ഞ്ചേശ്വരം: ''നല്ല റോഡുണ്ട്. പക്ഷെ, പോകാന്‍ ബസ്സില്ല'' -മഞ്ചേശ്വരം മണ്ഡലത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന വൊര്‍ക്കാടി ആനക്കല്ലിലെ മുഹമ്മദ് ഇര്‍ഷാദും അന്‍വറലിയും നാടിന്റെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്നു.

''ബസ്സിന്റെ കാര്യല്ലം അവര്ക്ക് തോന്നിയപോലെയാണ്. ചെലപ്പം രാവിലെ എല്ലം ഒന്നിച്ച് പോവും. പിന്നെ ഉച്ചയ്ക്കായിരിക്കും അട്ത്തത്. ചെലത് എടക്ക് ഓട്ടം നിര്‍ത്തും. ഞായറാഴ്ച ഏടേക്കെങ്കിലും പോകാന്‍ ബസ്സ് കാത്തിരിക്കാന്ന് ഈടെ ആരും ബിചാരിക്കലില്ല. എല്ലാ ബസ്സും കല്യാണട്രിപ്പടിക്കും. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണിവിടെ'' -പുരുഷോത്തമയ്ക്കും സമീറിനും ഷെഫീക്കിനും പറയാനുള്ളതും യാത്രാപ്രശ്‌നത്തെക്കുറിച്ചുതന്നെ.

വിട്ല, പുത്തൂര്‍, സുബ്രഹ്മണ്യ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ണാടക ബസ്സുകള്‍ കൃത്യമായി ആനക്കല്ല് ബസ്സ്റ്റാന്‍ഡില്‍ വന്നുപോകുന്നുണ്ട്. എന്നാല്‍, ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടേക്കും താലൂക്ക് ആസ്ഥാനമായ മഞ്ചേശ്വരത്തേക്കുമുള്ള ബസ്സുകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന് അതിര്‍ത്തിഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നു.

പാത്തൂര്‍ ബാക്രബയലില്‍നിന്ന് മംഗളൂരുവിലേക്കും തൊക്കോട്ടേക്കും ബസ്സുകള്‍ ഇഷ്ടംപോലെയുണ്ട്. കര്‍ണാടകമല്ലല്ലോ നമ്മളെ നാട്.

മഞ്ചേശ്വരത്തേക്ക് പോണങ്കിലും റിക്ഷ പിടിക്കണം -അറുപതുകാരന്‍ ഹമീദ് ഉള്ളിലുറയുന്ന ദേഷ്യം കടിച്ചമര്‍ത്തി പറഞ്ഞു.

മലയാളം പഠിക്കേണ്ടേ?

''നമ്മളെല്ലാം മലയാളികളല്ലേ? നമ്മക്കും മക്കോക്കും മലയാളം പഠിക്കേണ്ടേ?'' അതിര്‍ത്തിയില്‍ ആരോട് ചോദിച്ചാലും ഈ ചോദ്യം അവര്‍ തിരിച്ചുചോദിക്കും. ആനക്കല്ല് എ.യു.പി. സ്‌കൂളിലും ബാക്രബയല്‍ എ.യു.പി. സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നില്ല. അവിടെ പഠിക്കാന്‍ ആഗ്രഹമുള്ളവരില്ലാത്തതിനാലല്ല അത്. ഉറുദുവും അറബിയും സംസ്‌കൃതവുമുണ്ട്. നമ്മുടെ മാതൃഭാഷയായ മലയാളംമാത്രമില്ല. ഇതിലേതെങ്കിലും ഭാഷ മാറ്റി മലയാളം പഠിക്കാന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും ആരും അതിന് ചെവികൊടുക്കുന്നില്ലെന്നും ബാക്രബയലില്‍ തട്ടുകട നടത്തുന്ന അസൈനാറും നാട്ടുകാരന്‍ അബ്ദുള്‍റഹിമാനും പരാതിപ്പെടുന്നു.

മലയാളംപഠിക്കാത്ത നമ്മള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസില്‍പ്പോയി കാര്യങ്ങള്‍ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്ന അസൈനാറിന്റെ ചോദ്യത്തിന് ആര് ഉത്തരംനല്‍കും?

റേഷന്‍കടയില്ല

''ആധാര്‍ ലിങ്കുചെയ്താന്‍ രാജ്യത്തെവിടെനിന്നും റേഷന്‍ബാങ്ങാന്നല്ലെ പറയുന്നത്. നമ്മോ ആനക്കല്ലുകാര്‍ക്ക് റേഷന്‍ ബേണേങ്കില് നാല് കിലോ മീറ്ററ് അപ്രത്ത് ദൈഗോളിയില്‍ പോണം''-ഇര്‍ഷാദ് പ്രശ്‌നങ്ങള്‍ വിവരിക്കുന്നു. ''ദൈഗോളിയില്‍ രണ്ട് റേഷന്‍കടയുണ്ട്. അതിലൊന്ന് ഇങ്ങോട്ട് മാറ്റിയാല്‍ തീരുന്ന പ്രശ്‌നമാണിത്. എന്നാ ആര്‍ക്കും അത് തീര്‍ക്കാന്‍ മനസ്സില്ല'' -അദ്ദേഹം പറയുന്നു.

