തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബീസ എന്ന സ്ത്രീയാണ് കള്ളവോട്ടിന് ശ്രമിച്ചത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബൂത്തിലും റീപോളിങ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

43-ാം നമ്പര്‍ പോളിങ് ബൂത്തില്‍ നബീസ, മറ്റൊരു സ്ത്രീയുടെ (നബീസ എന്നാണ് ഇവരുടെയും പേര്) വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ യഥാര്‍ഥ നബീസയല്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെ പോലീസിന് കൈമാറുകയും ചെയ്‌തെന്നും മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിഷയത്തില്‍ യു.ഡി.എഫ് വാദം തള്ളുന്നതാണ് മീണയുടെ വിശദീകരണം. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംഭവിച്ച കാര്യമാണെന്നും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അറസ്റ്റിലായ നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ അവകാശപ്പെട്ടിരുന്നു. മറ്റൊരു കുടുംബത്തിന്റെ സ്ലിപ്പ് മാറി തങ്ങള്‍ക്ക് ലഭിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ, യുവതിയേയും കുടുംബത്തെയും പിന്തുണച്ച് യു.ഡി.എഫ് നേതൃത്വവും രംഗത്തെത്തിയിരുന്നു. 

content highlights: Manjeswar Byelection