തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലാതിർത്തിയാണ് കരമനയാറിന്റെ തീരത്തെ വെള്ളൈക്കടവ്. ഇവിടെ പാലത്തിനക്കരെയുള്ള പുളിയറക്കോണം കാട്ടാക്കട മണ്ഡലത്തിലാണ്. പുളിയറക്കോണത്തുള്ളവർക്ക് തിരുവനന്തപുരത്തേക്ക് വെള്ളൈക്കടവ് വഴിയും വരാം. അതിനാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പുളിയറക്കോണത്തും ചർച്ചാവിഷയമാണ്. ഇക്കുറി നല്ല പോരാട്ടമാണ് നടക്കുന്നതെന്ന് വെള്ളൈക്കടവ് വിശ്രമകേന്ദ്രത്തിന് മുന്നിൽ ഓട്ടോയുമായെത്തിയ പുളിയറക്കോണം സ്വദേശി തോമസ് പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ, പി.എസ്.സി.തട്ടിപ്പ് എന്നിവയൊക്കെ ജനങ്ങൾ ചർച്ചചെയ്യുന്നുണ്ടെന്നും തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണെന്നും ചില പാർട്ടികൾ തമ്മിൽ വോട്ടുമറിക്കാൻ ശ്രമിക്കുന്നതായി സമ്മതിദായകർക്കിടയിൽ സംസാരമുണ്ടെന്നും പറയാൻ തോമസ് മടിച്ചില്ല. ഏത് പാർട്ടികൾ തമ്മിലാണ് ‘വോട്ട് അഡ്‌ജസ്റ്റ്‌മെന്റ്’ നടത്തുകയെന്ന് ചോദിച്ച യാത്രക്കാരനായ സുകുമാരനെ നോക്കി അതൊക്കെ പറയാമെന്ന് പറഞ്ഞ് തോമസ് ഓട്ടോയുമായി പോയി. അപ്പോഴേക്കും മഴ കനത്തിരുന്നു. വിശ്രമകേന്ദ്രം യാത്രക്കാരെക്കൊണ്ടും നിറഞ്ഞു. bbപി.എസ്.സി. വിഷയം ചർച്ച ചെയ്യാതിരിക്കുമോ?

bbപി.എസ്.സി. വിഷയം എന്തായാലും ചർച്ച ചെയ്യും. യുവാക്കളും ജോലിക്കായി കാത്തിരിക്കുന്നവരുമെല്ലാം കടുത്ത നിരാശയിലാണെന്ന് ശനിയാഴ്ചത്തെ വി.ഇ.ഒ. പരീക്ഷ എഴുതിയ വിനീഷ് പറയുന്നു. പഠിച്ച് എഴുതുന്നവർ വർഷങ്ങളായി ജോലിക്കായി കാത്തിരിക്കുന്നുണ്ട്. അവരെ നിരാശരാക്കിയാണ് ചിലർ ക്രമക്കേട് നടത്തി ജോലിനേടുന്നത്. എല്ലാ മുന്നണികളും ഒരുപോലെയാണ്. യുവാക്കൾക്കായി സംസാരിക്കാൻ ആരുമില്ല. ഉപതിരഞ്ഞെടുപ്പിൽ പി.എസ്.സി. വിഷയം പ്രധാന ചർച്ചയാക്കുവാൻ പോലും ഇവിടെ മുന്നണികൾ ശ്രമിക്കുന്നില്ലെന്നും വിനീഷ് കുറ്റപ്പെടുത്തുന്നു. എന്നാൽ, വർക് ഷോപ്പ് ജീവനക്കാരനായ പ്രശാന്തിനും പ്ലംബറായ വിഷ്ണുവിനും വെൽഡിങ് ജോലിക്കാരനായ പ്രവീണിനും കൂട്ടുകാരനായ യദുകൃഷ്ണനും ഇത് ഇടതുപക്ഷം ജയിക്കേണ്ട തിരഞ്ഞെടുപ്പാണെന്നാണ് അഭിപ്രായം. വി.കെ.പ്രശാന്തിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലുമാണവർ. പ്രളയസമയത്ത് മുന്നിൽനിന്ന് നയിച്ച പ്രശാന്ത് ജയിക്കേണ്ടത് യുവാക്കളുടെ ആവശ്യമാണെന്നും അവർ പറയുന്നു. അതേസമയം, കെ.എസ്.ആർ.ടി.സി.ജീവനക്കാരനായ ജോസിന്റെ അഭിപ്രായത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. മുൻ എം.എൽ.എ.എന്ന നിലയിൽ മോഹൻകുമാർ മികച്ച പ്രവർത്തനം നടത്തിയിരുന്നു. വ്യക്തിപ്രഭാവവും ഉണ്ട്. നിഷ്പക്ഷയാളുകളുടെ വോട്ടുനേടാൻ ഇതൊക്കെ ധാരാളമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പാർട്ടി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ബി.ജെ.പി. സ്ഥാനാർഥി എസ്.സുരേഷിനെ ജനങ്ങൾക്കറിയാമെന്ന് പ്രവീൺ പറയുന്നു. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും ശ്രദ്ധേയമാണ്. കുമ്മനം രാജശേഖരൻ മണ്ഡലം മുഴുവൻ പ്രചാരണം നടത്തുന്നതും വോട്ട് ലഭിക്കാൻ സഹായകമാകും-അദ്ദേഹം പറയുന്നു.

bbവോട്ട് മറിയുമോ? മറിക്കുമോ?

bbവോട്ട് മറിക്കുന്ന കാര്യം വട്ടിയൂർക്കാവിൽ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വലിയ ചർച്ചയാകാറുണ്ടെന്ന് പറയുന്നു സാലുവും മിഥുനും. ഒരു തിരഞ്ഞെടുപ്പിൽ കിട്ടിയ പണി അടുത്തതിൽ തീർക്കുമെന്നാണ് നാട്ടിലുള്ള സംസാരം. അത് ഇക്കുറി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണമെന്നും ഇരുവരും പറയുന്നു. കെ.മുരളീധരനും ശശി തരൂരും തമ്മിൽ കോൺഗ്രസിൽ വലിയ അടി നടക്കുന്നുണ്ടെന്നും അത് കെ.മോഹൻകുമാറിന് ദോഷം ചെയ്യുമെന്നും പറയുന്നു കെ.എസ്.ആർ.ടി.സി. പേരൂർക്കട ഡിപ്പോയിലെ സത്യൻ. പ്രളയസമയത്തെ പ്രവർത്തനം മാത്രമേ വി.കെ.പ്രശാന്തിന് പറയാൻ ഉള്ളൂവെന്നും മാലിന്യപ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരാജയമാണെന്നും അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് മൂന്നാംമുക്ക് സ്വദേശി സുരേന്ദ്രൻ പറയുന്നത്.