തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ വമ്പന്‍ റോഡ് ഷോ നടത്തിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന ദിവസംതന്നെ വി.കെ.പ്രശാന്ത് പ്രചാരണത്തിന് തുടക്കംകുറിച്ചത്. 

ആദ്യദിവസം തന്നെ ജനങ്ങളുടെ ഭാഗത്തുനിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് വി.കെ.പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വട്ടിയൂര്‍ക്കാവ് എല്‍.ഡി.എഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണെന്ന് പറയാനാവില്ല. എന്നാല്‍പോലും ഇവിടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്‍.ഡി.എഫിന്റെ അണികള്‍ വലിയ ആവേശത്തിലാണ്. 

എല്ലാ സമുദായത്തില്‍പ്പെട്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥാനാര്‍ഥി വിജയിക്കുമെന്നതില്‍ തര്‍ക്കമില്ല. ആര് ജനങ്ങളോടൊപ്പം നില്‍ക്കുമെന്നതാണ് പ്രധാനം. യുവാക്കളാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. അവര്‍ തീര്‍ച്ചയായും ഈ പ്രചാരണം ഏറ്റെടുക്കും. വട്ടിയൂര്‍ക്കാവിലെ യുവാക്കളും യുവതികളും പ്രചാരണം ഏറ്റെടുത്തത് എല്‍.ഡി.എഫിനെ വിജയിപ്പിക്കും. അവര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. രാഷ്ട്രീയം നോക്കിയല്ല അവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ആ യുവാക്കളെല്ലാം രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. 

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ഐക്യകണ്‌ഠേനയാണെന്നും വട്ടിയൂര്‍ക്കാവിന്റെ വികസനപ്രശ്‌നങ്ങളാണ് എല്‍.ഡി.എഫ് മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: ldf candidate vk prasanth starts his election campaign with road show