തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മുൻ എം.പി. എൻ. പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരേ പാർട്ടി ആസ്ഥാനത്തിനുമുന്നിൽ കോൺഗ്രസുകാരുടെ പ്രതിഷേധം. കുറുപ്പിനെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രാദേശികനേതാക്കളും പ്രവർത്തകരുമാണ് ഇന്ദിരാഭവനുമുന്നിൽ പരസ്യമായി പ്രതിഷേധിച്ചത്. മുതിർന്ന നേതാക്കളെക്കണ്ടും ഇവർ വികാരമറിയിച്ചു.

കെ. മുരളീധരന് താത്പര്യമുള്ള പീതാംബരക്കുറുപ്പ് ഉൾപ്പടെയുള്ളവരെയാണ് കോൺഗ്രസ് വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്. ബുധനാഴ്ച രാവിലെ ഇന്ദിരാഭവനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗമുണ്ടായിരുന്നു. യോഗത്തിനെത്തിയ ഉമ്മൻചാണ്ടി, കെ. സുധാകരൻ എം.പി. എന്നിവരെക്കണ്ട് കുറുപ്പിനെ മത്സരിപ്പിക്കരുതെന്ന് മണ്ഡലം, ബ്ലോക്ക് നേതാക്കളുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടു. കുറുപ്പിന് പ്രതിച്ഛായയില്ലെന്നും മണ്ഡലത്തിലുള്ള മറ്റാരെയെങ്കിലും പരിഗണിക്കണമെന്നുമാണ് ആവശ്യം. മുൻ എം.എൽ.എ.യും മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ ഡോ. കെ. മോഹൻകുമാറിനെയോ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ നെയ്യാറ്റിൻകര സനലിനെയോ മത്സരിപ്പിക്കണമെന്നും ഇവർ പറയുന്നു.

ഇടതുസ്ഥാനാർഥിയായി മേയർ വി.കെ. പ്രശാന്തും ബി.ജെ.പി.യിൽനിന്ന് കുമ്മനം രാജശേഖരനും മത്സരിച്ചാൽ എതിരിടാൻ കുറുപ്പാകും പറ്റിയ ആളെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മുരളീധരന്റെ താത്പര്യം കണക്കിലെടുത്തേ ഇവിടെ സ്ഥാനാർഥിയെ നിശ്ചയിക്കൂ. കുറുപ്പുതന്നെയാകും വട്ടിയൂർക്കാവിൽ മത്സരിക്കുകയെന്നാണ് ചില നേതാക്കൾ നൽകുന്ന സൂചന.

പ്രതിഷേധം മുമ്പും ഉണ്ടായിട്ടുണ്ട് -മുരളീധരൻ

പ്രതിഷേധത്തിൽ കാര്യമില്ലെന്ന പ്രതികരണവുമായി കെ. മുരളീധരൻ. താൻ മത്സരിച്ചപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ, പെട്ടിപൊട്ടിച്ചപ്പോൾ എന്താണുണ്ടായതെന്ന്‌ അറിയാമല്ലോ. ആരുടെയും പ്രതിച്ഛായയ്ക്ക് മാർക്കിടാനുള്ള സമയമല്ല ഇത്. പാർട്ടി ഒറ്റക്കെട്ടായി നിൽക്കുകയാണുവേണ്ടത്. മണ്ഡലത്തെപ്പറ്റി നന്നായറിയാം. വട്ടിയൂർക്കാവിൽ യു.ഡി.എഫ്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും -മുരളീധരൻ പറഞ്ഞു.

Content Highlights: Protest against Peethambara Kurup