മഞ്ചേശ്വരം: 2,14,810 വോട്ടർമാർ. 198 പോളിങ് ബൂത്തുകൾ. ഏഴ് സ്ഥാനാർഥികൾ. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമചിത്രം തെളിഞ്ഞു. വോട്ടറുടെ മനസ്സിൽനിന്ന് വിരൽത്തുമ്പിലൂടെ പുറത്ത് വരുന്ന തീരുമാനം തങ്ങൾക്കനുകൂലമാക്കാനുള്ള അടവുകളുമായി കളംനിറഞ്ഞോടുകയാണ് സ്ഥാനാർഥികൾ.

യു.ഡി.എഫിലെ എം.സി.ഖമറുദ്ദീനും എൽ.ഡി.എഫിലെ എം.ശങ്കർ റൈയും ബി.ജെ.പി.യിലെ രവീശതന്ത്രി കുണ്ടാറും ഇഞ്ചോടിഞ്ഞ് പോരടിക്കുന്ന അപൂർവ കാഴ്ച.

യു.ഡി.എഫ്. ആവനാഴിയിൽ വികസന മുരടിപ്പ്, അക്രമ രാഷ്ട്രീയം തുടങ്ങിയ ആയുധങ്ങൾ. വർഗീയത തടയാനുള്ള മരുന്ന് കോൺഗ്രസ് മാത്രമാണെന്നും അവർ. എല്ലാത്തിനും ചുക്കാൻ പിടിച്ച് മുൻ നിരയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. രാപകൽ ഖമറുദ്ദീനൊപ്പമുണ്ട്.

കോടികളുടെ കിഫ്ബി വികസന-ക്ഷേമ പദ്ധതികളും അഴിമതിരഹിത ഭരണവുമാണ് ഇടതുമുന്നണിയുടെ പ്രചാരണവിഷയങ്ങൾ. രാജ്യത്ത് പടരുന്ന വർഗീയതയെ ആത്മാർഥമായി ചെറുക്കാൻ തങ്ങളല്ലാതെ മറ്റാര് എന്ന് അവർ ചോദ്യമെറിയുന്നു. പ്രാദേശിക വികാരമാണ് ശങ്കർ റൈയുടെ മറ്റൊരു സുപ്രധാന ആയുധം.

കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുകയാണ് ബി.ജെ.പി.-എൻ.ഡി.എ. നേതാക്കൾ. ശബരിമലയിലെ യുവതീപ്രവേശവും അതിലെ എൽ.ഡി.എഫ്‌, യു.ഡി.എഫ്‌ നിലപാടുകളും തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. കഴിഞ്ഞ തവണത്തെ 89 വോട്ടിന്റെ മാത്രം തോൽവി അവരെ കടുത്ത പ്രയത്നത്തിന് പ്രേരിപ്പിക്കുന്നു.

ശക്തമായ ത്രികോണ മത്സരത്തിന് പേരുകേട്ട മണ്ഡലത്തിൽ പതിവുപോലെ ഇക്കുറിയും വോട്ടുകച്ചവടത്തിന്റെ കണക്കുകൾ നിരത്തിയാണ് നേതാക്കൾ പ്രചാരണത്തിന് തുടക്കമിട്ടത്. വരും ദിവസങ്ങളിൽ നേതാക്കളുടെ പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് മഞ്ചേശ്വരം.

എല്ലാം നിരീക്ഷണത്തിൽ

കാസർകോട്: മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിന് പൊതുനിരീക്ഷകയായി സുഷമ ഗൊഡ് ബൊലെ ചുമതലയേറ്റു. ബെംഗളൂരു അർബൻ സ്പെഷ്യൽ ഡെപ്യൂട്ടി കമ്മിഷണറാണ്.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ കാസർകോട് സി.പി.സി.ആർ.ഐ. ഗസ്റ്റ് ഹൗസിൽ (ചന്ദ്രഗിരി) സ്വീകരിക്കും. ഫോൺ: 7306617732. പുല്ലൂർ-പെരിയ കൃഷി ഓഫീസർ സി.പ്രമോദ് കുമാർ ലെയ്സൺ ഓഫീസറാണ്. ഫോൺ: 94472 37617.