മഞ്ചേശ്വരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ആവേശത്തിൽനിന്ന് നേരെ ഉപതിരഞ്ഞെടുപ്പ് ആവേശത്തിലേക്കാണ് മഞ്ചേശ്വരം മണ്ഡലത്തിലെ കോളേജുകൾ. സ്ഥാനാർഥികളോരോന്നായി കോളേജിലേക്കെത്തുന്നു, വോട്ടു തേടുന്നു. വരാന്തയിലും മരച്ചുവട്ടിലും രാഷ്ട്രീയം പറഞ്ഞ് പറ്റുന്ന രീതിയിൽ തിരഞ്ഞെടുപ്പിൽ ഇടപെടുകയാണ് മഞ്ചേശ്വരത്തെ യുവത്വം. പരീക്ഷാതിരക്കിനിടയിലും സ്ഥാനാർഥിയെയും മണ്ഡലത്തിലെ വികസനത്തെയും പറ്റി സംസാരിക്കുകയാണ് ഗോവിന്ദ പൈ കോളേജിലെയും കുമ്പള ഐ.എച്ച്.ആർ.ഡി.യിലെയും വിദ്യാർഥികൾ.

ഇതാവണം സ്ഥാനാർഥി

യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നതാണ് മഞ്ചേശ്വരത്തെ സ്ഥാനാർഥിനിർണയത്തിൽ കേട്ട ശ്രുതി. എന്നാൽ ഇതിലെന്ത് കഥയെന്നാണ് ഗോവിന്ദപൈ ഗവ. കോളേജിലെ വിദ്യാർഥികളുടെ ചോദ്യം. ‘‘നമ്മളുടെ പ്രശ്നങ്ങളറിഞ്ഞ് നമ്മളൊപ്പം ഇറങ്ങാൻ യുവത്വം നിറഞ്ഞ പ്രതിനിധികളാണ് വേണ്ടത്’’ -യുവത്വത്തിനുവേണ്ടി വാദിച്ച് രണ്ടാംവർഷ ബി.എസ്‌സി. വിദ്യാർഥി സ്നിഗ്‌ധ ഗോവിന്ദപൈ കോളേജിലെ ചർച്ചയ്ക്ക് തുടക്കമിട്ടു.

’’ഇതിലൊരു കാര്യവുമില്ല, ജനങ്ങളുടെ പ്രശ്നത്തിലിടപെടാൻ പ്രായം ഒരു ഘടകമേയല്ല, അനുഭവപരിചയം കാര്യങ്ങൾ ഭംഗിയാക്കി ചെയ്യും. കഴിഞ്ഞ എം.എൽ.എ.യല്ലേ ഇവിടെ ടി.ടി.എം. കോഴ്‌സ് കൊണ്ടുവന്നത്, വികസനം കൊണ്ടുവരാൻ പ്രായം തടസ്സല്ല, കമറുദ്ദീൻ സാഹിബിന് അതിന് സാധിക്കും’’ -സ്ഥാനാർഥി മോശക്കാരനല്ലെന്ന് മുഹമ്മദ് അൻസാർ പ്രതീക്ഷവെച്ചു.

ശങ്കർ റേ മാഷെന്താ മോശമാണോ... ’’ മണ്ഡലത്തെപ്പറ്റി കാര്യങ്ങൾ വ്യക്തമായറിയുന്ന സ്ഥാനാർഥിയാണ് അദ്ദേഹം. വിദ്യാർഥികളുടെ പൾസ് നന്നായറിയുന്നയാൾ. സ്ഥാനാർഥി യുവാവാകണമെന്ന്‌ നിർബന്ധമൊന്നുമില്ല. അദ്ദേഹത്തിനാണിവിടെ മുൻതൂക്കം’’ -ശരത് ക്ലീറ്റസും വിട്ടുകൊടുത്തില്ല.

’’ഇത്രയുംകാലം ഭരിച്ചിട്ട് എന്തുകൊണ്ടുവന്നു -ചോദ്യം സനിലിന്റെ വക, ’’കോളേജിന് പുതിയ കെട്ടിടം പണിതിട്ട് വർഷം നാലായി, വികസനമെന്ന് പറയുന്നതല്ലാതെ കാഴ്ചയ്ക്കായി ഇവിടെ ഒന്നുമില്ല, ഇനിയിവിടെ വികസനം വരാൻ തന്ത്രി തന്നെ ജയിക്കണം, കന്നഡയും മലയാളവും തുളുവും ഓക്കെ അറിയുന്ന ആളല്ലെ’’ -സനൽ ഇരുപക്ഷത്തിനും മറുപടി നൽകി.

