Vattiyoorkavu Raviപൊതുപ്രവർത്തനരംഗത്ത് ഇപ്പോഴും സജീവമാണ് വട്ടിയൂർക്കാവ് രവി എന്ന മുൻ എം.എൽ.എ. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.) എന്ന പാർട്ടിയിലൂടെ 1977-ൽ തിരുവനന്തപുരം നോർത്തിലെ ആദ്യ ജനപ്രതിനിധിയായത് രവിയായിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് ഓർമകൾ ഇന്നലെ കഴിഞ്ഞപോലെ അദ്ദേഹം ഓർത്തെടുക്കുന്നു. നിലവിൽ കെ.പി.സി.സി. അംഗമാണ് വട്ടിയൂർക്കാവ് രവി.

ജയിച്ചപ്പോൾ പേരും മാറി

സീറ്റിന്റെ കാര്യത്തിൽ ആദ്യം അനിശ്ചിതത്വമുണ്ടായിരുന്നു. ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞപ്പോൾ ബി.മാധവൻനായരെ സ്ഥാനാർഥിയാക്കുമെന്ന് പ്രചാരണം ഉണ്ടായി. ഇത് തുടക്കത്തിൽ വലിയ ആശങ്കയുണ്ടാക്കി. പ്രവർത്തകർക്കിടയിൽനിന്നു പ്രതിഷേധവുമുണ്ടായി. തിരുവനന്തപുരത്തെ എൻ.ഡി.പി. ഭാരവാഹികൾ തനിക്കായി ശക്തമായി വാദിച്ചു.

സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള യോഗം ചേർന്ന സ്ഥലത്ത് കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു. പത്രസമ്മേളനം നടത്തിയാണ് അന്ന് തിരുവനന്തപുരം നോർത്തിലെ സ്ഥാനാർഥി ആരാണെന്ന കാര്യം അറിയിച്ചത്.

സീറ്റുറപ്പിച്ച് മത്സരിക്കാൻ ആരംഭിച്ചപ്പോൾ അതാ അടുത്ത തലവേദന. യഥാർഥ പേര് കെ.രവീന്ദ്രൻ നായർ എന്നായിരുന്നു. ഈ പേരിൽ ചുവരെഴുതിത്തുടങ്ങിയപ്പോൾ കുറേപ്പേർ എതിർസ്ഥാനാർഥി സി.പി.എമ്മിലെ എസ്.ധർമരാജനായി പ്രചാരണം നടത്താൻപോയി. വട്ടിയൂർക്കാവ് രവിയെന്ന പേരിനോടായിരുന്നു അവർക്കു താത്‌പര്യം. പ്രവർത്തകർ മാറിയത് കടുത്ത പ്രതിസന്ധിയായി. ഒടുവിൽ ആറ്റിങ്ങലിലും കഴക്കൂട്ടത്തും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെ.പി.സി.സി.യെ ബോധ്യപ്പെടുത്തി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ചുവരെഴുത്തിൽ കെ.രവീന്ദ്രൻ നായർ(വട്ടിയൂർക്കാവ് രവി) എന്നും എഴുതി. ജയിച്ചശേഷം ആദ്യം ചെയ്തതും ഗസറ്റിൽ വിജ്ഞാപനം ചെയ്ത് പേര് വട്ടിയൂർക്കാവ് രവി എന്നാക്കി മാറ്റുകയായിരുന്നു.

