തിരുവനന്തപുരം: അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ അഞ്ച് പുതുമുഖങ്ങള്‍ നിയമസഭയിലേക്ക് എത്തുന്നു. ലോക്സഭാ തിരഞ്ഞടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനിടെ വീണ്ടും പോളിങ് ബൂത്തിലെത്തിയപ്പോള്‍ ജനം വോട്ട് ചെയ്തത് തീര്‍ത്തും വ്യത്യസ്തമായി. പോളിങ് ശതമാനത്തിലുണ്ടായ കുറവും വോട്ട് കുറയാനുള്ള കാരണങ്ങളിലൊന്നാണ്.
ആറ് മാസത്തിനിടെ അഞ്ചിടത്ത് ജനം വീണ്ടും വോട്ട് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. താമരയില്‍ നിന്ന് 42,975 വോട്ടിന്റെ ചോര്‍ച്ചയുണ്ടായി. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോന്നിയില്‍ ഇടതുമായുണ്ടായിരുന്ന അകലം 440 വോട്ടില്‍ നിന്ന് 14,313 വോട്ടായി വര്‍ധിച്ചു. രണ്ട് തിരഞ്ഞെടുപ്പുകള്‍ താരതമ്യം ചെയ്യുമ്പോള്‍ സുരേന്ദ്രന് ഇത്തവണ കുറഞ്ഞത് 6720 വോട്ടാണ്. അഞ്ചിടങ്ങളില്‍ ഏറ്റവും വോട്ട് ചോര്‍ന്നത് പാര്‍ട്ടി ഏറ്റവും പ്രതീക്ഷവെച്ച വട്ടിയൂര്‍ക്കാവിലാണ്.
ലോക്സഭയിലേക്ക് കുമ്മനം മത്സരിച്ചപ്പോള്‍ കിട്ടിയ 50709 വോട്ട് 27453 ആയി ചുരുങ്ങി. നഷ്ടം 23256 വോട്ട്. വലിയ തിരിച്ചടിക്ക് ഇടയിലും പാര്‍ട്ടിയുടെ ആകെ ആശ്വാസം മഞ്ചേശ്വരത്ത് വര്‍ധിച്ച 380 വോട്ടും രണ്ടാം സ്ഥാനം നിലനിര്‍ത്തിയതുമാണ്. പക്ഷേ 79 വോട്ടിന് നഷ്ടമായ മണ്ഡലത്തില്‍ ഇത്തവണ തോറ്റത് 7923 വോട്ടിനാണ്. എറണാകുളത്ത് കണ്ണന്താനം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടില്‍ നിന്ന് 4418 വോട്ട് കുറഞ്ഞു.
വോട്ടുചോര്‍ച്ചയില്‍ ബിജെപിക്ക് തൊട്ടുപിന്നിലുണ്ട് യുഡിഎഫും. ലോക്സഭയിലെ ചരിത്രവിജയം സമ്മാനിച്ച ജനം വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിനെ കൈവിട്ടു. അഞ്ചിടങ്ങളിലുമായി യുഡിഎഫിന് 41840 വോട്ടിന്റെ വലിയ ചോര്‍ച്ചയുണ്ടായി. ആകെ ആശ്വാസം അരൂരില്‍ ലഭിച്ച 3700 അധിക വോട്ട് മാത്രം.
വട്ടിയൂര്‍ക്കാവില്‍ 13,180 വോട്ട് കുറഞ്ഞു. എറണാകുളത്താണ് ഏറ്റവും വലിയ ചോര്‍ച്ചയുണ്ടായത്. 24,029 വോട്ടിന്റെ കുറവ്. പോളിങ്ങ് ശതമാനത്തിലുണ്ടായ വലിയ കുറവും ഇതിന് കാരണമാണ്. കോന്നിയില്‍ 5521 വോട്ടാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കൂട്ടിയപ്പോഴും 2810 വോട്ട് കുറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫ് അതിശക്തമായി തിരിച്ചുവന്നു. 43674 വോട്ട് എല്‍ഡിഎഫിന് ആകെ അഞ്ചിടങ്ങളിലുമായി കൂടി. മൂന്നാം സ്ഥാനത്തായെങ്കിലും മഞ്ചേശ്വരത്തും 5437 വോട്ട് അവര്‍ക്ക് കൂടുതല്‍ നേടാനായി.
വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോള്‍ 25416 വോട്ടിന്റെ വലിയ വര്‍ധനയുണ്ടായി. വട്ടിയൂര്‍ക്കാവ് കഴിഞ്ഞാല്‍ കോന്നിയിലാണ് എല്‍ഡിഎഫിന് കൂടുതല്‍ വോട്ട് വര്‍ധിച്ചത്- 7153 വോട്ട്. എറണാകുളത്ത് പോളിങ് കുറഞ്ഞിട്ടും 3399 വോട്ട് കൂടി. ഉറച്ച കോട്ടയായ അരൂരില്‍ തോറ്റപ്പോഴും 2269 വോട്ട് കൂടി.
Content Highlights: UDF also loses heavily