ട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ചതിന് വോട്ടര്‍മാരോട് നന്ദിപറഞ്ഞ് മേയര്‍ വികെ പ്രശാന്ത്. വിജയം വട്ടിയൂര്‍ക്കാവിലെ ഓരോ വ്യക്തികള്‍ക്കും, തിരഞ്ഞെടുപ്പ് പ്രചരണത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് വികെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 14251 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറി വിജയമാണ് വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് നേടിയത്. 

വികെ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഈ വിജയം വട്ടിയൂര്‍ക്കാവിലെ ഓരോ വ്യക്തികള്‍ക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. എടുത്ത് പറയേണ്ടത് എന്റെ യുവസുഹൃത്തുക്കളോടാണ്. മതജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങള്‍ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ അംഗീകാരം. തുടര്‍ന്നും നമുക്കതെല്ലാം കൂടുതല്‍ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവന്‍ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാന്‍ ശ്രമിക്കാം.

പ്രിയമുള്ളവരേ, തുടര്‍ന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാള്‍ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂര്‍ക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം. 

 

Content Highlights: kerala by election, Mayor VK Prasanth Vattiyoorkkavu byelection 2019