തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യ പ്രചാരണവുമായി എന്‍.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രചാരണത്തിനിറങ്ങിയത്.

പൊതുയോഗം വിളിക്കാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. യുഡിഎഫിന് വോട്ട് ചെയ്യാന്‍ സമുദായ അംഗങ്ങളോട് ആഹ്വനം ചെയ്യുന്നതിനാണ് പൊതുയോഗം വിളിക്കുന്നത്.

ഈ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ശരിദൂരത്തിലേക്ക് കടന്നരിക്കുകയാണ്. അതിന്റെ സന്ദേശം സമുദായ അംഗങ്ങളിലേക്ക് എത്തിക്കുന്നത് തങ്ങളുടെ ദൗത്യമാണെന്നും സംഗീത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

എന്‍.എസ്.എസ്. വളരെ ആലോചിച്ചേ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളൂ. അത് കൊണ്ട് തന്നെ സമുദായ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ല.

നായര്‍ സമുദായത്തിന് ഈശ്വര വിശ്വാസം വൈകാരികമായ വിഷയമാണ്. നിലവില്‍ താലൂക്ക് യൂണിയനിലെ 38 കരയോഗങ്ങളും വനിതാ സമാജങ്ങളുമാണ് യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുക.

ആവശ്യം വന്നാല്‍ മറ്റ് യൂണിയനുകളില്‍ നിന്ന് ആളുകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: NSS campaign for UDF in Vattiyoorkavu