തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്‍.എസ്.എസിനെതിരെ പരാതി കിട്ടിയാല്‍ പരിശോധിച്ച് നടപടിയെടുക്കും. ജാതിസംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ്. പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരണം നടത്തിയത്. 

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡി.ജി.പിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനും വരണാധികള്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 

Content Highlights: chief electoral officer tikaram meena against nss for their public campaign in vattiyoorkkavu