തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിനടുത്തെ ശ്രീലളിതം വീട്ടിൽ രാഷ്ട്രീയമാണ് പ്രധാന ചർച്ചാവിഷയം. കുടുംബനാഥൻ വട്ടിയൂർക്കാവിലെ എൻ.ഡി.എ. സ്ഥാനാർഥി എസ്.സുരേഷും ഭാര്യ അഞ്ജനാദേവിയും വിദ്യാർഥിരാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയവരാണ്. എ.ബി.വി.പി. പ്രവർത്തകരായിരുന്നപ്പോൾ ഒരുമിച്ചു സമരങ്ങളിൽ പങ്കെടുത്ത് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുള്ളവരുമാണ്. സമാനചിന്താഗതിയുള്ളവർ ജീവിതത്തിൽ ഒരുമിച്ച ശേഷവും പൊതുരംഗത്ത് അവരുടേതായ മേഖലകളിൽ സജീവമാണ്.

വെള്ളായണിയിലെ വീട്ടിൽ രാവിലെ മുതൽ സ്ഥാനാർഥി തിരക്കിലാണ്. പ്രചാരണത്തിനായി പാർട്ടിപ്രവർത്തകരും നേതാക്കളും മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കാത്തുനിൽക്കുകയാണ്. രാവിലെതന്നെ ഫോൺകോളുകൾക്ക് മറുപടിപറഞ്ഞ ശേഷമാണ് പ്രഭാതഭക്ഷണത്തിലേക്കു കടക്കുന്നത്.

പ്രഭാതഭക്ഷണം വീട്ടിൽനിന്നു പതിവാണ്. അച്ഛൻ ശ്രീകുമാരൻ നായർ, മകൾ പട്ടം കേന്ദ്രീയവിദ്യാലത്തിലെ വിദ്യാർഥിനി പ്രപഞ്ചന എന്നിവരും ഒപ്പമുണ്ടാകും. ഉച്ചയ്ക്കും രാത്രിയിലും പാർട്ടിപ്രവർത്തകരോടൊപ്പം എവിടെയാണോ അവിടെനിന്നു ഭക്ഷണം. ജില്ലയിലെ നാടൻ ഹോട്ടലുകളും തട്ടുകടകളുമാണ് ഭക്ഷണത്തിന് ആശ്രയമെന്നും സുരേഷ് പറയുന്നു.

ഭക്ഷണത്തിനു കൃത്യസമയം എന്നൊന്നില്ല. എന്നാൽ, രാവിലത്തെ ഭക്ഷണശേഷം ഒരുമിച്ചായിരിക്കും ഭാര്യയും ഭർത്താവും വീട്ടിൽനിന്നിറങ്ങുന്നത്. സ്ഥാനാർഥിയായതോടെ പതിവിലും നേരത്തേതന്നെ സുരേഷ് വീട്ടിൽനിന്ന് ഇറങ്ങുകയാണ്.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറിയാണ് അഭിഭാഷകകൂടിയായ അഞ്ജനാദേവി. ഇരുവരും തിരക്കുള്ള പൊതുപ്രവർത്തകർകൂടിയായതിനാൽ ഭക്ഷണസമയത്താണ് കുടുംബകാര്യങ്ങളും പൊതുവർത്തമാനങ്ങളും ചർച്ചയാകുന്നത്. അച്ഛൻ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നാണ് പ്രപഞ്ചനയുടെ പ്രതീക്ഷ. കൂട്ടുകാരുമൊത്ത് കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിന്റെ ചില പ്രദേശങ്ങളിൽ അച്ഛനുവേണ്ടി വോട്ടുതേടി മകളുമെത്തിയിരുന്നു.

വളരെ വേഗം ഭക്ഷണം കഴിച്ചശേഷം ഗൃഹസമ്പർക്ക പരിപാടിക്ക് വലിയവിളയിലേക്ക്‌. സ്കൂളിൽ പോകാനായി പ്രപഞ്ചനയും സുരേഷിനൊപ്പം ചേർന്നു. പ്രചാരണത്തിനു പോകുന്നതിനിടയിൽ മകളെയും സ്കൂളിലാക്കാം.

