തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇടതുചേരിയിലെത്തിക്കാവുന്ന വോട്ടുകളുടെ പുതിയ കണക്കെടുപ്പിനൊരുങ്ങുകയാണ് സി.പി.എം. പാർട്ടി അംഗങ്ങളുടെ ബന്ധുബലം എത്രത്തോളം വട്ടിയൂർക്കാവിലുണ്ടെന്നു പരിശോധിച്ച് അറിയിക്കാനാണ് നിർദേശം. പാർട്ടിയുടെ ഔദ്യോഗിക കണക്കുകൾ പിഴയ്ക്കുന്നതു മാത്രമല്ല ഇതിനു കാരണം. പരമാവധി വോട്ടുകൾ ഇടതുമുന്നണിയുടെ കണക്കിലെത്തിക്കുകയാണ് ലക്ഷ്യം.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് എല്ലാ പാർട്ടി അംഗങ്ങൾക്കും പ്രത്യേകം കത്തുനൽകിയിരിക്കുന്നത്. കത്തിൽ പറയുന്നതിങ്ങനെയാണ്- ‘സഖാവിന്റെ കുടുംബ ബന്ധുത്വം വഴിയോ സൗഹൃദങ്ങൾ വഴിയോ വട്ടിയൂർക്കാവ് മണ്ഡലത്തിൽനിന്ന് ഏതെങ്കിലും വോട്ട്‌ എൽ.ഡി.എഫിന് ഉറപ്പിക്കാൻ കഴിയുമോ? എങ്കിൽ ആരുടെ വോട്ടാണ്? ഏതു കുടുംബത്തിന്റെ വോട്ടാണ്? വിശദവിവരം പാർട്ടി ജില്ലാ കമ്മിറ്റിയിൽ അറിയിക്കുക. ആരുടെയും വോട്ട് ഉറപ്പിക്കാൻ കഴിയില്ലെങ്കിൽ ആ വിവരവും രേഖാമൂലം അറിയിക്കണം’.

സാധാരണ ബൂത്തുകമ്മിറ്റികളാണ് കിട്ടാവുന്ന വോട്ടുകളുടെ കണക്കെടുപ്പു നടത്താറുള്ളത്. അത് ഇത്തവണയും ഉണ്ടാകും. അതിലുപരിയായാണ് ബന്ധു-സൗഹൃദ ബലത്തിന്റെ കണക്കെടുപ്പു പരിശോധിക്കുന്നത്.

ഓരോ കോർപ്പറേഷൻ വാർഡിലും നേതാക്കൾക്കു ചുമതല നൽകിയുള്ള പ്രചാരണ മേൽനോട്ടമാണ് സി.പി.എം. വട്ടിയൂർക്കാവിൽ നടത്തുന്നത്. ഒരു വീടുപോലും സ്പർശിക്കാതെ പോകരുതെന്നാണ് തീരുമാനം. ഇതിനു പുറമേ, വട്ടിയൂർക്കാവിനു പുറത്തുള്ള പാർട്ടി അംഗങ്ങളുടെ ബന്ധുബലവും സൗഹൃദവും വോട്ടാക്കി മാറ്റാനുള്ള ഇടപെടലാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നടത്തുന്നത്. വോട്ടാക്കി മാറ്റാൻ കഴിയില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിക്കാൻ പാർട്ടി അംഗങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. അതിനാൽ, സൗഹൃദങ്ങളുടെ എല്ലാ സാധ്യതയും അംഗങ്ങൾ തേടുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതാണ്, വോട്ടാക്കി മാറ്റാനാവില്ലെങ്കിൽ അക്കാര്യവും അറിയിക്കണമെന്ന്‌ കത്തിൽ ഉൾപ്പെടുത്താൻ കാരണം.