സ്‌കൂളും ബസ്സ്റ്റാന്‍ഡും പള്ളിയും കടകളുമുള്ള ആനക്കല്ല് കവലയില്‍ ഒരു ബാങ്ക്ശാഖപോലും ഇല്ല. രോഗംവന്നാല്‍ ചികിത്സിക്കാന്‍ ആസ്പത്രിയില്ല. എല്ലാകാര്യത്തിനും അഞ്ച് കിലോമീറ്റര്‍ അപ്പുറത്തെ മജീര്‍പ്പള്ളയെയും വൊര്‍ക്കാടിയെയും ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍.

കിട്ടാത്ത കുടിവെള്ളത്തിന് 13,000 രൂപയുടെ ബില്ല് വന്ന വേദനയും പറയാനുണ്ട് ഇവിടുത്തെ നാട്ടുകാര്‍ക്ക്. മാറ്റംവരേണ്ടതുണ്ട്. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പരസ്പരം തുറന്നുപറയാനും ആനക്കല്ലിലെ ചെറുപ്പക്കാര്‍ക്ക് ഒരുമടിയുമില്ല.

ഔട്ട് ഓഫ് കവറേജ്

അതിര്‍ത്തിഗ്രാമങ്ങളിലെ പ്രശ്‌നങ്ങളെപ്പറ്റി മുതിര്‍ന്നവര്‍ സംസാരിക്കുന്നതിനിടയില്‍ ചെറുപ്പക്കാരനായ മുഹമ്മദ് മുര്‍ഷിദ് ഇടപെട്ടു. ''കാര്യമായ മറ്റൊരുപ്രശ്‌നംകൂടിയുണ്ടിവിടെ. ഒരു മൊബൈല്‍ നെറ്റ്വര്‍ക്കും കിട്ടുന്നില്ല. രണ്ട് കിലോമീറ്റര്‍ അപ്പുറത്തുപോയാല്‍മാത്രമേ നെറ്റ് ഉപയോഗിക്കാനാകൂ. ബി.എസ്.എന്‍.എല്‍. ഒരു കട്ടവരും. അതുകണ്ട് വിളിക്കാമെന്നാരും കരുതേണ്ട. ലൈന്‍ കിട്ടുമ്പോളേക്കും ആ കട്ട മായും. വിളി കട്ടാകും. ടവറുകളില്ലാത്ത ഒരു കുന്നും അതിര്‍ത്തിയില്‍ നിങ്ങോക്ക് കാണാനാകില്ല. എന്നാല്‍, അതൊന്നും ഇന്നാട്ടുകാര്‍ക്ക് റേഞ്ച് കിട്ടാനല്ലെന്നാണ് തോന്നുന്നത്''-മുര്‍ഷിദ് ആ തലമുറയുടെ ബുദ്ധിമുട്ട് വിവരിക്കുകയാണ്.

ഇന്റര്‍ലോക്ക്കട്ട വിരിച്ച നടപ്പാതയും മിന്നുന്ന റോഡും

തട്ടുകടപോലുമില്ലാത്ത മൊട്ടക്കുന്നിലൂടെ ഇന്റര്‍ലോക്ക്കട്ടവിരിച്ച നടപ്പാതയും മിന്നുന്ന മെക്കാഡം റോഡും കാണണമെങ്കില്‍ മഞ്ചേശ്വരത്തിന്റെ അതിര്‍ത്തിഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍മതി. കുണ്ടും കുഴിയുമായ തലപ്പാടി-കാലിക്കടവ് ദേശീയപാതയുടെ കാര്യം പോകട്ടെ. ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടെ റോഡുപോലും നാണിച്ച് തലകുനിച്ചുപോകും അവയ്ക്ക് മുന്നില്‍. മികച്ച ഓവുചാലുകളും ആ റോഡുകളെ മറ്റൊരുതലത്തിലേക്ക് ഉയര്‍ത്തുന്നു. കുന്നുകള്‍ക്കരികിലൂടെ മികച്ച നിലവാരത്തില്‍ തയ്യാറാക്കിയ റോഡില്‍ വാഹനങ്ങള്‍ കൊക്കയിലേക്ക് തെന്നിപ്പോകാതിരിക്കാനുള്ള ഇരുമ്പിന്റെ വേലികള്‍വരെ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റക്കുറവുമാത്രമാണ് ആ നാട്ടുകാര്‍ക്ക് പറയാനുള്ളത്. നമ്മക്ക് പോകാന്‍ ബസ്സൊന്നുമില്ലപ്പാന്ന്.