തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതിന്റെ കാരണം എന്താണെന്നറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാണെന്നും ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയാണ് എസ്.സുരേഷ് എന്നും കുമ്മനം പ്രതികരിച്ചു. 

മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തന്റെ പേര് അയച്ചിരുന്നതാണ്. പക്ഷേ ഒരാളെ അല്ലേ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആളുകള്‍ കടന്നുവരണം. സക്രിയമായി എല്ലാകാര്യത്തിലും ഇടപെടുന്ന ആള്‍ എന്നനിലയില്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം യുക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വിജയിക്കുമെന്നാണ് ഉറച്ചവിശ്വാസമെന്നും കുമ്മനം പറഞ്ഞു. 

വട്ടിയൂര്‍ക്കാവിലേക്ക് നേരത്തെ കുമ്മനത്തിന്റെ പേരാണ് ഉയര്‍ന്നുകേട്ടതെങ്കിലും അവസാനനിമിഷം മാറ്റംവരുകയായിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റായ എസ്.സുരേഷിനെയാണ് ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കോന്നിയില്‍ കെ.സുരേന്ദ്രനും അരൂരില്‍ കെ.പി.പ്രകാശ്ബാബുവും എറണാകുളത്ത് സി.ജി.രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറുമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍. 

Content Highlights: kummanam rajasekharan response about bjp candidate list