തിരുവനന്തപുരം:  ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചെന്നുള്ള മേയറും വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ വി കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ പരിഹാസവുമായി അരുവിക്കര എം എല്‍ എ കെ എസ് ശബരീനാഥന്‍.

ലഭിച്ചത് പ്രാഞ്ചിയേട്ടന്‍ അവാര്‍ഡാണെന്ന് ശബരീനാഥന്‍ പരിഹസിച്ചു. തിരുവനന്തപുരത്തിന് അംഗീകാരം ലഭിച്ച കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്ത് പങ്കുവെച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ശബരീനാഥന്റെയും പ്രതികരണം. 

മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫെറന്‍സില്‍ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിളപ്പില്‍ശാല അടച്ചുപൂട്ടിയ ശേഷം തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ടു നിരന്തര പരിശ്രമത്തിലൂടെ വിജയിച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കുള്ള ആഗോള അംഗീകാരമാണിത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്- വി കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. 

എന്നാല്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യ നിര്‍മ്മാജ്ജന അവാര്‍ഡ് കൊടുത്ത ജി എ ഐ എ സമ്മേളനത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ നഗരസഭയ്ക്ക് വേണ്ടി പ്രോജക്ട് തയ്യാറാക്കിയ 'തണല്‍' എന്ന സംഘടനയാണെന്ന് ശബരീനാഥന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

അന്താരാഷ്ട്ര അവാര്‍ഡ് കൊടുത്ത തണലിന്റെ തലവനായ ജി എ ഐ എ കോഓര്‍ഡിനേറ്ററുടെ ഫേസ്ബുക് പേജില്‍ എല്‍ ഡി എഫ്  സ്ഥാനാര്‍ഥിയ്ക്ക് സ്തുതിയെന്നും എങ്ങനെയുണ്ട് എല്‍ ഡി എഫിന്റെ പ്രാഞ്ചി അവാര്‍ഡെന്നും ശബരീനാഥന്‍ ആരായുന്നു. തണല്‍ കോ ഓര്‍ഡിനേറ്റര്‍ ഷിബു കെ എന്നിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. 

തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ച കാര്യം പങ്കുവെച്ചുള്ള വി കെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

#സന്തോഷവാര്‍ത്ത....
മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫെറെന്‍സില്‍ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിളപ്പില്‍ശാല അടച്ചുപൂട്ടിയ ശേഷം തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ടു നിരന്തര പരിശ്രമത്തിലൂടെ വിജയിച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കുള്ള ആഗോള അംഗീകാരമാണിത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്.

ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു നഗരങ്ങളിലൊന്നായാണ് കോണ്‍ഫറന്‍സില്‍ തിരുവനന്തപുരവും സ്ഥാനം പിടിച്ചിരിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലുള്ള വിവിധ രാജ്യങ്ങളില്‍ സീറോ വേസ്റ്റ് ആശയങ്ങളിലൂന്നി നഗരമാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളുടെ കൂട്ടായ്മയാണ് ഇന്റര്‍ നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതു കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ഉറവിടത്തില്‍ത്തന്നെ നഗര മാലിന്യങ്ങളുടെ തരംതിരിക്കലും ശേഖരണവും, ഉറവിട മാലിന്യ- വികേന്ദ്രീകൃത സംസ്‌കരണത്തിനുള്ള പ്രോത്സാഹനം, റീസൈക്ലിംഗ് തുടങ്ങിയവ നടപ്പാക്കുന്ന നഗരങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണിത്.

ഇന്ത്യയില്‍ നിന്ന് ചെന്നൈ നഗരമാണ് തിരുവനന്തപുരത്തേക്കൂടാതെ സീറോവേസ്റ്റ് സിറ്റി എന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. 2015ല്‍ ആലപ്പുഴ നഗരസഭയ്ക്കും ഈ അംഗീകാരം ലഭിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാന്‍ഡ് ഓഡിറ്റിംഗ്, സ്‌കൂളുകളിലെ സീറോ വേസ്റ്റ് പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഉറവിട - വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നീ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ഈ കൂട്ടായ്മയിലേക്ക് ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ശ്രീകുമാറാണ് തിരുവനന്തപുരം നഗരസഭയ്ക്കു വേണ്ടി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഇന്ന് ആദരവ് സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം സാധ്യമാകൂ. അതു നേടാന്‍ തിരുവനന്തപുരത്തിന് സാധിക്കുന്നത് ചെറിയ കാര്യമല്ല. തിരുവനന്തപുരത്തെ ഇത്രയും വലിയൊരു അംഗീകാരം നേടാന്‍ സഹായിച്ച ഓരോരുത്തര്‍ത്തും നന്ദി....

ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം നഗരസഭയും മാലിന്യവും പിന്നെ ഒരു മലേഷ്യന്‍ അവാര്‍ഡും.
--------------
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ് നഗരത്തിലെ മാലിന്യം. നഗരത്തില്‍ പ്രതിദിനം ഉല്‍പാദിക്കുന്ന മാലിന്യത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ന് സംസ്‌കരണം നടക്കുന്നത്, ഈ മാലിന്യമാണ് നഗരത്തിലെ എല്ലാ കോണുകളിലുമായി കുമിഞ്ഞു കൂടുന്നത്. മാലിന്യ സംസ്‌കരണത്തില്‍ നഗരസഭ പരാജയപ്പെട്ടതുകൊണ്ടാണല്ലോ സര്‍ക്കാരിന്റെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തന്നെ 14.59 കോടി രൂപ ഫൈന്‍ ഈടാക്കുന്നത്.

ഈ വിഷയങ്ങള്‍ വോട്ടര്‍മാര്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മാലിന്യ നിര്‍മാര്‍ജനത്തിന് മലേഷ്യയിലെ പെനാങില്‍ നടന്ന 'International Zero Waste Conference' അവാര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയുന്നത്.

ഇനി ഇതിന്റെ വസ്തുതകളിലേക്ക് കടക്കാം:

1) പ്രസ്തുത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് GAIA (Global Alliance for Incinerator Alternatives) എന്ന സംഘടനയാണ്.കഴിഞ്ഞ കാലങ്ങളിലും ഇവര്‍ സമാനമായ സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്.

2) GAIA യുടെ ഇന്ത്യയിലെ പ്രധാന പ്രതിനിധി ഒരു ഷിബു നായരാണ്. ഇതിനോടൊപ്പം ഷിബു നായര്‍ തണല്‍ എന്ന തിരുവനന്തപുരത്തുള്ള സംഘടനയുടെ ഡയറക്ടറുമാണ്.

3) തിരുവനന്തപുരം നഗരസഭയുടെ ഹരിതസേന പദ്ധതിയും മാലിന്യ സംസ്‌കരണ പദ്ധതികളും കഴിഞ്ഞ കാലങ്ങളായി നടത്തുന്നതും ഈ തണല്‍ തന്നെയാണ്.

4) ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം നഗരസഭയ്ക്ക് വേണ്ടി പ്രസ്തുത അവാര്‍ഡിനുള്ള രേഖകള്‍ സമര്‍പ്പിച്ചതും തണല്‍ തന്നെ. വെബ്‌സൈറ്റിലെ നഗരസഭയെ ക്കുറിച്ചുള്ള രേഖകളില്‍ തണല്‍ എന്ന സംഘടനയോട് കടപ്പാടുണ്ട് എന്ന് പറയുന്നു.

ചുരുക്കം പറഞ്ഞാല്‍, നഗരസഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ഷിബു നായര്‍ തന്നെയാണ് അവാര്‍ഡ് കൊടുത്ത് സംഘടനയുടെ ദേശ തലവന്‍. ഒരു കൈയ്യില്‍ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം.

അതോടൊപ്പം അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ 19000 കിച്ചന്‍ ബിന്നുകള്‍ നമ്മുടെ നഗരത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശരിക്കുമുള്ള കണക്ക് ഇതിലും വളരെ താഴെയാണ്.പരാജയമെന്ന് കോര്‍പ്പറേഷന്‍ തന്നെ സമ്മതിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി 50% ഫലപ്രദമാണെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ കളവ് പറയുന്നത്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, ഇലക്ഷന്‍ സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു.അവാര്‍ഡ് ഉള്ളതാണോ അതോ നിര്‍മ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചാല്‍ കൊള്ളാം. ശരി തെറ്റുകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം,നമ്മള്‍ തയ്യാര്‍.

വിഷയവുമായി ബന്ധപ്പെട്ട് കെ എസ് ശബരീനാഥന്റെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ്

1. തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യ നിര്‍മ്മാജ്ജന അവാര്‍ഡ് കൊടുത്ത ജി എ ഐ എ സമ്മേളനത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ നഗരസഭയ്ക്ക് വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കിയ തണല്‍ എന്ന സംഘടന.
2. അന്താരാഷ്ട്ര അവാര്‍ഡ് കൊടുത്ത തണലിന്റെ തലവനായ ജി ഐ എ ഐ  കോഓര്‍ഡിനേറ്ററുടെ ഫേസ്ബുക് പേജില്‍ എല്‍ ഡി എഫ്  സ്ഥാനാര്‍ഥിയ്ക്ക് സ്തുതി.

എങ്ങനെയുണ്ട് എല്‍ ഡി എഫിന്റെ പ്രാഞ്ചി അവാര്‍ഡ്?

content highlightsthiruvananthapuram corporation gets award sabarinadhan mla criticises vk prasanth