സ്വതന്ത്രചിന്താഗതിയും ഒരു പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും നേതാക്കന്മാര്‍ വന്ന് അവരുടെ താല്‍പര്യത്തിന് വേണ്ടി മറ്റൊരു പാര്‍ട്ടിയില്‍പ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ്. വട്ടിയൂര്‍ക്കാവിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഒന്നിരുത്തി ചിന്തിച്ചാല്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ മോഹന്‍കുമാറിനെ തന്നെ വിജയിപ്പിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ എം പി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍നിന്ന്...

ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ് മോഹന്‍കുമാര്‍...

ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല സ്ഥാനാര്‍ഥിയെയാണ് യു ഡി എഫ് വട്ടിയൂര്‍ക്കാവിലേക്ക് നിയോഗിച്ചിരിക്കുന്നത്. കഴിവും അറിവും അനുഭവവും ഒത്തിണങ്ങിയ സ്ഥാനാര്‍ഥിയാണ് കെ. മോഹന്‍കുമാര്‍. 1995-ല്‍ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്നു വരെ പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട് അദ്ദേഹം. ഇതുവരെയും അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും അഴിമതിയോ ആരും അദ്ദേഹത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

തന്റെ പൊതുപ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമേ മോഹന്‍കുമാര്‍ ചെയ്തിട്ടുള്ളൂ. പാലിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുകയും, തന്റെ ഉത്തരവാദിത്തങ്ങള്‍ മാന്യതയോടെയും കൃത്യതയോടെയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. 

നിയമസഭയില്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുനുമൊക്കെ അനുഭവസമ്പത്തും ഉത്തരവാദിത്തവുമുള്ള ഒരു എം.എല്‍.എയെ തന്നെയാണ് ആവശ്യം. ഭരണം കഴിയാന്‍ ഇനി ഒന്നര വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. താരതമ്യേന പുതുമുഖങ്ങളായ മറ്റ് രണ്ട് സ്ഥാനാര്‍ഥികളും എം എല്‍ എ ആയി കാര്യങ്ങള്‍ പഠിച്ചു വരുമ്പോഴേക്കും ഭരണം അവസാനിക്കും. അതിലും നല്ലത് അനുഭവസമ്പത്തുള്ള ഒരാള്‍ ആ സ്ഥാനത്തെത്തി ബാക്കിയുള്ള സമയം പ്രയോജനപ്രദമായി വിനിയോഗിക്കുന്നതല്ലേ.

സി പി എം- ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് എന്ത് നേട്ടങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്...

യുവനേതാവ് എന്ന നിലയിലാണ് സി പി എം  സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പക്ഷേ സ്ഥാനാര്‍ഥി യുവാവ് മാത്രം ആയാല്‍ മതിയോ? കഴിവും വേണ്ടേ. കഴിഞ്ഞ നാലുകൊല്ലമായി മേയര്‍ സ്ഥാനത്തിരുന്നിട്ടും അദ്ദേഹത്തിന് തലസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി ഒന്നു ചെയ്യാന്‍ സാധിച്ചിട്ടുമില്ല, അതിനുള്ള അവസരമോ സാവകാശമോ അദ്ദേഹത്തിന്റെ പാര്‍ട്ടി നല്‍കിയിട്ടുമില്ല.

സമ്മതിദായകരോട് ചൂണ്ടിക്കാണിക്കാനായി എന്ത് നേട്ടമാണ് പ്രശാന്തിനുള്ളത്. കൃത്യമായി മാലിന്യനിര്‍മാര്‍ജനം നടത്താത്തതിന്റെ പേരില്‍ പതിനാലരക്കോടി രൂപയാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പിഴ അടയ്ക്കേണ്ടി വന്നത്. കഴിഞ്ഞവര്‍ഷത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല മേയര്‍ക്ക്. നേമത്തൊക്കെ ഇപ്പോഴും ജനങ്ങള്‍ ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെയാണ് താമസിക്കുന്നത്. ഇതിനൊക്കെ എന്ത് പരിഹാരമാണ് മേയര്‍ക്ക് കാണാനായത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം എന്ത് പ്രയോജനമാണ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവിതസാഹചര്യത്തില്‍ എന്ത് മാറ്റം വരുത്താനായി. അങ്ങനെ നോക്കുമ്പോള്‍ വീണ്ടും എന്തിനാണ് അവര്‍ക്കു വേണ്ടി ഒരു എം.എല്‍.എയെക്കൂടി നല്‍കുന്നത് എന്നതാണ് ചോദ്യം. ഈ ചോദ്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്ക് മറിപടിയില്ല. ഇനി ബി ജെ പി സ്ഥാനാര്‍ഥിയെ നോക്കുകയാണെങ്കില്‍ എസ് സുരേഷിനെക്കുറിച്ച് പറയാനും കൂടി ഒന്നുമില്ല. ഇതൊക്കെ കണക്കിലെടുത്ത് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ ഒരഞ്ചു നിമിഷം ഇരുത്തി ചിന്തിച്ചാല്‍ കെ. മോഹന്‍കുമാറിന് തന്നെ അവര്‍ വോട്ട് ചെയ്യും.

