തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. നേതാവ് കുമ്മനം രാജേശഖരനും തമ്മിൽ ഫെയ്‌സ്ബുക്കിൽ പോര്.

ഗവർണർസ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പി.യാകാൻവന്ന കുമ്മനം ഗതികിട്ടാപ്രേതമായി അലയുന്നതിൽ സഹതാപമുണ്ടെന്നും ഗവർണർ സ്ഥാനത്തിൽ തൃപ്തിയാകാതെ കേന്ദ്രമന്ത്രിയാകാൻ മോഹിച്ചെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയെപ്പോലെ ഔന്നത്യമുള്ള ഒരാൾ വെറും കുളിമുറി സാഹിത്യകാരൻമാരെപ്പോലെ അധഃപതിച്ചതാണോ ഉയർന്നതാണോയെന്ന് സമയം കിട്ടുമ്പോൾ പരിശോധിക്കണമെന്നു കുമ്മനം തിരിച്ചടിച്ചു.

മന്ത്രിയുടെ പോസ്റ്റിൽനിന്ന്

വട്ടിയൂർക്കാവിൽ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരൻ അസത്യപ്രചാരണത്തിലൂടെ മറികടക്കാൻ ശ്രമിക്കുന്നു. ഗവർണർസ്ഥാനം രാജിവെച്ച് എം.പി.യാകാൻവന്ന കുമ്മനം ഗതികിട്ടാപ്രേതമായി അലയുന്നതിൽ സഹതാപമുണ്ട്. ഗവർണർസ്ഥാനത്തുനിന്ന്‌ രാജിവെച്ച് ലോക്‌സഭയിലേക്കു മത്സരിക്കാൻവന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞതിന്റെ അർഥം അദ്ദേഹത്തിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും.

ഗവർണർസ്ഥാനം കൊടുത്തിട്ടും തൃപ്തനാകാതെ കേന്ദ്രമന്ത്രിസ്ഥാനം സ്വപ്നംകണ്ട് രാജിവെച്ച് നാണംകെട്ടിട്ടും വീണ്ടും മത്സരമോഹവുമായിവന്ന തന്നെപ്പോലെയാണ് എല്ലാവരുമെന്ന ധാരണ കുമ്മനത്തിനുണ്ടാകും. അതുകൊണ്ടാകാം വി.കെ. പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കിയത് കടകംപള്ളി സുരേന്ദ്രന്റെ ചതിയാണെന്നൊക്കെ നിലവാരമില്ലാതെ കുമ്മനം പ്രസംഗിച്ചുനടക്കുന്നത്.

കുമ്മനത്തിന്റെ മറുപടി

തിരുവനന്തപുരം മേയറെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത് താങ്കളുടെ പാർട്ടിയിലെ പ്രവർത്തകർതന്നെയാണ്. പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവർത്തകരാണ്.

കടിച്ചും പിടിച്ചും കടിപിടികൂടിയും സ്വത്തുസമ്പാദിച്ച് അടുത്ത നാലുതലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവിലാക്കിയ പാരമ്പര്യം എനിക്കില്ലെന്ന് ഇന്നാട്ടിലെ ജനങ്ങൾക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ? അതുകൊണ്ടാണ് ഒരുകള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയിൽ എന്റെ പേര് ഉൾപ്പെടാഞ്ഞതും.

കൊച്ചി മെട്രോ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിക്കൊപ്പം ഞാൻ ട്രെയിൻയാത്ര നടത്തിയത് സുരക്ഷാ വീഴ്ചയാണെന്നും ക്ഷണമില്ലാതെയായിരുന്നു എന്നും താങ്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമോ അനുമതിയോ ഇല്ലാതെ ഒരാൾക്കും അത് സാധ്യമാകില്ല എന്ന പ്രാഥമിക അറിവുപോലുമില്ലാതെയായിരുന്നു ആ ജല്പനം. അന്ന് താങ്കളെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറായതും കേരളം മറന്നിട്ടില്ല.