തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന നേതാവ് എന്‍.പീതാംബര കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ് അടിയറ വെച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാര്‍ട്ടിയില്‍ പലരും തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആദ്യം ഉയര്‍ന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്. പിന്നീട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു. 

നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍ കോണ്‍ഗ്രസിന് വന്നിരിക്കുന്നത്. താന്‍ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസ്സിലാക്കണം. 

സ്ഥാനാര്‍ഥിയായി തന്റെ പേര് ആദ്യം പറഞ്ഞതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നടക്കം പല നേതാക്കളും അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഇത് കോണ്‍ഗ്രസാണെന്നും എവിടെ കൊണ്ടുപോയി ഒതുക്കുമെന്നുമുള്ള കാര്യം. എനിക്ക് മുമ്പേ പോയവരേയും പിറകേ വന്നവരേയും ഒതുക്കുന്നത് കണ്ടിട്ടുള്ളയാളാണ് താനെന്നും പീതാംബര കുറുപ്പ് പ്രതികരിച്ചു. 

തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ല. അതാണ് സത്യത്തിലുണ്ടായത്. അല്ലാതെ സുകുമാരന്‍ നായരുടേയും മറ്റുള്ളവരുടേയും പ്രസ്താവനയില്‍ പഴിചാരി രക്ഷപ്പെടാന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Vattiyoorkavu byeleciton losses-N. Peethambara Kurup against congress