shankar rai
 ശങ്കര്‍ റൈ 

തിരുവനന്തപുരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി ശങ്കര്‍ റൈ മത്സരിക്കും. മുന്‍ എം എല്‍ എയും സംസ്ഥാന സമിതി അംഗവുമായ സി എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് ബുധനാഴ്ച വരെ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവസാനനിമിഷം ശങ്കര്‍ റൈയെ നിശ്ചയിക്കുകയായിരുന്നു. 

ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളാണ് ശങ്കര്‍ റൈ. ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച റൈ, നിലവില്‍ സി പി എം  ജില്ലാ കമ്മറ്റി അംഗമാണ്. മലയാളം, കന്നഡ, തുളു, അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം യക്ഷഗാനം കലാകാരനുമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശങ്കര്‍ റൈയുടെ പ്രാദേശിക സ്വാധീനവും നേതൃത്വം കണക്കിലെടുത്തു. ഇതാദ്യമാണ് റൈ നിയമസഭയിലേക്ക് മത്സരിക്കുന്നത്. പുത്തിഗൈ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006ല്‍ ചെര്‍ക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയെങ്കിലും പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പിലും കുഞ്ഞമ്പുവിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, അരൂര്‍, എറണാകുളം, കോന്നി എന്നിവിടങ്ങളില്‍ പുതുമുഖങ്ങള്‍ക്കാണ് സി പി എം സീറ്റ് നല്‍കിയത്. ഇതും ശങ്കര്‍ റൈയെ പരിഗണിക്കാന്‍ കാരണമായി. മുസ്ലിം ലീഗിന്റെ എം സി ഖമറുദ്ദീനാണ് യു ഡി എഫ് സ്ഥാനാര്‍ഥി. ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

content highlights: Shakar rai will contest from manjeswar