കോളേജിനും വേണം വികസനം

’’ഇവിടിങ്ങനൊരു കോളേജുണ്ടെന്ന കാര്യം പുറത്തൊന്നും അറിയില്ല, ഇവിടെ കൂടുതൽ കോഴ്‌സ് വേണം, കൂടുതൽ ക്ലാസ് വേണം’’ -കൃഷ്ണരാജ് ചർച്ച കോളേജിന്റെ വികസനത്തിലേക്ക് തിരിച്ചുവിട്ടു. കോളേജിന്റെ കാര്യമെത്തിയപ്പോൾ വിദ്യാർഥികളും ഐക്യപ്പെട്ടു.

’’ ഹോസ്റ്റലിനായി തറക്കല്ലിട്ടിട്ടുണ്ട്, പണി തുടങ്ങിയിട്ടില്ല. ആൺകുട്ടികളുടെ ഹോസ്റ്റലെടുത്ത് പെൺകുട്ടികൾക്ക് നൽകി. ഇങ്ങനെയൊക്കെയാണ് ഇവിടെ നടക്കുന്നത്’’ -സനൽ പറഞ്ഞു.

കോളേജിൽ കൂടുതൽ കോഴ്‌സുകൾ വേണമെന്നും പുതിയ കെട്ടിടം ഉടൻ തുറക്കണമെന്നുമാണ് ജസ്നയുടെയും ശില്പയുടെയും ആവശ്യം. പ്രളയം വന്നതാണ് ഉദ്ഘാടനം വൈകിയതെന്ന് പറഞ്ഞ് വന്ന മറുപടിക്ക് ഉത്തരമിങ്ങനെ, ’’വർഷം രണ്ടായേയുള്ളൂ ഇവിടെ പ്രളയം വരാൻ തുടങ്ങിയിട്ട്‌’’.

സ്പോർട്‌സ് ക്വാട്ടയിൽ വരുന്ന കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളില്ലാത്തതും യാത്രപ്രശ്നവും വിദ്യാർഥികൾക്ക് സ്ഥാനാർഥികളെ അറിയിക്കണം. ‘‘വോളിബോൾ കോർട്ടിൽ കാട് കയറി, ബാസ്കറ്റ് ബോൾ കോർട്ടിനുമുണ്ട്‌ പരിമിതികൾ. ഇതാണ് ഇവിടത്തെ അവസ്ഥ, സ്പോർട്‌സ് ക്വാട്ടയിൽ ഇവിടെയെത്തിയവന്റെ അവസ്ഥ!’’.

ഈ നാടും മാറണം

കോളേജിലെ കുട്ടികളിൽ ഭൂരിഭാഗവും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ്. മറ്റിടങ്ങളിലൊത്ത വികസനം മണ്ഡലത്തിനും വേണമെന്നാണ് ഇവരുടെ ആവശ്യം.

’’ ഇവിടെ വരുമ്പോഴാണ് റോഡരിൽ മൊത്തം മാലിന്യം കൂട്ടിയിട്ടത് കാണുന്നത്, മറ്റൊരിടത്തും ഇത്തരം കാഴ്ചയില്ല’’ -മായയുടെ അനുഭവത്തിൽ നാട്ടിൽ ആദ്യം മാറ്റംവരേണ്ടത് ഈ ശീലത്തിനാണ്. ഈ ആവശ്യത്തെ സ്നിഗ്ധയും പിന്താങ്ങി, ക്ലാസിലടക്കം കൊതുക് ശല്യമാണ്. മര്യാദയ്ക്ക് ഇരിക്കാനാകുന്നില്ല’’.

നേരം വൈകി ക്ലാസിലെത്തുന്നതാണ് ഇവിടെ സ്ഥിരംകാഴ്ച, ഇന്നും വണ്ടി വൈകി, യാത്രക്കാരായ വിദ്യർഥികളുടെ പ്രശ്നങ്ങൾ ഇങ്ങനെയൊക്കെയാണ്.

’’ഇപ്പോൾ വൈകിട്ടത്തെ പാസഞ്ചർ വണ്ടിയെ ആണ് എല്ലാവരും ആശ്രയിക്കുന്നത്. നല്ല തിരക്കാണ് വണ്ടിയിൽ. വണ്ടി വൈകിയാൽ വീടെത്താനും വൈകും, ഇതിനൊക്കെ പരിഹാരമായി മെമു സർവീസ് വന്നൂടെ’’-കൃഷ്ണരാജിന്റെ ചോദ്യം മണ്ഡലത്തിലെ യാത്രക്കാരുടേതു കൂടിയാണ്. രാവിലെ കോളേജിലേക്കു വരുന്ന പാസഞ്ചർ വണ്ടി പിടിച്ചിട്ടാൽ എന്നും വൈകും. ഹാജരും പോകും, ഇവിടെ നിർത്തുന്ന ലോക്കൽ വണ്ടികളെ മാത്രമേ ആശ്രയിക്കാനാവൂ. ഇതാണിവിടത്തെ അവസ്ഥ. കോളേജിനുതാഴെ ബസ്‌സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. കൂടി നിർത്താനൊരു സൗകര്യം ചെയ്തുതരണമെന്ന് അർഷയുടെ അഭ്യർഥന.

