി.ജെ.പി.വാര്‍ഡുകള്‍

11. കൊടുങ്ങാനൂര്‍, 12. പി.ടി.പി., 13. പാങ്ങോട്, 14. വട്ടിയൂര്‍ക്കാവ് , 15. വലിയവിള, 16. തുരുത്തുംമൂല, 17. ചെട്ടിവിളാകം, 28. പട്ടം, 19. പാതിരപ്പള്ളി.

യു.ഡി.എഫ്. വാര്‍ഡുകള്‍

20. കവടിയാര്‍, 21. കുറവന്‍കോണം, 22. കുടപ്പനക്കുന്ന്, 23. കേശവദാസപുരം, 24. കിണവൂര്‍.

ശക്തി

-യു.ഡി.എഫ്

കെ. മോഹന്‍കുമാറിന് മണ്ഡലത്തിലുള്ള വ്യക്തിസ്വാധീനവും അടുപ്പവും. മണ്ഡലത്തിലെ എം.എല്‍.എ. ആയിരുന്ന കെ. മുരളീധരന്റെ ജനപ്രിയത. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും വിജയിക്കാനായതിന്റെ ആത്മവിശ്വാസം. അടിസ്ഥാനതലത്തില്‍ത്തന്നെ യു.ഡി.എഫ്. സംഘടനാപ്രവര്‍ത്തനം മണ്ഡലത്തില്‍ ശക്തമാണ്.

-എല്‍.ഡി.എഫ്.

തലസ്ഥാനനഗരത്തിലെ മേയറും ജനപ്രിയനും യുവാവുമായ സ്ഥാനാര്‍ഥി. പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.നേടിയ വിജയം. മികച്ച സംഘടനാ അടിത്തറ. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍. രാഷ്ട്രീയവോട്ടുകള്‍ക്കുപുറമേ നിഷ്പക്ഷ വോട്ടുകളും ഉറപ്പിക്കാനാകുമെന്ന ആത്മവിശ്വാസം. അഴിമതിക്കെതിരേയുള്ള പ്രചാരണം.

-എന്‍.ഡി.എ.

മികച്ച സംഘാടകനും പ്രാസംഗികനും യുവാവുമായ ജില്ലാപ്രസിഡന്റ് എസ്. സുരേഷിന്റെ സ്ഥാനാര്‍ഥിത്വം. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും രണ്ടാമതെത്താനായതിന്റെയും വോട്ടുവിഹിതം വര്‍ധിപ്പിക്കാനായതിന്റെയും ആത്മവിശ്വാസം. മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ ഒമ്പത് കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനവും സാന്നിധ്യവും. ഹിന്ദുഭൂരിപക്ഷ വോട്ടര്‍മാരുള്ള മണ്ഡലമെന്നതും അനുകൂലഘടകം.

ദൗര്‍ബല്യം

-യു.ഡി.എഫ്.

ശശി തരൂര്‍ എം.പി.യും കെ.മുരളീധരന്‍ എം.പി.യും ആദ്യഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങാത്തതിന്റെ വിവാദങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ വികസനപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനായില്ല എന്ന ആരോപണം.

-എല്‍.ഡി.എഫ്.

കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്ത് മാത്രമാണ് എത്താനായത്. ശബരിമല വിഷയത്തിലുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ്.

-എന്‍.ഡി.എ.

സ്ഥാനാര്‍ഥിനിര്‍ണയം വൈകിയതും ഇതേത്തുടര്‍ന്നുണ്ടായ വിവാദവും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ആര്‍.എസ്.എസ്. വിട്ടുനിന്നുവെന്നുള്ള പ്രചാരണം.

content highlights: Vattiyoorkavu byelection 2019