തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ് മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന് വന്‍ വിജയം. യുഡിഎഫ് കോട്ടകളെ അമ്പരിപ്പിച്ചുകൊണ്ട്  14465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ പ്രശാന്ത് വിജയിച്ചത്. 7000 മുതല്‍ 10000 ലീഡ്  നേടും എന്ന എല്‍ഡിഎഫ് പ്രതീക്ഷകളേയും മറികടന്നാണ് വികെ പ്രശാന്തിന്റെ വിജയം. 54830 വോട്ടുകളാണ് വികെ പ്രശാന്ത് നേടിയത്. 

യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളും നേടി. നോട്ടയാണ് നാലാം സ്ഥാനത്ത്. 

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് ആണ് വികെ പ്രശാന്ത് നിലനിര്‍ത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 

ബിജെപി ശക്തികേന്ദ്രങ്ങളിലും വന്‍ വോട്ട് ചോര്‍ച്ച ഉണ്ടായതായാണ് കണക്കുകള്‍. 2019 ഏപ്രിലില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ 20000ല്‍പ്പരം വോട്ടിന്റെ കുറവാണ് ഇത്തവണ ഉഉണ്ടായിരിക്കുന്നത്. 

രാഷ്ട്രീയ വോട്ടുകളേക്കാള്‍ സമുദായ വോട്ടുകളാവും വട്ടിയൂര്‍ക്കാവിനെ സ്വാധീനിക്കുക എന്ന ചര്‍ച്ചകളാണ് തുടക്കം മുതല്‍ ഉയര്‍ന്നിരുന്നത്. ജാതിയും സമുദായവും പറഞ്ഞുതന്നെയാണ് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയതും. എന്നാല്‍ മേയര്‍ പ്രശാന്തിന്റെ ജനകീയതയ്ക്ക് മുന്നില്‍ സമുദായ വോട്ടുകളേക്കാള്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായത്. 

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വികെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടിയേക്കാള്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകളാണ് എല്‍ഡിഎഫിന് ഗുണം ചെയ്തതെന്ന് കരുതേണ്ടിവരും. സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഇതാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫല പ്രതീക്ഷകളെ കീഴ്മേല്‍ മറിച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകള്‍ക്കൊന്നും മേയര്‍ പ്രശാന്തിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനായിട്ടില്ല.  ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും വികെ പ്രശാന്തിന് ഗുണം ചെയ്തു. 

68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്. എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ വടകര എം.പിയായതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

Content Highlights: Kerala byelection result Vattiyoorkkavu VK Prasanth , Ketala Byelection result