ഭാഷാന്യൂനപക്ഷങ്ങളെ പരിഗണിക്കണം

മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രത്യേകതതന്നെ ഭാഷയുടെ വൈവിധ്യമാണ്. എന്നാൽ ഭാഷാന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്ക് ആരും ചെവികൊടുക്കാറില്ലെന്നാണ് കന്നടവിദ്യാർഥികളുടെ പരാതി. ബി.എ. കന്നടവിദ്യാർഥികളായ അൻസാറും ഖാലിദും ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു. പി.എസ്.സിക്ക് ചോദ്യം മലയാളത്തിൽ, പ്ലസ്ടു പരീക്ഷയിലും ഇതേ സ്ഥിതി. മലയാളത്തിനു പകരം കന്നട പഠിച്ചവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ആരും അറിയുന്നില്ല, ജില്ലയിലെ സർക്കാറോഫീസുകളിൽ കയറിയാൽ അന്യജില്ലക്കാരാണധികവും, നമ്മളെയും പരിഗണിക്കണം’’.

ശബരിമല സ്വാധീനിക്കുമോ?.....

സ്വാധീനിക്കുമെന്ന വാദങ്ങളെ എതിർത്ത് സംസാരിച്ചത് പെൺകുട്ടികളാണ്. ‘‘അതിലൊന്നും കാര്യമില്ല, വികസനം പറഞ്ഞ് വോട്ട് ചോദിക്കണം ജയിക്കണം, നമ്മളുടെ വോട്ടിലൊന്നും ശബരിമല വിഷയം സ്വാധീനിക്കുകയില്ല’’ -പെൺകുട്ടികൾ ഒന്നടങ്കം പറഞ്ഞു. ചർച്ച കുമ്പള ഐ.എച്ച്.ആർ.ഡി.യിലേക്ക് മാറ്റിയാലും വിദ്യാർഥികൾക്ക് ഇതിനോട് അഭിപ്രായവ്യത്യാസമില്ല. ‘‘വികസനമാണ് വേണ്ടത്, അല്ലാതെ ഇത്തരം വിഷയങ്ങളല്ല, ഓരോരുത്തരുടെയും വിശ്വാസങ്ങൾ വ്യത്യസ്തമാകും, ഞാൻ ശബരിമലയെ പവിത്രമായി കരുതുന്നയാളാണ്. ഇതൊന്നും തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ളതല്ല’’ -മാളവിക നിലപാട് വ്യക്തമാക്കി.

’’മതം പറഞ്ഞാണ് ഇത്രയുംകാലം ഈ മണ്ഡലത്തിൽ വോട്ട് പിടിച്ചത്. ഇതാണ് വികസനമുരടിപ്പിന് കാരണം. ശങ്കർറേയുടെ പഴയ ലേഖനം ഉയർത്തിക്കാട്ടി ഇപ്പോൾ പ്രചാരണം, ഇതൊക്കെ ഒഴിവാക്കി രാഷ്ട്രീയം പറഞ്ഞ്, വികസനം ചർച്ചചെയ്താകണം തിരഞ്ഞെടുപ്പ്’’- അഷ്മിലിന്റെ വാദത്തോട് ഭൂരിഭാഗത്തിനും യോജിപ്പ്.

11 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുമ്പള ഐ.എച്ച്.ആർ.ഡി.ക്ക് അതിൽനിന്നുള്ള ശാപമോക്ഷമാണ് ആവശ്യമെന്ന് വിദ്യാർഥികൾ ഒന്നടങ്കം പറയുന്നു. ‘‘മണ്ഡലത്തിലൊരു പോളിടെക്‌നിക് കോളേജ് വേണം, ഈ കോളേജിനൊരു പുതിയ കെട്ടിടം വേണം, നല്ലൊരു ആസ്പത്രി വേണം, ഇതൊക്കെയാണ് നമ്മുടെ പ്രാഥമികാവശ്യങ്ങൾ’ -മുഹാസ് പറയുന്നു.