കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ തുടരുകയാണ്.കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും നടക്കുകയാണ്.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറുമ്പോള്‍ അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്.  മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീന്‍ ഏകപക്ഷീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ്.

വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാല്‍ മറ്റെവിടെയും ബിജെപിക്ക് മുന്നേറാനായിട്ടില്ല.

കോന്നിയില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ ലീഡ് പിടിച്ചു. 

അരൂരിലും എറണാകുളത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്. 

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.

 മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം ഹരിയാണയില്‍ തൂക്കുസഭക്കുള്ള സാധ്യതകളും ചില എക്സ്റ്റ്പോളുകള്‍ പ്രവചിച്ചിരുന്നു.  മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്. 

content highlights: 2019 kerala by election results udf leads aroor, ernakulam manjeswaram,ldf in vattiyoorkavu,konni