പ്രചാരണം വെറും 12 ദിവസം

സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം നിലനിന്നതിനാൽ പ്രചാരണം ആരംഭിക്കാൻ വൈകി. 12 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. അന്നൊരു നേതാവിനെ സമീപിച്ചപ്പോൾ നിന്റെ കൈയിൽ കാശുണ്ടോ, എങ്കിൽ അത് പോസ്റ്റ് ഓഫീസിൽ ഇട്ട് കാണിക്കൂവെന്നായിരുന്നു സ്ഥാനാർഥിത്വം നൽകാൻ ആവശ്യപ്പെട്ട നിബന്ധനകളിൽ ഒന്ന്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യത്തിനുള്ള പണം ഉണ്ട്. പക്ഷേ, അതിവിടത്തെ സാധാരണ ജനങ്ങളുടെ കൈവശമാണ്. ആവശ്യപ്പെടുന്ന പണം അവർ എത്തിച്ചുതരുമെന്നായിരുന്നു മറുപടി. എന്നാൽ, നാമനിർദേശപ്പത്രിക സമർപ്പിക്കുമ്പോൾ കൈവശം 700 രൂപ മാത്രമാണുണ്ടായിരുന്നത്. ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. വീടുകൾതോറും വോട്ട് ചോദിക്കാൻ പോകുമ്പോൾപോലും അൻപതിലധികംപേർ കൂടെയുണ്ടാകും. എല്ലാവർക്കും ചായ വാങ്ങി കൊടുക്കാൻപോലും പണമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ വീടുകളിൽനിന്ന് 25 മുതൽ 10 വരെ സംഭാവന നൽകും. ഇതൊക്കെ ബൂത്തുതല പ്രവർത്തനത്തിനായി നൽകും. എൻ.ഡി.പി. അനുഭാവി പട്ടം കൃഷ്ണപിള്ളയായിരുന്നു അന്ന് ബൂത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്.

ഗൺമാനെ തിരികെ വിളിക്കൂ...

1977-ൽ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പ്രചാരണത്തിനായെത്തിയിരുന്നു. സ്റ്റേജിൽ നിർത്തി എല്ലാ സ്ഥാനാർഥികളെയും ഇന്ദിര ജനങ്ങൾക്കു പരിചയപ്പെടുത്തിയത് മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു. അന്ന് പോളിങ് ബൂത്തിൽ വോട്ടർമാരെ എത്തിക്കുന്നതിനായി കാർ വേണം. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽനിന്നു മത്സരിച്ച എം.എൻ.ഗോവിന്ദൻനായർ 50 കാറുകൾ അയച്ചു. 113 ബൂത്തുകളിലേക്കായാണ് ഈ കാറുകൾ. തമിഴ്‌നാട്ടിൽനിന്ന് അയച്ച കാറുകൾ പലതും പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയതും മറ്റൊരോർമ. കൂടാതെ ജയിച്ചുകഴിഞ്ഞാൽ അലവൻസിൽനിന്ന്‌ 50 രൂപ നൽകണമെന്ന കൗൺസിലർ ചെല്ലപ്പൻ കോൺട്രാക്ട(പേരൂർക്കട ചെല്ലപ്പൻ)റുടെ അഭ്യർഥന പാലിച്ചതും രവി ഓർത്തെടുക്കുന്നു. രണ്ടരവർഷം മാത്രമേ ആ നിയമസഭ നീണ്ടുനിന്നുള്ളൂ. അതിനുള്ളിൽ മുഖ്യമന്ത്രിമാർ മാറിമാറി വന്നു. ഇതിനിടെ തന്നെ മന്ത്രിയായി നിയമിച്ചെന്നും തന്റെ ഗൺമാൻ ആണെന്നും പറഞ്ഞ് ഒരു പോലീസുകാരനും വീട്ടിൽ വന്നു. മന്ത്രിയാകാൻ താത്‌പര്യമില്ലെന്നും അതിനാൽ ഗൺമാനെ തിരിച്ചുവിളിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണറോടു വിളിച്ചുപറഞ്ഞതും പട്ടം പാലസിലെ ‘അശ്വതി’ വീട്ടിലിരുന്ന് അദ്ദേഹം ഓർത്തെടുത്തു.

രാഷ്ട്രീയത്തിനതീതമായി വോട്ട് നേടണം

വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിജയിക്കണമെങ്കിൽ രാഷ്ട്രീയത്തിനതീതമായി വോട്ടുകൾ നേടണം. വ്യക്തിപ്രഭാവവും പ്രധാനമാണ്. നിയോജകമണ്ഡലത്തിനകത്ത് നിന്നുള്ളവർക്കായിരിക്കും വിജയസാധ്യത കൂടുതൽ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫിനു മികച്ച ഭൂരിപക്ഷം നേടാൻ കഴിഞ്ഞപ്പോഴെല്ലാം സ്ഥാനാർഥികളുടെ വ്യക്തിപരമായ പങ്ക് വലുതായിരുന്നു. ജാതിസമവാക്യങ്ങളും ഇവിടെ പ്രാധാന്യമേറിയ വിഷയംതന്നെ.

 

Content Highlights: Kerala Byelection Vattiyoorkavu Ravi shares experiences