തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വികെ പ്രശാന്തിന് അട്ടിമറി വിജയം. തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് പ്രതീക്ഷകളേയും മറികടന്നു. സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കേറ്റ വന്‍ തിരിച്ചടിയായി മാറി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ മേയര്‍ വികെ പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 

2011 ലാണ് വട്ടിയൂര്‍ക്കാവിനെ മണ്ഡലമായി മാറ്റിയത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ മുരളീധരനാണ് വിജയിച്ചത്. ന്യൂനപക്ഷസമുദായങ്ങളെ കൂട്ടുപിടിച്ച് സീറ്റ് നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ഫലം കണ്ടില്ല.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് ഇത്തവണ മണ്ഡലത്തില്‍ വേരുറപ്പിക്കാനാവുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെയും കണക്കുക്കൂട്ടല്‍. അതിനായി ജില്ലാ പ്രസിഡന്റായ എസ് സുരേഷിനെ തന്നെ രംഗത്തിറക്കിയെങ്കിലും കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. 

രാഷ്ട്രീയ വോട്ടുകളേക്കാള്‍ സമുദായ വോട്ടുകളാവും വട്ടിയൂര്‍ക്കാവിനെ സ്വാധീനിക്കുക എന്ന ചര്‍ച്ചകളാണ് തുടക്കം മുതല്‍ വട്ടിയൂര്‍ക്കാവിനെ സംബന്ധിച്ച് ഉയര്‍ന്നുകേട്ടിരുന്നത്. ഇത് കോണ്‍ഗ്രസിനും ബിജെപിക്കും ഗുണം ചെയ്യുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടലുകളും. എന്നാല്‍ മേയര്‍ പ്രശാന്തിന്റെ ജനകീയതയ്ക്ക് മുന്നില്‍ സമുദായ വോട്ടുകളേക്കാള്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായത്. 

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വികെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടിയേക്കാള്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകളാണ് എല്‍ഡിഎഫിന് ഗുണം ചെയ്തതെന്ന് കരുതേണ്ടിവരും. സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഇതാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫല പ്രതീക്ഷകളെ കീഴ്‌മേല്‍ മറിച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകള്‍ക്കൊന്നും മേയര്‍ പ്രശാന്തിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനായിട്ടില്ല. 

68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്. എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ വടകര എം.പിയായതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

Content Highlights: Kerala Byelection 2019, Mayor VK Prasanth, Vattiyoorkkavu byelection