വട്ടിയൂർക്കാവിലെ രാഷ്‌ട്രീയസ്ഥിതിയെക്കുറിച്ചും തിരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ചും എസ്.സുരേഷ് ‘മാതൃഭൂമി’യോടു സംസാരിക്കുന്നു.

പ്രതീക്ഷകളും സാധ്യതകളും

ബി.ജെ.പി.യുടെ സംഘടനാസംവിധാനം മണ്ഡലത്തിൽ വളരെ മികച്ചതാണ്. ബി.ജെ.പി.ക്ക് ഒൻപത് കൗൺസിലർമാർ മണ്ഡലത്തിലുണ്ട്. അവരുടെ മികച്ച പ്രവർത്തനം ചർച്ചയാകും. കേന്ദ്രസർക്കാരിന്റെ പ്രവർത്തനഫലങ്ങളും ബി.ജെ.പി.ക്കു തുണയാകും. കുമ്മനം രാജശേഖരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രവർത്തനം വിജയത്തിലേക്കു നയിക്കും.

വെല്ലുവിളികൾ

സ്ഥാനാർഥിനിർണയത്തിൽ കാലതാമസം വന്നത് പ്രചാരണത്തെ കുറച്ചു ബാധിച്ചു. എന്നാൽ, അടുത്ത ദിവസങ്ങളിൽത്തന്നെ അതു പരിഹരിക്കാൻ കഴിഞ്ഞു. സ്ഥാനാർഥിനിർണയത്തെക്കുറിച്ചു പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ബി.ജെ.പി.യുടെ വികസനാശയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള സമയക്കുറവു മാത്രമാണ് അപര്യാപ്തമായ ഒരു ഘടകം.

വികസന പ്രതീക്ഷകൾ

വട്ടിയൂർക്കാവിൽ വികസനം ഇതുവരെ എത്തിയിട്ടില്ല. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടും െഡ്രയിനേജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. വട്ടിയൂർക്കാവ് ജങ്ഷന്റെ വികസനത്തിന്റെ പേരിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ ജനങ്ങളെ പറ്റിക്കുകയാണ്. സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിൽ നഗരസഭ പരാജയമാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികളുപയോഗിച്ച് ബി.ജെ.പി.ക്ക്‌ ഇവിടെ വികസനപരിപാടികൾ ആസൂത്രണംചെയ്യാൻ കഴിയും. മണ്ഡലത്തിലുള്ള 12 കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പുതിയ പദ്ധതികളാവിഷ്കരിച്ച് നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയും. തെങ്കാശിപ്പാത വികസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ സാധ്യതയുപയോഗിച്ച് പേരൂർക്കട ജങ്ഷൻ വികസനവും സാധ്യമാക്കാനാകും.

മണ്ഡലത്തെക്കുറിച്ച്

സ്വയം ചിന്തിക്കാനും രാഷ്ട്രീയമായി വിലയിരുത്താനും കഴിയുന്ന ജനവിഭാഗമാണ് വട്ടിയൂർക്കാവിലേത്. തുടർച്ചയായി ബി.ജെ.പി.ക്ക് വോട്ടുവിഹിതം കൂടുന്ന മണ്ഡലവുമാണിത്. വികസനപ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന ചിന്തയാണ് മണ്ഡലത്തിലെ ജനങ്ങൾക്ക്.

ശബരിമല

ശബരിമലപ്രശ്നം മണ്ഡലത്തിൽ ബി.ജെ.പി.ക്ക് അനുകൂലമായ ഘടകമാകും. ശബരിമലയിലെ സർക്കാർനടപടിക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ 49 ദിവസം നീണ്ട സമരത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കാനായി. വിശ്വാസസംരക്ഷണത്തിന് ബി.ജെ.പി. നടത്തിയ പോരാട്ടങ്ങൾ ജനങ്ങൾ ഓർമിക്കും.

Content Highlight: vattiyoorkavu by election 2019 NDA candidate S suresh