തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ജാതി സമവാക്യങ്ങളൊക്കെ പഴയകാല ചിന്തയാണെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതിസമവാക്യങ്ങളൊന്നും ഇനി വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിക്കാന്‍ സാധ്യതയില്ലെന്നും സ്ഥാനാര്‍ത്ഥി ആരായാലും വിജയിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം എല്‍.ഡി.എഫിന് വട്ടിയൂര്‍ക്കാവില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

യുവാക്കളുടെ വലിയ നിര വട്ടിയൂര്‍ക്കാവിലുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെയാവണം യുവജനപ്രാധിനിത്യം ഉറപ്പാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത്. ജാതി- മത - സാമുദായിക പരിഗണനകളൊന്നും തന്നെ ഇതുവരെയും വട്ടിയൂര്‍ക്കാവില്‍ വന്നിട്ടില്ല എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അതിനെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ചു പിടിക്കാനാവും എന്ന ശുഭപ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്‌. സ്ഥാനാര്‍ത്ഥി ആരായാലും വിജയം ഉറപ്പാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം വട്ടിയൂര്‍ക്കാവില്‍ ആരംഭിച്ചു കഴിഞ്ഞു. ഒന്നാംഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ട് പോവുന്നത്. വോട്ട് ഉയര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ് എന്നും മേയര്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ സംബന്ധിച്ച് നേതാക്കന്മാര്‍ ആരെങ്കിലും നേരത്തേ സംസാരിച്ചിരുന്നുവോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെല്ലാം നാളത്തെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം നല്‍കാം എന്ന നിലപാടിലാണ് മേയര്‍ വി.കെ. പ്രശാന്ത്. സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് തത്കാലം മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂവെന്നും മേയര്‍ പദവി രാജി വയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയിട്ടാവാം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് മേയറുടെ പേരും ഉള്‍പ്പെട്ടത് എന്നും വി.കെ. പ്രശാന്ത് പറഞ്ഞു. ഇതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ന്യൂനപക്ഷമായ ഭരണസമിതിയായിട്ടു പോലും കഴിഞ്ഞ നാലു വര്‍ഷമായി തലസ്ഥാനനഗരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. രാജ്യാന്തരശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങള്‍ വരെ കാഴ്ചവയ്ക്കാന്‍ തിരുവനന്തപുരം നഗരസഭയ്ക്കായി. പ്രളയസമയത്തെ പ്രവര്‍ത്തനങ്ങളടക്കം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകാനായി.

സ്മാര്‍ട്ട് സിറ്റി നേടിയെടുക്കാനായി. ഈ പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തിയാവാം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് തന്റെ പേരും നിര്‍ദേശിക്കപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനമടക്കം മുരടിച്ചു നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

Content Highlights: Youth are prominent in the constituency, vattiyoorkavu byelection