വോട്ട് മറിക്കാനുള്ള സാധ്യതയൊക്കെ ശുദ്ധമണ്ടത്തരമാണ്...

സ്വതന്ത്രമായ ചിന്താഗതിയും ഏതെങ്കിലും പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും നേതാക്കന്മാര്‍ വന്ന് അവരുടെ താല്‍പര്യത്തിന് വേണ്ടി മറ്റൊരു പാര്‍ട്ടിയില്‍പെട്ട സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് ശുദ്ധമണ്ടത്തരമാണ്. വ്യക്തിയുടെ അവകാശമാണ് അവരുടെ വോട്ടവകാശം. അതു മറ്റൊരാളുടെ വാക്കു കേട്ടു മാറ്റി ചെയ്യുന്നത് തെറ്റായ കാര്യമാണ്.

എം പി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ എനിക്ക് മറ്റ് പാര്‍ട്ടി അനുഭാവികളുടെ വോട്ട് ലഭിച്ചിരുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്തത് ഏതെങ്കിലും നേതാവ് പറഞ്ഞിട്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വോട്ടര്‍മാര്‍ക്ക് ഞാന്‍ ആ സ്ഥാനത്തേക്ക് വരണം എന്ന ആഗ്രഹം കൊണ്ടാണ് അവര്‍ വോട്ട് മാറ്റി കുത്തിയത്. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ എല്ലാവരോടും വോട്ട് ചോദിക്കണം. കമ്യൂണിസ്റ്റ് കുടുംബമെന്നോ കോണ്‍ഗ്രസ് കുടുംബമെന്നോ വേര്‍തിരിവ് കാണിക്കരുത്. വ്യക്തിപരമായ നിങ്ങളുടെ കഴിവ് കണ്ട് അവര്‍ക്ക് നിങ്ങള്‍ക്ക് വോട്ട് തരാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് വെക്കേണ്ടതില്ലല്ലോ.

അതുമല്ല, വിജയിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ എല്ലാവരുടേയും എം എല്‍ എ ആണല്ലോ. വോട്ടിങ് ബൂത്തിലെത്തി ഇ വി എമ്മില്‍ കുത്തുന്നതു വരെ വോട്ടറെ സ്വാധീനിക്കാം എന്നതിലുപരി അവിടെ കയറി വോട്ട് ചെയ്യാന്‍ നേതാക്കന്മാര്‍ക്കാവില്ലല്ലോ. അതുകൊണ്ടുതന്നെ എല്ലാവരോടും വോട്ട് ചോദിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആര് വിജയിച്ചാലാണോ നാടിന് ഗുണമുണ്ടാവുന്നത് അതിന്റെ അടിസ്ഥാനത്തില്‍ വേണം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സമ്മതിദായകര്‍ തീരുമാനിക്കാന്‍. അങ്ങനെ നോക്കുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിക്കാന്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറാണ്.

ശബരിമല വിഷയം പറഞ്ഞ് വോട്ട് പിടിക്കാന്‍ സി പി എമ്മിനും ബി ജെ പിക്കും അവകാശമില്ല...

ശബരിമല വിഷയം പ്രധാന പ്രചാരണവിഷയമാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. വിശ്വാസികളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അവകാശം സംരക്ഷിക്കാനും വേണ്ടി ബി ജെ പി എന്തു ചെയ്തു എന്നാണ് അവകാശപ്പെടുന്നത്? കേന്ദ്രത്തില്‍ ബി ജെ പി ഭരണമല്ലേ ഉള്ളത്. സുപ്രീം കോടതി വിധി വന്നപ്പോള്‍ വിശ്വാസികള്‍ക്കനുകൂലമായി അവര്‍ എന്ത് നടപടിയാണ് എടുത്തത്. പവിത്രമായ ഒരു സ്ഥലത്തെ ഒരു രാഷ്ട്രീയ നാടകവേദിയാക്കി എന്നതിലുപരിയായി കേരളത്തിലെ ബി ജെ പി വിശ്വാസികളുടെ സംരക്ഷണത്തിനായി വേറെ എന്താണ് ചെയ്തത്.

