തിരുവനന്തപുരം: യു.ഡി.എഫിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക്‌ ജനങ്ങൾ നൽകിയ ശിക്ഷയാണ് പാലായിൽ കണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ തെറ്റ് ജനങ്ങളോട് ഏറ്റുപറഞ്ഞിട്ടുണ്ട്. അത് അംഗീകരിക്കാതെ ഇനിയും പ്രവർത്തിക്കുന്നവർ യു.ഡി.എഫിലുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

ചക്ക വീണ് മുയൽ ചത്തു എന്നതുപോലെയാണ് പാലായിൽ എൽ.ഡി.എഫ്. വിജയിച്ചത്. പാലാ ഒരിടത്തും ആവർത്തിക്കില്ലെന്നു മാത്രമല്ല, അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ സർക്കാരിനെതിേര ജനങ്ങൾ നിലപാടെടുക്കും. അഴിമതി ശാസ്ത്രീയമായി നടത്തുന്ന സർക്കാരാണിത്. കിഫ്ബിയുടെ കണക്കു പരിശോധിക്കാൻപോലും അനുമതി നൽകാത്തത് കള്ളത്തരങ്ങൾ വെളിച്ചത്താകുമെന്നതുകൊണ്ടാണ്. ഇതിനെതിേര കോൺഗ്രസ് നിയമപോരാട്ടം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.