തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനുള്ള ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യത്തെ ആർ.എസ്.എസ്. അനുകൂലിച്ചിട്ടും കുമ്മനം രാജശേഖരൻ പുറത്ത്. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനത്തെ ഒഴിവാക്കിയതിനു പിന്നിൽ ഒരു ദേശീയ നേതാവിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം. സംസ്ഥാനഘടകം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് ഒന്നാംപേരുകാരിൽ കുമ്മനത്തെ മാത്രമാണു തള്ളിയത്.

വട്ടിയൂർക്കാവിലേക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികൾ മൂന്നുപേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നാംപേരുകാരനായി കുമ്മനം രാജശേഖരനുപുറമേ ഇപ്പോൾ സ്ഥാനാർഥിയായ എസ്. സുരേഷും സംസ്ഥാനകമ്മിറ്റിയംഗം വി.വി. രാജേഷും. അനിശ്ചിതത്വത്തിനൊടുവിൽ കുമ്മനത്തെ ഒഴിവാക്കി. പിന്നെയാരു വേണമെന്നതിൽ ആർ.എസ്.എസ്. ഇടപെട്ടില്ല. ബി.ജെ.പി. ജില്ലാ പ്രസിഡന്റുകൂടിയായ സുരേഷ് സംഘാടകനെന്ന നിലയിൽ പാർട്ടിക്ക് അഭിമതനാണ്. അതാണ് അദ്ദേഹത്തിനു ഗുണകരമായതും.

വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കാൻ തുടക്കംതൊട്ടേ കുമ്മനത്തെയാണ് പാർട്ടി കണ്ടുവെച്ചത്. ലോക്‌സഭയിലേക്കു മത്സരിച്ചുതോറ്റ മുതിർന്നനേതാവു കൂടിയായ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണോ എന്നതിൽ ആർ.എസ്.എസ്. ഹിതപരിശോധന നടത്തി. അതിനുശേഷമാണ് അനുവാദം നൽകിയതും കുമ്മനം തയ്യാറായതും.

ഇതോടെ കുമ്മനത്തെ ഒന്നാമനാക്കി സംസ്ഥാനനേതൃത്വം പട്ടിക കേന്ദ്രത്തിനയച്ചു. പക്ഷേ, നറുക്കുവീണത് സുരേഷിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ തോൽവിയും മറ്റു രണ്ടു മുന്നണികളെപ്പോലെ ബി.ജെ.പി.ക്കും പുതുമുഖം വേണമെന്നതും അദ്ദേഹത്തെ ഒഴിവാക്കുന്നതിനു നിരത്താൻ കാരണങ്ങളാക്കി.

ശനിയാഴ്ചയോടെ കുമ്മനത്തിന്റെ സ്ഥാനാർതിത്വത്തിൽ അനിശ്ചിതത്വം തുടങ്ങിയിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു ഗുജറാത്തിൽനിന്നു മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷമുള്ള പ്രതികരണത്തിൽ തന്നെ ഒഴിവാക്കിയിതിലുള്ള അസ്വസ്ഥത അദ്ദേഹം പരോക്ഷമായി പ്രകടിപ്പിക്കുകയുംചെയ്തു. ഒഴിവാക്കലിൽ ആർ.എസ്.എസിനും അമർഷമുണ്ട്. ദേശീയതലത്തിൽ ഏതെങ്കിലും സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നു പറയുന്നു.

പുതിയ തലമുറയെ കൊണ്ടുവരുകയെന്നത് ഒരു മാനദണ്ഡമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രതികരിച്ചു. സ്ഥാനാർഥിപ്രഖ്യാപനം അറിഞ്ഞശേഷം സംസ്ഥാന കമ്മിറ്റി ഓഫീസിൽ സുരേഷിനെ കാവിഷാൾ അണിയിച്ച് കുമ്മനം സ്വീകരിച്ചു. കുമ്മനത്തിന്റെ കാലിൽ നമസ്കരിച്ച് അനുഗ്രഹം വാങ്ങിയശേഷമാണു സുരേഷ് പ്രചാരണത്തിനിറങ്ങിയത്.

ഊഹാപോഹങ്ങൾക്ക് അവസാനം

അഞ്ചുമണ്ഡലങ്ങളിലേക്കും ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എൻ.ഡി.എ.യും തിരഞ്ഞെടുപ്പ് കളത്തിൽ സജ്ജമായി. കഴിഞ്ഞ ലോക്‌സഭയിലേക്കു മത്സരിച്ച മൂന്നുപേർ സ്ഥാനാർഥികളാണ്.

പത്തനംതിട്ടയിൽ മത്സരിച്ച കെ. സുരേന്ദ്രൻ കോന്നിയിലും കാസർകോട്ട് സ്ഥാനാർഥിയായിരുന്ന രവീശതന്ത്രി കുണ്ടാർ മഞ്ചേശ്വരത്തും കോഴിക്കോട്ട് മത്സരിച്ച കെ. പ്രകാശ് ബാബു അരൂരിലുമാണ് ജനവിധി തേടുന്നത്. എറണാകുളത്ത് ആദ്യമേ പറഞ്ഞുകേട്ട സി.ജി. രാജഗോപാൽ തന്നെ സ്ഥാനാർഥിയായി.

ബി.ഡി.ജെ.എസ്. ഇല്ല

എൻ.ഡി.എ. മുന്നണിയിൽ വിള്ളലുണ്ടാക്കി അരൂരിൽനിന്നു പിൻവാങ്ങിയ ബി.ഡി.ജെ.എസിനു പകരം ബി.ജെ.പി. രംഗത്തിറക്കുന്നത് യുവമോർച്ച നേതാവ് കെ. പ്രകാശ് ബാബുവിനെ. ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തി ബി.ജെ.പി. നേതാക്കളെ കണ്ടെങ്കിലും മത്സരിക്കാതെ മാറിനിന്നതിൽ മുന്നണിയിൽ വലിയ അമർഷമുണ്ട്.

content highlights: kummanm rajasekharan will not contest in vattiyoorkavu byelection