ഡിസംബറിലും ജനുവരിയിലും ഇതുമായി ബന്ധപ്പെട്ട് ഞാന്‍ പാര്‍ലമെന്റില്‍ സംസാരിച്ചപ്പോഴോ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോഴോ ഒരു ബി ജെ പി നേതാവിന്റെയും പിന്തുണ ഉണ്ടായില്ല. കൊല്ലത്ത് നിന്നുള്ള യു ഡി എഫ്  എം പി  എന്‍ കെ പ്രേമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൈവറ്റ് മെമ്പേഴ്സ് ബില്‍ അവതരിപ്പിച്ചപ്പോഴും ബി.ജെ.പി.യുടെ പിന്തുണ ഉണ്ടായില്ല. അയോധ്യാവിഷയം പോലെ ശബരിമലവിഷയവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കത്തിച്ചു നിര്‍ത്തണം എന്നതിലുപരി ബി ജെ പിക്ക് വിശ്വാസികളുടെ അവകാശം സംരക്ഷിക്കണം എന്ന വിചാരമില്ല. ശബരിമല വിഷയം പറഞ്ഞ് വോട്ട് ചോദിക്കാന്‍ ബി ജെ പി സത്യത്തില്‍ ലജ്ജിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷം എസ്.സി.എസ്.ടി. അട്രോസിറ്റി ആക്ട് വന്നപ്പോള്‍ നിരവധിപേര്‍ അതിനെതിരായി മുന്നിട്ടുവരികയും ശബരിമലയ്ക്ക് സമാനമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ബി.ജെ.പി. എത്രയും വേഗം ഭരണഘടനാ ഭേദഗതി വരുത്തി ആ പ്രശ്നം പരിഹരിച്ചു. വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ വേണ്ടിയുള്ള വെപ്രാളമായിരുന്നു ബി.ജെ.പി. അവിടെ കാണിച്ചത്. കേരളത്തില്‍ അവര്‍ക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ ശബരിമല വിഷയം കത്തിച്ചു നിര്‍ത്തുന്നതാണ് അവര്‍ക്ക് വോട്ടര്‍മാരെ കൂട്ടാനുള്ള പ്രധാന മാര്‍ഗം.

കേന്ദ്രത്തില്‍ ഭരണം ഉണ്ടായിട്ട് കൂടി വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ബി ജെ പി വട്ടിയൂര്‍ക്കാവില്‍ ഒരു എം എല്‍ എയെ തിരഞ്ഞെടുത്താണോ വിശ്വാസികളെ സംരക്ഷിക്കാന്‍ പോകുന്നത്. വിശ്വാസികളെ സംരക്ഷിക്കാനായി ബി.ജെ.പി. ഒന്നും ചെയ്തിട്ടില്ലെന്ന് എന്‍.എസ്.എസും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടല്ലോ.

ഇനി, ഇടതുപക്ഷം ഈ വിഷയത്തില്‍ എന്താണ് ചെയ്തത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് അവര്‍ ചെയ്തത് എന്നാണ് പറയപ്പെടുന്നത്, പക്ഷേ അതില്‍ എത്രത്തോളം സത്യമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പിറവത്ത് നടന്ന ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്കം തന്നെയെടുക്കാം. അവിടെയും സുപ്രീം കോടതി വിധി ഉണ്ടായിരുന്നു. എന്നിട്ടും എത്ര സാവധാനത്തിലാണ് സര്‍ക്കാര്‍ വിധി നടപ്പിലാക്കാനുള്ള നടപടികള്‍ ചെയ്തത്.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് തന്നെ ഇരുസഭകളിലുംപെട്ട പ്രധാന നേതാക്കളോടെല്ലാം ചര്‍ച്ച നടത്തുകയും വിശ്വാസികളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് നടപടികള്‍ തുടങ്ങിയത് തന്നെ. എന്നിട്ടും വിധി പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. പിന്നെ എന്തിനായിരുന്നു ശബരിമല വിഷയത്തില്‍ മാത്രം വിധി നടപ്പാക്കാന്‍ ഈ മാരത്തണ്‍ ഓട്ടം. സ്ത്രീകളെ ഹെല്‍മറ്റും ജാക്കറ്റുമിട്ടാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വിശ്വാസത്തിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഈ ഇരട്ടത്താപ്പ് എന്ന് സി.പി.എമ്മുകാരോടും ചോദിക്കാവുന്നതാണ്.

ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ശബരിമല വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല എന്നു തന്നെ പറയാം. ശബരിമല വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ഒരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്.

content highlights: shashi tharoor mp on byelection and possibility of cross voting